ന്യൂദല്‍ഹി: കുട്ടിക്കാലത്ത് പിതാവില്‍ നിന്ന് ഏല്‍ക്കേണ്ടി വന്ന ലൈംഗിക പീഡനം തുറന്ന് പറഞ്ഞ് ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍. കുട്ടിയായിരുന്നപ്പോള്‍ പിതാവ് ക്രൂരമായി മര്‍ദ്ദിക്കുകയും ലൈംഗിക ചൂഷണം നടത്തുകയും ചെയ്തതായി സ്വാതി മാലിവാള്‍ വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം നടി ഖുശ്ബുവും കുട്ടിക്കാലത്ത് പിതാവില്‍ നിന്നുണ്ടായ പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. പിതാവ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്നാണ് സ്വാതി പറയുന്നത്. അദ്ദേഹത്തെ പേടിച്ച് താന്‍ കട്ടിലിനടിയില്‍ ഒളിക്കുമായിരുന്നു. നാലാം ക്ലാസ് വരെ പിതാവിനൊപ്പം കഴിഞ്ഞ കാലത്താണ് പ്രധാനമായും ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നത്. പലപ്പോഴും രക്തം വരുന്നത് വരെ തന്റെ തല ചുമരില്‍ ഇടിപ്പിക്കുമായിരുന്നു. വലിയ ക്രൂരതകളാണ് അദ്ദേഹം കാണിച്ചത.് ഇത്തരം പീഡനങ്ങള്‍ നടത്തുന്ന പുരുഷന്‍മാരെ പാഠം പഠിപ്പിക്കണമെന്ന് കുട്ടിക്കാലത്ത് തന്നെ മനസ്സില്‍ തോന്നിയിരുന്നു. ഖുശ്ബുവിന്റെ അനുഭവവും വളരെ ക്രൂരമാണന്ന് സ്വാതി മാലിവാള്‍ പറഞ്ഞു.