Sorry, you need to enable JavaScript to visit this website.

വിജേഷ് പിള്ളക്കൊപ്പം ഹോട്ടലിൽ മറ്റൊരാൾ; അജ്ഞാതൻ ആരെന്ന് സ്വപ്ന

ബംഗളൂരു- തന്നെ ഭീഷണിപ്പെടുത്തുകയും പ്രലോഭിപ്പിക്കുകയും കേസിൽനിന്ന് പിൻവാങ്ങാൻ കോടികൾ വാഗ്ദാനം ചെയ്തുവെന്നുമുള്ള സ്വപ്‌ന സുരേഷിന്റെ പരാതിയിൽ കർണാടക പോലീസ് നടപടികൾ സ്വീകരിച്ചു. വിജേഷ് പിള്ളക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത പോലീസ് വിജേഷ് താമസിച്ചിരുന്ന ഹോട്ടലിൽ പരിശോധന നടത്തി. വിജേഷ് പിള്ളയോടൊപ്പം മറ്റൊരാളും താമസിച്ചിരുന്നു എന്ന് ഹോട്ടൽ മാനേജ്‌മെന്റ് പോലീസിനെ അറിയിച്ചു. സ്വപ്‌ന സുരേഷ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വിജേഷ് പിള്ളയുടെ കൂടെ താമസിച്ചിരുന്ന അജ്ഞാതൻ ആരാണെന്നും സ്വപ്ന ചോദിച്ചു. അതേസമയം, 
മുഖ്യമന്ത്രിക്കും കുടുംബത്തിനും മകൾക്കുമെതിരായ ആരോപണത്തിൽനിന്ന് പിൻവാങ്ങണമെന്നും ഇതിന് മുപ്പതു കോടി രൂപ പ്രതിഫലം വാഗ്ദാനം ചെയ്തുവെന്നും സ്വപ്‌ന സുരേഷ് കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചിരുന്നു. കേസുകളെല്ലാം പിൻവലിച്ച് ജയ്പൂരിലേക്കോ ഹരിയാനയിലേക്കോ മാറണമെന്ന് ആവശ്യപ്പെട്ടുവെന്നും സ്വപ്‌ന ആരോപിച്ചിരുന്നു.

സ്വപ്‌നയുടെ വാക്കുകൾ:

