ഹിന്ദി സംസ്ഥാനങ്ങളില്‍ ജാതി സ്വത്വ രാഷ്ട്രീയത്തെ പുനരാനയിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്നത്. യു.പിയിലും ബിഹാറിലും ബി.ജെ.പിക്ക് മുന്നില്‍ പിടിച്ചുനില്ക്കാന് അവര്‍ക്ക് മറ്റു പ്രത്യയശാസ്ത്ര ആയുധങ്ങളില്ല. തൊണ്ണൂറുകളില്‍ ഇന്ത്യയുടെ രാഷ്ട്രീയം നിര്‍ണയിച്ച മണ്ഡല് കാലമാണ് 2024 ലെ തെരഞ്ഞെടുപ്പില്‍ തിരിച്ചുവരവിനൊരുങ്ങുന്നത്. പിന്നോക്ക വോട്ടുബാങ്കില്‍ വലിയ കടന്നുകയറ്റം കടത്തിയ ബി.ജെ.പിയെ തടയാന്‍ മറ്റൊരു മാര്‍ഗവും അവര്‍ കാണുന്നുമില്ല.
ഈയിടെ രാഷ്ട്രീയ സ്വയംസേവക് സംഘ് തലവന്‍ മോഹന്‍ ഭാഗവത് ഹിന്ദു ഗ്രന്ഥങ്ങള്‍ അവലോകനം ചെയ്യാന്‍ ആഹ്വാനം ചെയ്തു. 'നേരത്തെ, ഞങ്ങള്‍ക്ക് തിരുവെഴുത്തുകള്‍ ഇല്ലായിരുന്നു; അത് വാമൊഴി പാരമ്പര്യത്തിലൂടെ കൈമാറ്റം ചെയ്യപ്പെട്ടതാണ്,' ഭഗവത് പറഞ്ഞു. 'പിന്നീട്, തിരുവെഴുത്തുകള്‍ വികസിപ്പിച്ചെടുത്തപ്പോള് സ്വാര്‍ത്ഥരായ ചിലര്‍ അവയില്‍ ചില തെറ്റായ കാര്യങ്ങള്‍ ചേര്‍ക്കുകയും ചെയ്തു.'
അദ്ദേഹം നേരിട്ട് പരാമര്‍ശിച്ചില്ലെങ്കിലും ഉത്തര്‍പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളില്‍ രാമചരിത മാനസത്തെച്ചൊല്ലി ചൂടേറിയ രാഷ്ട്രീയ യുദ്ധം നടക്കുന്ന സമയത്താണ് ഭാഗവതിന്റെ പരാമര്‍ശങ്ങള്‍ വന്നതെന്നതിനാല്‍ അതും ഉടനടി വിവാദം സൃഷ്ടിച്ചു. സംസ്കൃത ഇതിഹാസ കാവ്യമായ രാമായണത്തിന്റെ പുനരാഖ്യാനമാണ് രാമചരിത മാനസ്.
ജനുവരി ആദ്യം ബിഹാറിലെ വിദ്യാഭ്യാസ മന്ത്രിയും രാഷ്ട്രീയ ജനതാദള്‍ നേതാവുമായ ചന്ദ്രശേഖര്‍, രാമചരിത മാനസ് 'സമൂഹത്തില്‍ വിദ്വേഷം പരത്തുന്നു' എന്ന് പറഞ്ഞു. 'താഴ്ന്ന ജാതിക്കാര്‍ക്ക് വിദ്യാഭ്യാസം ലഭിക്കാന്‍ അനുവാദമില്ലായിരുന്നു, കീഴ്ജാതിക്കാര്‍ വിദ്യാഭ്യാസം നേടി വിഷലിപ്തമാകുമെന്ന് രാമചരിത മാനസില്‍ പറയുന്നു, പാല് കുടിച്ച ശേഷം പാമ്പ് മാറുന്നത് പോലെ,' ഇന്ത്യന്‍ എക്സ്പ്രസ് അദ്ദേഹത്തെ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു. മനുസ്മൃതിയും എം.എസ്. ഗോള്‍വാള്‍ക്കറുടെ ബഞ്ച് ഓഫ് തേട്സും താരതമ്യം ചെയ്തായിരുന്നു ഈ പരാമര്‍ശം.
