Sorry, you need to enable JavaScript to visit this website.

ബ്ലാസ്‌റ്റേഴ്‌സ്, ഇനിയെന്ത്?

ബ്‌ലാസ്‌റ്റേഴ്‌സ് കളിക്കാരെ കോച്ച് ഇവാൻ വുകൂമനോവിച് പുറത്തേക്ക് വിളിക്കുന്നു.

മാർച്ച് 3, വെള്ളിയാഴ്ച രാത്രി 10.50. ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നിന്നിറങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകൂമനോവിച് ടീം ബസിലേക്കുള്ള ഏതാനും ചുവടുകൾ മുന്നോട്ടു വെക്കുകയായിരുന്നു. കോച്ചിനെ കണ്ടതും ചുറ്റും കരഘോഷം മുഴങ്ങി. ടീം അംഗങ്ങൾ ഓരോരുത്തരായി മുന്നേറവേ മഞ്ഞ ജഴ്‌സിയിൽ ബംഗളൂരുവിൽ ഐ.എസ്.എൽ പ്ലേഓഫ് കാണാനെത്തിയ നൂറുകണക്കിനാളുകൾ ബ്ലാസ്റ്റേഴ്‌സ്, ബ്ലാസ്റ്റേഴ്‌സ് എന്നാർത്തു വിളിച്ചു. കോച്ചിനെ കണ്ടതോടെ ആവേശം പാരമ്യത്തിലെത്തി. ഇവാാൻ, ഇവാാൻ വിളികൾ അന്തരീക്ഷത്തിൽ അലയടിച്ചു. ബസിൽ കയറിയ കോച്ച് പതിവ് ശൈലിയിൽ മുഷ്ടി ചുരുട്ടിക്കാട്ടി, തംസ്അപ് ചിഹ്നം കാണിച്ചു. പിറ്റേന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ടീം തിരിച്ചെത്തിയപ്പോൾ ആവേശം അതിരു കടന്നു. വൂകൂമനാശാന് കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകർക്കിടയിലെ അംഗീകാരം പ്രകടമാണ്. ഐ.എസ്.എല്ലിലെ ഏറ്റവും ജനപ്രിയ ടീമാണ് ബ്ലാസ്റ്റേഴ്‌സ്. 
ഐ.എസ്.എൽ അധികൃതരെ ഭയപ്പെടുത്തുന്നതും ഈ പിന്തുണയാണ്. ബംഗളൂരുവിനെതിരായ പ്ലേഓഫിൽ എക്‌സ്ട്രാ ടൈമിൽ കളി പൂർത്തിയാക്കാതെയാണ് ബ്ലാസ്റ്റേഴ്‌സ് മടങ്ങിയത്. അവർക്കെതിരെ കടുത്ത നടപടി എടുത്തില്ലെങ്കിൽ മാനം കെടുന്നത് ഐ.എസ്.എല്ലും അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷനുമാണ്. നടപടിയെടുത്താൽ ആരാധക രോഷം അതിരു കടക്കുമോയെന്ന് അവർ ഭയക്കുന്നു. ഇത്ര നിരുത്തരവാദപരമായാണ് വുകൂമനോവിച് ഐ.എസ്.എൽ പ്ലേഓഫിൽ ടീമിനെ തിരിച്ചുവിളിച്ചത്. ഒരു പ്രധാന കായികമേളയിൽ ഉത്തരവാദപ്പെട്ട കോച്ച് ചെയ്യാൻ മടിക്കുന്ന പ്രവൃത്തിയാണ് അത്. 