സ്വർണ്ണ കള്ളക്കടത്തുകാരിയായാണ് ഞാൻ അറിയപ്പെടുന്നത്. ഞാൻ അത്തരക്കാരിയല്ല. മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും മകളുടെയും ബിസിനസ് താൽപര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി എന്നെ കരുവാക്കുകയായിരുന്നു. ശിവശങ്കറും സി.എം രവീന്ദ്രനും എല്ലാം ഇതിന് കൂട്ടുനിന്നു. എന്നെ ഡി.ഐ.ജി അടക്കമുള്ളവർ പ്രയാസത്തിലാക്കി. ജയിലിൽ പ്രവേശിച്ച സമയത്ത് തന്നെ സത്യം വിളിച്ചുപറയാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ സാധിച്ചില്ല. ശിവശങ്കറിന്റെ കള്ളം പുറത്ത് അറിഞ്ഞതോടെയാണ് ഞാൻ സത്യം ലോകത്തോട് വിളിച്ചുപറയാൻ തുടങ്ങിയത്.
കണ്ണൂരിലെ വിജയ്പിള്ള എന്നയാൾ മൂന്നു ദിവസം മുമ്പ് ബംഗളൂരുവിൽ എത്തി. എന്നെ ഇന്റർവ്യൂ എടുക്കാൻ എന്ന് പറഞ്ഞാണ് വിളിച്ചത്. സ്വപ്‌ന സുരേഷിന് ഒരാഴ്ചത്തെ സമയം തരാം. ജയ്പൂരിലേക്കോ ഹരിയാനയിലേക്കോ മാറണം. എല്ലാ തെളിവുകളും കൈമാറണം. മുഖ്യമന്ത്രി, മകൾ, ഭാര്യ എന്നിവരുമായി ബന്ധപ്പെട്ട മുഴുവൻ തെളിവുകളും കൈമാറണം എന്നായിരുന്നു ആവശ്യം. തീരുമാനം അനുസരിച്ചില്ലെങ്കിൽ തീർത്തുകളയും എന്നാണ് ഭീഷണി. എല്ലാം അവസാനിപ്പിച്ച്, ജനങ്ങളോട് മാപ്പു പറയണം. ഒരു മാസത്തിനകം ഡ്യൂപ്ലിക്കേറ്റ് പാസ്‌പോർട്ട് ലഭിക്കും. മലേഷ്യയിലേക്കോ മറ്റേതെങ്കിലും രാജ്യത്തിലേക്കോ മാറണം. മുപ്പത് കോടിയാണ് വാഗ്ദാനം നൽകിയത്. അവിടെ എത്തി ജീവിതം കരുപ്പിടിപ്പിക്കാൻ സഹായിക്കും. എം.വി ഗോവിന്ദൻ എന്ന പാർട്ടി സെക്രട്ടറിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. എം.എ യൂസഫലിക്ക് വിവിധ എയർപോർട്ടുകളിൽ സ്വാധീനമുണ്ട്. അദ്ദേഹം യു.എ.ഇയിലെ സ്വാധീനം ഉപയോഗിച്ച് തന്നെ ഇല്ലാതാക്കും എന്നാണ് പറഞ്ഞത്. 
മരണം ഉറപ്പാണ് എന്നാണ് എനിക്ക് മനസിലാകുന്നത്. അവസാനം വരെ പോരാടാനാണ് തീരുമാനം. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതത്തെ ഇല്ലാതാക്കാനുള്ള വഴി സ്വീകരിച്ചിട്ടില്ല. സത്യം പുറത്തുവരുമ്പോൾ സന്തോഷമാണ്. ആദ്യം രണ്ടു ദിവസത്തെ സമയമാണ് കണ്ണൂരിൽനിന്നെത്തിയ വിജയ് പിള്ള നൽകിയത്. ഇയാളുടെ ചിത്രവും മറ്റു കാര്യങ്ങളും കർണാടക മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. 
മുഖ്യമന്ത്രിയുടെ മുഴുവൻ ബിസിനസ് സാമ്രാജ്യങ്ങളും പുറത്തുവിടും. എന്നെ തകർത്തുകളയാമെന്ന് വിചാരിക്കരുത്. മിനിയാന് രാത്രിയും വിജയ് പിള്ള വിളിച്ചിരുന്നു. ഇ.ഡി സമൻസ് അയച്ചിട്ടുണ്ടോ എന്ന് ചോദിച്ചാണ് വിളിച്ചത്. എന്നെ വിശ്വസിക്കുന്നവരോടും വിശ്വസിക്കാത്തവരോടും കള്ളക്കടത്തുകാരിയാണെന്ന് കരുതുന്നവരോടും മുഖ്യമന്ത്രിയോടും ഉറപ്പിച്ചു പറയുകയാണ്. ഒരിക്കലും പിറകോട്ട് പോകില്ല. ഗോവിന്ദൻ മാഷ്‌ക്ക് എന്നെ കൊല്ലണമെങ്കിൽ നേരിട്ടു വരാം. ഞാൻ ഒളിച്ചോടില്ല. എന്നെ വേണമെങ്കിൽ ജയിലിൽ ഇടാം. ഞാൻ ഇല്ലെങ്കിൽ എന്റെ കുടുംബം ഈ പോരാട്ടവുമായി മുന്നോട്ടുപോകും. ഇതിന്റെ അവസാനം കണ്ടേ അടങ്ങൂവെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. 