മനുസ്മൃതി ഹിന്ദു നിയമവുമായി ബന്ധപ്പെട്ട പുരാതന ഗ്രന്ഥമാണ്. ജാതി സമത്വത്തിന്റെ വക്താക്കള്‍ അതിനെ ആക്രമിക്കുന്നു. 1927 ല്‍ ബി.ആര്. അംബേദ്കര്‍ തൊട്ടുകൂടായ്മക്കെതിരായ പ്രചാരണത്തിന്റെ ഭാഗമായി ഈ പുസ്തകം കത്തിച്ചു. ആര്.എസ്.എസിന്റെ രണ്ടാമത്തെ തലവനായ ഗോള്‍വാള്‍ക്കറുടെ ബഞ്ച് ഓഫ് തോട്സ് ഹിന്ദുത്വയുടെ ഏറ്റവും പ്രമുഖമായ പ്രത്യയശാസ്ത്ര ഗ്രന്ഥങ്ങളിലൊന്നാണ്.
ഈ വിവാദത്തിന് തൊട്ടുപിന്നാലെ, സമാജ്വാദി പാര്‍ട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യയും വിമര്‍ശവുമായി രംഗത്തെത്തി. ദളിതരെയും ആദിവാസികളെയും പിന്നോക്ക ജാതിക്കാരെയും 'ശൂദ്രര്‍' എന്ന് വിശേഷിപ്പിച്ച് 'അധിക്ഷേപിക്കുന്നു' എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഹിന്ദുമതത്തിന്റെ ചാതുര്‍വര്‍ണ്യ വ്യവസ്ഥയിലെ ഏറ്റവും താഴ്ന്ന നിരയാണ് ശൂദ്രര്‍.
മൗര്യയുടെ അഭിപ്രായത്തിന് പാര്‍ട്ടിയുടെ പിന്തുണയുണ്ടെന്ന് താമസിയാതെ വ്യക്തമായി. വിമര്‍ശനങ്ങള്‍ക്ക് ഇരയായപ്പോഴും സമാജ വാദി പാര്‍ട്ടി അദ്ദേഹത്തെ ദേശീയ ജനറല്‍ സെക്രട്ടറിയാക്കി. പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ഈ വിഷയം സ്വയം ഏറ്റെടുത്തു, രാമചരിത മാനസിന്റെ ഭാഗങ്ങള്‍ നിയമസഭയില്‍ ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്യാനും പാഠത്തില്‍ പരാമര്‍ശിക്കുന്ന 'ശൂദ്രര്‍' ആരാണെന്ന് വിശദീകരിക്കാനും മുഖ്യമന്ത്രി ആദിത്യനാഥിനോട് ആവശ്യപ്പെട്ടു.
പതിനാറാം നൂറ്റാണ്ടില്‍ ഗോസ്വാമി തുളസീദാസ് രചിച്ച രാമചരിത മാനസ് മധ്യകാല ഇന്ത്യയില്‍ രാമായണത്തിന്റെ പ്രാദേശിക ഭാഷ പുനരാഖ്യാനങ്ങളുടെ ഭാഗമായിരുന്നു. അക്കാലത്ത്, സംസ്കൃതത്തില്‍ എഴുതാത്തതിന്റെ പേരില്‍ തുളസിദാസിനെ ബ്രാഹ്മണര്‍ ആക്രമിച്ചു. തനിക്ക് ഭിക്ഷ കഴിച്ച് ജീവിക്കാനും പള്ളിയില്‍ ഉറങ്ങാനും കഴിയുമെന്ന് കവി പറഞ്ഞു. ഇത് അവധി ഭാഷയിലെ ഏറ്റവും വലിയ കൃതിയാണെന്ന് മാത്രമല്ല, അതിന്റെ സ്വാധീനം അവധ് അല്ലെങ്കില്‍ മധ്യ ഉത്തര്‍പ്രദേശിന് അപ്പുറത്തേക്കും വ്യാപിച്ചു. ഉത്തരേന്ത്യയിലുടനീളമുള്ള രാമചരിത മാനസ് മിക്ക ഹിന്ദുക്കള്‍ക്കും ബൈബിളിന് തുല്യമാണ്.
ഉത്തര്‍പ്രദേശിലെയും ബിഹാറിലെയും നേതാക്കള്‍ രാമചരിത മാനസിനെ വിമര്‍ശിക്കുന്നത് രാഷ്ട്രീയമായി ധീരമായ നടപടിയാണ്. ബി.ജെ.പിയുടെ ഹിന്ദുത്വത്തിനെതിരായ പ്രത്യയശാസ്ത്രപരവും തെരഞ്ഞെടുപ്പുപരവുമായ എതിര്‍പ്പെന്ന നിലയില്‍ സമാജ്വാദി, രാഷ്ട്രീയ ജനതാദള്‍ തുടങ്ങിയ പാര്‍ട്ടികള്‍ ജാതി സമത്വത്തിന്റെ രാഷ്ട്രീയത്തെ എത്രമാത്രം ആശ്രയിക്കുന്നുവെന്ന് ഇതിലൂടെ തിരിച്ചറിയാന്‍ സാധിക്കുന്നു.