ഐ.എസ്.എൽ ഫുട്‌ബോളിന്റെ സെമിഫൈനൽ പ്ലേഓഫിലാണ് വുകൂമനോവിച്ചിന്റെ പരസ്യമായ 'ധിക്കാരം'. നടപടിയെക്കുറിച്ചാലോചിക്കാൻ എ.ഐ.എഫ്.എഫ് അച്ചടക്ക സമിതി തിങ്കളാഴ്ച അടിയന്തര യോഗം വിളിച്ചു. കടുത്ത നടപടി എടുത്തില്ലെങ്കിൽ മുഖം നഷ്ടപ്പെടുക ഐ.എസ്.എൽ അധികൃതർക്കും എ.ഐ.എഫ്.എഫിനുമാണ്. ആദ്യ പടിയെന്ന നിലയിൽ കളി ബഹിഷ്‌കരിച്ചതിനെതിരെ ബ്ലാസ്റ്റേഴ്‌സിന് നോട്ടീസ് നൽകി. അതിന്റെ മറുപടി നൽകുന്ന മുറക്കാണ് കൂടുതൽ ശിക്ഷ പ്രഖ്യാപിക്കുക. പത്തു ദിവസമെങ്കിലുമെടുക്കും വിചാരണ നടപടി പൂർത്തിയാവാൻ.
മത്സരം വീണ്ടും കളിക്കണമെന്നും റഫറിക്കെതിരെ നടപടിയെടുക്കണമെന്നുമുള്ള ബ്ലാസ്റ്റേഴ്‌സിന്റെ അപ്പീൽ തളളി. ബ്ലാസ്‌റ്റേഴ്‌സിനെതിരായ നടപടി ഇതിലൊതുങ്ങില്ല. ചുരുങ്ങിയത് ആറു ലക്ഷം രൂപ പിഴയും പരമാവധി ടീമിന് വിലക്കും വരാവുന്ന വിധത്തിൽ ബ്ലാസ്റ്റേഴ്‌സിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. 
നിശ്ചിത സമയത്ത് ഗോൾ പിറക്കാതിരുന്ന മത്സരത്തിൽ എക്‌സ്ട്രാ ടൈമിലായിരുന്നു വിവാദ ഗോൾ. ബ്ലാസ്റ്റേഴ്‌സ് ബോക്‌സിനു മുന്നിൽ കിട്ടിയ ഫ്രീകിക്ക് തിടുക്കത്തിൽ ബംഗളൂരുവിന്റെ സുനിൽ ഛേത്രി ഗോളാക്കുകയായിരുന്നു. ഫ്രീകിക്കിൽ പ്രതിരോധ മതിൽ എവിടെയാണ് നിൽക്കേണ്ടതെന്ന് നിശ്ചയിക്കാൻ റഫറി ഒരുങ്ങുന്നതിനിടയിലാണ് വിസിൽ പോലും മുഴക്കാതെ ഛേത്രി കിക്കെടുത്തതെന്നാണ് ബ്ലാസ്‌റ്റേഴ്‌സ് വാദിക്കുന്നത്. റഫറി ക്രിസ്റ്റൽ ജോണിന്റെ നടപടി തെറ്റാണെന്നും അതിനാൽ കളി വീണ്ടും നടത്തണമെന്നുമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ആവശ്യം. ഇത് എ.ഐ.എഫ്.എഫ് തള്ളി. റഫറിയുടെ തീരുമാനം അന്തിമമാണെന്ന് അവർ പ്രഖ്യാപിച്ചു. 
