Sorry, you need to enable JavaScript to visit this website.

സാഹിത്യ അക്കാദമി തെരഞ്ഞെടുപ്പ്; സി.രാധാകൃഷ്ണൻ ഒരു വോട്ടിന് തോറ്റു, സംഘ്പരിവാറിന് വൈസ് പ്രസിഡന്റ്

ന്യൂദൽഹി- കേന്ദ്ര സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച മലയാളി സാഹിത്യകാരൻ സി.രാധാകൃഷ്ണൻ പരാജയപ്പെട്ടു. സാഹിത്യ അക്കാദമി പിടിച്ചെടുക്കാനുള്ള സംഘ്പരിവാർ നീക്കം ഭാഗികമായി വിജയിച്ചു. ഔദ്യോഗിക പാനലിൽ സി.രാധാകൃഷ്ണൻ സംഘപരിവാർ പിന്തുണയോടെ മത്സരിച്ച ദൽഹി സർവകലാശാല അധ്യാപിക പ്രഫ.കുമുദ് ശർമയോടാണ് തോറ്റത്. ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കുമുദ് ശർമയുടെ വിജയം.
ഔദ്യോഗിക പാനലിൽ അധ്യക്ഷ സ്ഥാനത്തേക്കു മൽസരിച്ച മാധവ് കൗശിക്ക് വിജയിച്ചു. സംഘപരിവാർ അനുകൂല പാനലിലെ മെല്ലെപുരം ജി.വെങ്കിടേശ പരാജയപ്പെട്ടു. കർണാടക സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലറാണ് വെങ്കിടേശ. തിരഞ്ഞെടുപ്പിൽ രാഷ്ട്രീയം ആരോപിക്കുന്നില്ലെന്നും മത്സരം വീറുറ്റതായിരുന്നുവെന്നും രാധാകൃഷ്ണൻ വ്യക്തമാക്കി. ജീവിതത്തിൽ ആകെ മത്സരിച്ചത് ഈ തെരഞ്ഞെടുപ്പിൽ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. 
കേന്ദ്ര സാഹിത്യ അക്കാദമിയുടെ 24 അംഗ നിർവാഹക സമിതിയിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. 92 അംഗങ്ങൾക്കാണ് വോട്ടവകാശമുള്ളത്. നിലവിലെ അധ്യക്ഷൻ ചന്ദ്രശേഖര കമ്പാർ സ്ഥാനം ഒഴിയുന്നതിലേക്ക് വൈസ് പ്രസിഡന്റായിരുന്ന മാധവ് കൗശിക് എത്തേണ്ടതായിരുന്നുവെങ്കിലും, സംഘ പരിവാർ പാനൽ എത്തിയതോടെ മൽസരത്തിന് വഴിയൊരുങ്ങുകയായിരുന്നു. മത്സരമുണ്ടാകില്ലെന്നും ഏകപക്ഷീയമായ വിജയമുണ്ടാകുമെന്നും പ്രതീക്ഷിച്ചിരിക്കെയാണ് സ്ഥാനാർഥികളെയുമായി സംഘ്പരുവാർ എത്തിയത്. അവസാനനിമിഷം ഇവർ പത്രിക സമർപ്പിക്കുകയായിരുന്നു.
 

Latest News