രാമചരിത മാനസ് വിവാദം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ്, ബിഹാര്‍ സര്‍ക്കാര്‍ ജാതി സെന്‍സസ് ആരംഭിച്ചിരുന്നു.
കൊളോണിയല്‍ കാലഘട്ടത്തിലെ സെന്‍സസില്‍ ജാതി പതിവായി കണക്കാക്കിയിരുന്നു. സ്വാതന്ത്ര്യാനന്തരം ഈ സമ്പ്രദായം ഉപേക്ഷിച്ചു, ഇത് പിന്നോക്ക ജാതി നേതാക്കന്മാര്ക്ക് അരോചകമായി. ജാതി അളക്കാതെ, ഇന്ത്യന്‍ ഭരണകൂടത്തിന് അതിന്റെ ക്ഷേമപരമായ പങ്ക് ശരിയായി നിറവേറ്റാന്‍ കഴിയുന്നില്ലെന്നും അങ്ങനെ ചെറിയൊരു വിഭാഗം ഉയര്‍ന്ന ജാതിക്കാര്‍ക്ക് ആനുപാതികമല്ലാത്ത ആനുകൂല്യങ്ങളുടെ വിഹിതം നല്കാന് അനുവദിക്കുകയാണെന്നും അവര്‍ ആരോപിച്ചു. മോഡി സര്‍ക്കാര്‍ 2019 ല്‍ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന ജാതിക്കാര്‍ക്കായി ക്വാട്ട ഏര്‍പ്പെടുത്തിയതും 2022 ല്‍ സുപ്രീം കോടതി അത് ശരിവെച്ചതും ഈ വാദത്തെ കൂടുതല്‍ ഊര്‍ജസ്വലമാക്കി.
രാമചരിത മാനസ് മുതല്‍ ജാതി സെന്‍സസ് വരെ ബി.ജെ.പിയെ നേരിടാനുള്ള മാര്‍ഗമെന്ന നിലയില്‍ പ്രതിപക്ഷം വീണ്ടും പിന്നോക്ക ജാതി സ്വത്വ രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായാണ് ഇതിലൂടെ വ്യക്തമാകുന്നത്.
മോഡിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പിയുടെ ഏറ്റവും വലിയ വിജയങ്ങളിലൊന്ന് ഹിന്ദുത്വയുടെ വലിയ കുടക്കീഴില് ഹിന്ദി ബെല്‍റ്റ് സംസ്ഥാനങ്ങളില്‍ ഒരു വലിയ പിന്നോക്ക വിഭാഗ വോട്ട് ബാങ്ക് സൃഷ്ടിച്ചതാണ്. 2002 ല്‍ രാഷ്ട്രീയ സൈദ്ധാന്തികനായ കാഞ്ച ഇളയ്യ ഗുജറാത്തിലെ ഒ.ബി.സി മുഖ്യമന്ത്രിയായ നരേന്ദ്ര മോഡി ഒരു ദിവസം ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് പ്രവചിച്ചിരുന്നു. ആ സമയത്ത്, മോഡി തന്റെ സംസ്ഥാനത്ത് വര്‍ഗീയ കലാപത്തിന്റെ പേരില്‍ പ്രതിക്കൂട്ടിലായിരുന്നു. എന്നിട്ടും അദ്ദേഹം ഈ പ്രവചനം നടത്തിയത് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ നേതൃത്വത്തിലുള്ള സംഘപരിവാര്‍, ഒ.ബി.സി വിഭാഗങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു എന്ന വസ്തുത മനസ്സിലാക്കിയാണ്. ഒരു ദശാബ്ദം കഴിഞ്ഞപ്പോള്‍ ഇളയയുടെ പ്രവചനം സത്യമായി, മോഡി പ്രധാനമന്ത്രിയായി.