ഫ്രീകിക്ക് എപ്പോൾ എടുക്കണമെന്നത് അറ്റാക്കിംഗ് ടീമിന്റെ വിവേചനാധികാരമാണെന്നാണ് ഫുട്‌ബോൾ നിയമം. അതിന് വിസിൽ വിളിക്കുകയോ, പ്രതിരോധ മതിൽ ഒരുക്കാൻ കാത്തുനിൽക്കുകയോ ചെയ്യേണ്ടതില്ല. എന്നാൽ റഫറി പ്രതിരോധ മതിൽ എവിടെ വേണമെന്ന് നിശ്ചയിക്കുകയും ഗോളി പ്രഭ്‌സുഖൻ സിംഗ് സ്വന്തം കളിക്കാർക്ക് നിർദേശം നൽകിക്കൊണ്ടിരിക്കുകയും ചെയ്യുന്നതിനിടയിൽ ഫ്രീകിക്ക് എടുത്തത് അംഗീകരിക്കാനാവില്ലെന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ വാദം. മാത്രമല്ല, അഡ്രിയൻ ലൂണയോട് മാറിനിൽക്കാൻ റഫറി നിർദേശിച്ചിരുന്നു. പ്രതിരോധ മതിൽ കെട്ടിയ ശേഷമേ കളി പുനരാരംഭിക്കൂ എന്ന സൂചനയാണ് അതെന്ന് ബ്ലാസ്റ്റേഴ്‌സ് പറയുന്നു. എന്നാൽ ലൂണ തടുക്കാൻ ശ്രമിച്ചത് ഫ്രീകിക്ക് നിയമപരമായിരുന്നു എന്നതിന്റെ തെളിവാണെന്നാണ് എ.ഐ.എഫ്.എഫ് വിശദീകരിച്ചത്. 26 മിനിറ്റ് കളി ബാക്കിയുണ്ടായിട്ടും ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകൂമനോവിച് കളിക്കാരെ പിൻവലിക്കുകയായിരുന്നു. ഇന്ത്യൻ ഫുട്‌ബോൾ ചരിത്രത്തിൽ ഇത്തരമൊരു സംഭവം ആദ്യമാണ്. 
അടുത്ത സീസണിൽ പോയന്റ് വെട്ടിക്കുറക്കുക, കനത്ത പിഴയിടുക, കേന്ദ്ര വരുമാനത്തിൽ നിന്നുള്ള 1.6 കോടി രൂപ തടഞ്ഞുവെക്കുക, കോച്ചിന് സസ്‌പെൻഷൻ നൽകുക തുടങ്ങിയ ഏതെങ്കിലും നടപടിക്കാണ് സാധ്യത. ഏറ്റവും ജനപ്രിയ ടീമായ ബ്ലാസ്റ്റേഴ്‌സിനെ വിലക്കാനുള്ള സാധ്യത വിരളമാണ്.
ബ്ലാസ്റ്റേഴ്‌സ് ടീം കളം വിടുമ്പോൾ 20 മിനിറ്റിലേറെ കളി ബാക്കിയുണ്ടായിരുന്നു. ബംഗളൂരു ടീം മറ്റെല്ലാവരെയും പോലെ അമ്പരപ്പോടെ അത്രയും സമയം ഗ്രൗണ്ടിലിരുന്നു. 96 ാം മിനിറ്റിൽ ഛേത്രിയുടെ ഫ്രീകിക്ക് ഗോളായപ്പോൾ തന്നെ ടച്ച്‌ലൈനിൽ രോഷാകുലനായിരുന്നു. എതിർപ്പ് അവഗണിച്ച് റഫറി ഗോൾ ശരിവെച്ചപ്പോൾ അദ്ദേഹം ഗ്രൗണ്ടിലേക്കിറങ്ങി. കൈവീശി കളിക്കാരെ തിരിച്ചുവിളിച്ചു. 
ഇതൊന്നുമറിയാതെ ക്യാപ്റ്റൻ അഡ്രിയൻ ലൂണ പന്തുമായി സെന്റർ സർക്കിളിലെത്തിയിരുന്നു. മറുപടി ഗോളിനായി എത്രയും പെട്ടെന്ന് കിക്കോഫിനുള്ള ശ്രമത്തിലായിരുന്നു. പക്ഷേ വുകൂമനോവിച് വിട്ടുകൊടുക്കാനുള്ള ഭാവത്തിലല്ലായിരുന്നു. ആതിഥേയ കാണികളുടെ കൂവലുകൾക്കിടെ, സന്ദർശക കാണികളുടെ കൈയടികൾക്കിടെ അദ്ദേഹം കളിക്കാരെയും തെളിച്ച് ഗ്രൗണ്ട് വിട്ടിറങ്ങി. അവിശ്വസനീയ കാഴ്ചയായിരുന്നു അത്. 