സ്വപ്‌ന പറയുന്നത് പച്ചക്കള്ളമെന്ന് വിജേഷ് പിള്ള

നിയമനടപടി സ്വീകരിക്കുമെന്ന് എം.വി ഗോവിന്ദൻ
ഡി.ജി.പിക്ക് പരാതി നൽകി

കൊച്ചി- സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ഉന്നയിച്ച പുതിയ ആരോപണത്തിൽ രണ്ടാം ദിവസവും കേരളത്തിൽ വിവാദം. സ്വപ്‌നയുടെ ആരോപണത്തിൽ ഇതാദ്യമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രതികരിച്ചു. സ്വപ്നക്ക് എതിരെ ഒന്നല്ല, ആയിരം കേസ് കൊടുക്കാനും പാർട്ടിക്ക് സാധിക്കുമെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. സ്വപ്‌ന പറഞ്ഞത് കള്ളമാണെന്നും കണ്ണൂരിൽ പിള്ളമാരില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി.  
എം.വി ഗോവിന്ദനെയെന്നല്ല, സി.പി.എമ്മിന്റെ ഒരു ലോക്കൽ സെക്രട്ടറിയെ പോലും തനിക്കറിയില്ലെന്നും സ്വപ്‌നാ സുരേഷ് പറയുന്നത് പച്ചക്കള്ളമാണെന്നും സ്വപ്‌ന ആരോപണം ഉന്നയിച്ച വിജേഷ് പിള്ള മാധ്യമ പ്രവർത്തകരോട് പറഞ്ഞു. വിജേഷ് പിള്ളയെ കൊച്ചയിൽ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു. 
തനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ല. ഹിന്ദു വിശ്വാസിയായതിനാൽ ബി.ജെ.പിയോട് താൽപര്യമുണ്ട്. സ്വപ്‌ന പറയുന്നതെല്ലാം സത്യമാണെന്നാണ് ഇക്കാലമത്രയും വിശ്വസിച്ചിരുന്നത്. അവർ എല്ലാം മാനിപ്പുലേറ്റ് ചെയ്യുകയാണെന്ന് ഇപ്പോഴാണ് മനസിലാകുന്നത്. സ്വപ്‌നക്കെതിരെ നിയമ നടപടിയെടുക്കുമെന്നും ഡി.ജി.പി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയതായും വിജേഷ് പിള്ള അറിയിച്ചു.
ബിസിനസ് ആവശ്യത്തിന് വിശാഖപട്ടണത്തേക്ക് പോകുന്ന വഴിയാണ് ഒരു ദിവസം ബംഗളൂരുവിൽ താമസിച്ച് സ്വപ്‌ന സുരേഷുമായി കൂടിക്കാഴ്ച നടത്തിയത്. താമസിച്ച ഹോട്ടലിന്റെ ലോബിയിലിരുന്നാണ് അവരുമായി സംസാരിച്ചത്. സ്വപ്‌നയുടെ മക്കളും സരിത്തും ഒപ്പമുണ്ടായിരുന്നു. ഒ.ടി.ടിയിൽ വെബ് സീരീസ് ചെയ്യുന്നതിൽ അവർ താൽപര്യം പ്രകടിപ്പിച്ചതിനാൽ അതിന്റെ ബിസിനസ് കാര്യങ്ങളാണ് ചർച്ച ചെയ്തത്. സ്ട്രീമിങ്ങിലൂടെ കിട്ടുന്ന ലാഭത്തിന്റെ 30 ശതമാനം സ്വപ്‌നക്ക് നൽകാമെന്നാണ് നൽകിയ ഓഫർ. സ്വപ്‌നയുടെ വെളിപ്പെടുത്തലുകൾ വെബ്‌സീരിസ് വൈറലാകാൻ സാധ്യതയുള്ളതിനാൽ ഇതിൽ നിന്ന് 100 കോടിയെങ്കിലും വരുമാനം ലഭിക്കുമെന്നും അതിൽ 30 കോടി രൂപ സ്വപ്നക്ക് ലഭിക്കുമെ്ന്നും പറഞ്ഞിട്ടുണ്ട്. തന്റെ ജീവൻ അപകടത്തിലാണെന്ന് സ്വപ്‌ന പറഞ്ഞപ്പോൾ ആ പണം കൊണ്ട് മലേഷ്യയിലോ മറ്റോ പോയി ജീവിക്കാമെന്നും പറഞ്ഞിട്ടുണ്ട്. 