2014 മുതല്‍ ബി.ജെ.പിയുടെ ശ്രദ്ധേയമായ ആധിപത്യത്തിന്റെ ഭൂരിഭാഗവും ഒ.ബി.സികളാണ്, പ്രത്യേകിച്ച് ഹിന്ദി ബെല്‍റ്റില്‍. ഉദാഹരണത്തിന്, തൊഴിലാളിവര്‍ഗ പശ്ചാത്തലത്തില്‍ നിന്നുള്ളയാളാണെന്നും ചായ വില്‍ക്കുന്നയാളാണെന്നും അവകാശവാദം ഉന്നയിച്ചുകൊണ്ട് മോഡി തന്റെ ജാതി പശ്ചാത്തലം ഉയര്‍ത്തിക്കാട്ടി. 'ഇന്ത്യന്‍ തെരുവുകളില്‍ ആരാണ് ചായ വില്‍ക്കുക? കൂടുതലും പിന്നോക്ക വിഭാഗങ്ങളും മുസ്ലിംകളും' -ഇളയ വിശദീകരിച്ചു. ദളിതര്‍ ചായ വിറ്റാല്‍ ആരും കുടിക്കില്ല. ഇപ്പോഴും ഗ്രാമങ്ങളിലെ സ്ഥിതി അതാണ്. ബ്രാഹ്മണരോ ബനിയകളോ ചായ വില്‍ക്കുന്നില്ല. അപ്പോള്‍ ആരാണ് ഈ ചായ്വാല? ചായ്വാല ഒരു പിന്നോക്ക ജാതിക്കാരനാണ്.
ഇത് ഉപയോഗിച്ച്, ചരിത്രപരമായി 'ബ്രാഹ്മണ-ബനിയ' പാര്‍ട്ടിയായി കണ്ടിരുന്ന ബി.ജെ.പിയെ ഒ.ബി.സികളില്‍നിന്ന് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയ ഒന്നാക്കി മോഡി മാറ്റി. ഉത്തര്‍പ്രദേശ് പോലുള്ള നിര്‍ണായക സംസ്ഥാനങ്ങളില്‍ ബ്രാഹ്മണരുടെയും ബനിയകളുടെയും അതേ അനുപാതത്തിലാണ് ഒ.ബി.സി വിഭാഗങ്ങള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നതെന്ന് കണക്കുകള്‍ കാണിക്കുന്നു.
1990 കളുടെ തുടക്കത്തില്‍, ഹിന്ദി ബെല്‍റ്റ് രാഷ്ട്രീയം പലപ്പോഴും 'മണ്ഡലം വേഴ്സസ് കമണ്ഡലം' എന്ന വാചകം ഉപയോഗിച്ചാണ് വിവരിച്ചിരുന്നത്. ആദ്യത്തേത് ഒ.ബി.സി ക്വാട്ടക്കായുള്ള മണ്ഡല് കമ്മീഷനെ സൂചിപ്പിക്കുന്നു, രണ്ടാമത്തേത് ഹിന്ദു ദേശീയതയുടെ പ്രതീകമായ, ഹിന്ദു സന്ന്യാസിമാര്‍ കൈയില്‍ കരുതുന്ന ഒരു വെള്ളപ്പാത്രത്തെ സൂചിപ്പിക്കുന്നു. എന്നാല്‍ മോഡിയുടെ കീഴില്‍ ബി.ജെ.പി മണ്ഡലത്തെയും കമണ്ഡലത്തെയും സംയോജിപ്പിച്ചു.
സമാജ്വാദി, രാഷ്ട്രീയ ജനതാദള്‍ തുടങ്ങിയ പിന്നോക്ക വിഭാഗ പാര്‍ട്ടികള്‍ക്ക് ഇത് തിരിച്ചടിയായി. അതിനാല്‍ ബി.ജെ.പിയുടെ ഒ.ബി.സി വോട്ട് ബാങ്ക് തകര്‍ക്കാനുള്ള ഒരു മാര്‍ഗമായി ജാതി സ്വത്വ രാഷ്ട്രീയത്തെ ശക്തമായി തിരിച്ചുകൊണ്ടുവരണമെന്ന് അവര്‍ മനസ്സിലാക്കുന്നു.
ഒ.ബി.സി സമുദായങ്ങളില്‍ ഹിന്ദുത്വ രാഷ്ട്രീയം ആഴത്തിലുള്ള കടന്നുകയറ്റം നടത്തിയിട്ടുണ്ട്. 1990 കളിലേക്ക് മടങ്ങിപ്പോകുക എളുപ്പമുള്ള കാര്യമല്ലെങ്കിലും പ്രതിപക്ഷത്തിന് ഹിന്ദി സംസ്ഥാനങ്ങളില്‍ ഉള്ള ഒരേയൊരു പ്രത്യയശാസ്ത്ര ആയുധമായതിനാല്‍ അവര്‍ അതിന് മുന്‍തൂക്കം നല്കുന്നതില് അതിശയിക്കാനില്ല.