വുകൂമനോവിച് എത്തിയതു മുതൽ കളിക്കാരും കാണികളും ചാനലുകളും കോച്ചിംഗ് സ്റ്റാഫും എന്തിന് സ്‌പോൺസർമാർ വരെ ഇവാനിസത്തിൽ വീണിരുന്നു. കഴിഞ്ഞ സീസണിൽ വാലറ്റത്തു നിന്ന് ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനലിലേക്ക് നയിച്ചതോടെ ആരാധകരുടെ സ്‌നേഹം മൂത്തു. കേറി വാടാ മക്കളേ എന്ന വിളിയിൽ ആയിരങ്ങൾ ഗോവയിലേക്ക് വണ്ടി കയറി. ഇത്തവണ പ്രി സീസൺ മത്സരങ്ങൾക്കായി എത്തിയപ്പോൾ വൻ വരവേൽപായിരുന്നു. ഓരോ മത്സരത്തിലും കളിക്കാരേക്കാൾ കൂടുതൽ ആരവം വുകൂമനോവിച്ചിനെ പേര് വിളിച്ചായിരുന്നു. മറ്റൊരു കോച്ചിനും സാധിച്ചിട്ടില്ലാത്ത വിധത്തിൽ ആരാധകരുമായും കളിക്കാരുമായും അദ്ദേഹം ആത്മബന്ധം വളർത്തി. നിർഭയമായ അതിവേഗ വൺ ടച്ച് ഫുട്‌ബോൾ ബ്ലാസ്‌റ്റേഴ്‌സിന്റെ ശൈലിയായി. ഈ ബഹളങ്ങൾക്കിടയിൽ അദ്ദേഹം എന്നും സംയമനം കാത്തു. ടച്ച്‌ലൈനിന് പുറത്ത് ക്ഷോഭം കൊണ്ട് വിറക്കുന്ന കോച്ച് ഗ്രൗണ്ടിനു പുറത്ത് ശാന്തനായിരുന്നു. അവസാനമായി ഗ്രൗണ്ടിലിറങ്ങിയത് രോഷാകുലനായ കെ.പിരാഹുലിനെ തണുപ്പിക്കാനായിരുന്നു. അതുകൊണ്ടാണ് വെള്ളിയാഴ്ചയിലെ സംഭവങ്ങൾ ഏവരെയും അമ്പരപ്പിച്ചത്. ബ്ലാസ്റ്റേഴ്‌സ് ആക്രമിക്കുന്ന സമയത്തായിരുന്നു ബംഗളൂരുവിന്റെ ഗോൾ. തിരിച്ചടിക്കാൻ എല്ലാ സാധ്യതയുമുണ്ടായിരുന്നു. മത്സര ശേഷം പതിവ് പത്രസമ്മേളനത്തിന് വുകൂമനോവിച് വന്നില്ല. ഇതുവരെ പ്രതികരിച്ചില്ല. എന്താണ് അദ്ദേഹം ചിന്തിക്കുന്നത്? ആർക്കുമറിയില്ല. ബ്ലാസ്റ്റേഴ്‌സ് പരസ്യ പ്രതികരണം നടത്തിയിട്ടില്ല. തീർച്ചയായും കോച്ചും ടീമും കടലിനും ചെകുത്താനുമിടയിലാണ്. കോച്ചിനെതിരെ നടപടിയെടുക്കാൻ ബ്ലാസ്റ്റേഴ്‌സ് നിർബന്ധിതമാവുമോ, ബ്ലാസ്‌റ്റേഴ്‌സിനെ പുറത്താക്കാൻ ഐ.എസ്.എൽ ധൈര്യം കാണിക്കുമോ? ആരാധകരുടെ പിന്തുണ കോച്ചിനാണെന്നുറപ്പാണ്. പക്ഷേ അതുകൊണ്ടായില്ല. റഫറിയുടെ തീരുമാനങ്ങൾക്കെതിരെ മറ്റു ടീമുകളും കോച്ചുമാരും ഇതുപോലെ പ്രതികരിച്ചാൽ കളിയുടെ അവസ്ഥ എന്താവുമെന്ന ഭയം അന്തരീക്ഷത്തിലുയർന്നു നിൽക്കുന്നു. അധികൃതരെയും കുഴക്കുന്നത് അതാണ്. 

Latest News