വെബ് സീരീസിന്റെ സ്‌ക്രിപ്റ്റ് സ്വപ്‌ന തന്നെ തയ്യാറാക്കുമെന്നാണ് പറഞ്ഞത്. എന്നാൽ പറയുന്ന കാര്യങ്ങൾക്ക് ആധികാരികമായ തെളിവുകൾ ഉണ്ടാകണമെന്ന് താൻ നിർദേശിച്ചു. ഇതിന്റെ ചിത്രീകരണം ഹരിയാനയിൽ നടത്താമെന്ന് പറഞ്ഞത് തന്റെ ബിസിനസ് സൗകര്യം നോക്കിയാണ്. ഉപയോഗിച്ച വാഹനങ്ങളുടെ ബിസിനസ് നടത്തുന്ന തനിക്ക് ഹരിയാനയിൽ ഓഫീസ് ആരംഭിക്കാൻ നീക്കമുണ്ട്. അവിടെ തന്നെ ചിത്രീകരണവും നടത്താമെന്നാണ് ഉദ്ദേശിച്ചത്. 
കൂടിക്കാഴ്ചയിൽ താൻ പറയുന്നതെല്ലാം സ്വപ്‌ന ക്യാമറയിൽ പകർത്തുന്നുണ്ടെന്നോ റെക്കോഡ് ചെയ്യുന്നുണ്ടെന്നോ അറിഞ്ഞില്ല. തനിക്ക് ദുരുദ്ദേശ്യങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ സംഭാഷണങ്ങൾ റെക്കോഡ് ചെയ്തിട്ടില്ല. നേരിട്ട് സംസാരിക്കുമ്പോഴും ഫോണിൽ സംസാരിച്ചപ്പോഴും ഫണ്ടിന്റെ കാര്യം ഇവർ ആവർത്തിച്ചു ചോദിച്ചിരുന്നു. ഫണ്ടിനെക്കുറിച്ച് ആവർത്തിച്ച് ചോദിച്ചത് സംഭാഷണം റെക്കോഡ് ചെയ്ത് പുറത്തുവിടുന്നതിനായിരുന്നുവെന്നാണ് ഇപ്പോൾ തോന്നുന്നത്. താനുമായുള്ള സംഭാഷണത്തിന്റെ റെക്കോർഡുകൾ ഉണ്ടെങ്കിൽ അത് മുഴുവനായി പുറത്തുവിടാൻ സ്വപ്‌ന തയ്യാറാകണം. തെളിവുകളുണ്ടെങ്കിൽ അത് മാധ്യമങ്ങൾക്ക് നൽകണം. സ്വപ്‌നയുടെ ഫോൺ സംഭാഷണങ്ങളും കൂടിക്കാഴ്ച നടന്ന ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളും പിടിച്ചെടുത്ത് പരിശോധിച്ചാൽ സ്വപ്‌ന പറയുന്നതെല്ലാം പച്ചക്കള്ളങ്ങളാണെന്ന് വ്യക്തമാകും. ഇക്കാര്യത്തിൽ ഏത് അന്വേഷണ ഏജൻസിയോടും സഹകരിക്കാൻ തയ്യാറാണെന്നും വിജേഷ് പിള്ള വ്യക്തമാക്കി.
വിജേഷ് പിള്ളയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഒന്നര മണിക്കൂർ ചോദ്യം ചെയ്തു. തന്റെ ഒ.ടി.ടി പ്ലാറ്റ്‌ഫോമിൽ സ്വപ്‌നയുടെ ജീവിതം വെബ് സീരീസായി ചെയ്യുന്നതിനെക്കുറിച്ചാണ് സ്വപ്‌നയുമായി ചർച്ച നടത്തിയതെന്നും ഇവർ പറയുന്ന മറ്റ് കാര്യങ്ങൾ പച്ചക്കള്ളങ്ങളാണെന്നും വിജേഷ് പിള്ള ഇ.ഡിയോട് വ്യക്തമാക്കി. എന്നാൽ ഇയാളുടെ സാമ്പത്തിക ഇടപാടുകൾ ദുരൂഹമാണെന്നാണ് ഇ.ഡിയുടെ പ്രാഥമിക വിലയിരുത്തൽ. ബിസിനസ് ബന്ധമുണ്ടായിരുന്ന പലരും ഇയാളുടെ സാമ്പത്തിക ഇടപാടുകളിലെ പ്രശ്‌നങ്ങളെ തുടർന്ന് ബന്ധം ഉപേക്ഷിക്കുകയായിരുന്നുവെന്നുമാണ് അന്വേഷണ ഏജൻസിക്ക് ലഭിച്ച വിവരം. ഇയാളുടെ സംഭാഷണങ്ങളടക്കം സ്വപ്‌ന നൽകിയ ഡിജിറ്റൽ തെളിവുകൾ ഇ.ഡി വിശദമായി പരിശോധിച്ചു വരികയാണ്. സ്വപ്‌ന സുരേഷുമായി ഒ.ടി.ടി പ്ലാറ്റ്‌ഫോമിനെക്കുറിച്ച് മാത്രമല്ല ഇയാൾ സംസാരിച്ചതെന്നാണ് സൂചന. 

വിജേഷ് പിള്ളയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുകയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിജേഷ് കൊയിലേത്ത് എന്ന മൊറാഴക്കാരനാണ് പിന്നീട് വിജേഷ് പിള്ളയാകുന്നത്. കണ്ണൂരിൽ പിള്ളമാരില്ലെന്ന് സി.പി.എം സ്വീകരിച്ചത് ചില ബിസിനസ് ലക്ഷ്യങ്ങളോടെയാണെന്ന് കരുതപ്പെടുന്നു. കൊച്ചിയിൽ ഡബ്ല്യൂ.ജി.എൻ ഇൻഫോടെക്, ആക്ഷൻ ഒ.ടി.ടി എന്ന സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം എന്നീ ബിസിനസുകളാണ് നടത്തുന്നതെന്നാണ് ഇയാൾ പറയുന്നത്. എന്നാൽ ഇയാളുടെ ബിസിനസ് ബന്ധങ്ങൾ കേരളത്തിന് പുറത്താണ്. ആന്ധ്രാ പ്രദേശിലേക്ക് അടിക്കടി യാത്ര ചെയ്യുന്ന വിജേഷ്, വിശാഖപട്ടണത്തേക്കുള്ള ഇത്തരമൊരു യാത്രക്കിടയിലാണ് സ്വപ്‌നയുമായി കൂടിക്കാഴ്ച നടത്തുന്നത്. ആന്ധ്രയിലെ ഇയാളുടെ ബിസിനസ് ബന്ധങ്ങൾ ഇ.ഡി അന്വേഷിക്കുന്നുണ്ട്. 
ഡബ്ല്യൂ.ജി.എൻ ഇൻഫോടെക് എന്ന സ്ഥാപനം ഇപ്പോൾ നിലവിലില്ലെന്നാണ് സൂചന. സ്വന്തമായി ഒരു വെബ്‌സൈറ്റ് പോലും ഈ ഐ.ടി കമ്പനിക്കില്ല. 2017ൽ വിജേഷ് കൊയിലോത്ത്, സാനിയോ അരൂജ എന്നിവർ ഡയറക്ടർമാരായി ആരംഭിച്ച കമ്പനിക്ക് ഒരു ലക്ഷം രൂപയുടെ ഷെയർ ക്യാപിറ്റലും ഒരു ലക്ഷം രൂപയുടെ പെയ്ഡപ്പ് ക്യാപറ്റലുകളുമുള്ളതായാണ് രേഖകളിലുള്ളത്. കളമശേരി ചങ്ങമ്പുഴ നഗറിലുള്ള ക്രെസൻസ് ടവറാണ് മേൽവിലാസം.  കെട്ടിടത്തിന് വാടക ഇനത്തിൽ ലഭിക്കാനുള്ള ഒരുലക്ഷം രൂപയുടെ കുടിശിഖക്കായി കെട്ടിട പല ഫോൺ നമ്പറുകളിൽ നിന്നും ഇയാളെ വിളിക്കാറുണ്ടെങ്കിലും ഫോണെടുക്കാറില്ലെന്ന് ഉടമ പറയുന്നു. ഒരിക്കൽ ഇയാളെ തേടി ഒരു രാഷ്ട്രീയ നേതാവ് വന്നിരുന്നുവെന്നും വിജേഷിന് മണി ചെയിൻ ബിസിനസാണെന്ന് പറഞ്ഞിരുന്നതായും കെട്ടിട ഉടമ ഇ.ഡിക്ക് മൊഴി നൽകിയിട്ടുണ്ട്. ഇയാൾ നൽകിയിരുന്ന മേൽവിലാസം മരട് താമരശേരി വള്ളിക്കാട്ട് എന്നാണ്. അവിടെ ഇങ്ങനെയൊരാൾ താമസിച്ചിട്ടില്ലെന്നാണ് മേൽവിലാസത്തിലുള്ള വീടിന്റെ ഉടമസ്ഥൻ പറയുന്നത്.  ആഡംബര വാഹനങ്ങളിൽ യാത്ര ചെയ്യുന്ന വിജേഷിന്റെ വരുമാന സ്രോതസ് കണ്ടെത്താനാണ് ഇ.ഡി ശ്രമിക്കുന്നത്. 
ഒ.ടി.ടി പ്ലാറ്റ്‌ഫോം ബിസിനസുമായി ബന്ധപ്പെട്ട് പ്രമുഖ സംവിധായകൻ മനോജ് കാനയടക്കം ഇയാളുടെ കബളിപ്പിക്കലിന് ഇരയായിട്ടുണ്ട്. മനോജ് കാനയുടെ കെഞ്ചിര എന്ന സിനിമ ഒ.ടി.ടിയിൽ റിലീസ് ചെയ്യാമെന്നു പറഞ്ഞ് കബളിപ്പിച്ചതായാണ് പരാതി. ഇതു സംബന്ധിച്ച് അന്ന് പരാതിയൊന്നും നൽകിയിരുന്നില്ല. എന്നാൽ ഇപ്പോൾ തട്ടിപ്പിനിരയായവർ മുന്നോട്ടുവരുന്നുണ്ടെങ്കിൽ താനും പരാതി നൽകാൻ തയ്യാറാണെന്ന് മനോജ് കാന പറയുന്നു.
 

Latest News