ന്യൂദല്‍ഹി-ദല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ടു പണം തട്ടിപ്പു നടത്തിയെന്ന കേസില്‍ ബിആര്‍എസ് നേതാവ് കെ കവിതയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ഇഡിയുടെ നോട്ടീസ് അനുസരിച്ച് രാവിലെയാണ് കവിത ചോദ്യം ചെയ്യലിനു ഹാജരായത്.
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകള്‍ കൂടിയായ കവിതയെ ചോദ്യം ചെയ്യുന്നതു കണക്കിലെടുത്ത് അതീവ സുരക്ഷയാണ് ഇഡി ഓഫിസ് പരിസരത്ത് ഒരുക്കിയിട്ടുള്ളത്. ദല്‍ഹി പോലീസിനെയും കേന്ദ്ര അര്‍ധ സൈനിക വിഭാഗത്തെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ഇഡി ഓഫിസിലേക്കുള്ള വഴി പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു.
വ്യാഴാഴ്ച ഹാജരാവാനാണ് ഇഡി കവിതയ്ക്കു നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍ വനിതാ ബില്‍ പാസാക്കണമെന്നാവശ്യപ്പെട്ട് സമരം പ്രഖ്യാപിച്ചിരുന്നതിനാല്‍ അന്നു ഹാജരാവാനാവില്ലെന്ന് അവര്‍ അറിയിച്ചു. തുടര്‍ന്നാണ് ഇന്നു ഹാജരാവാന്‍ നിര്‍ദേശിച്ചത്.
ദല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഹൈദരാബാദിലെ മലയാളി ബിസിനസുകാരന്‍ അരുണ്‍ രാമചന്ദ്ര പിള്ളയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇന്ന് അരുണിനെയും കവിതയെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുമെന്നാണ് സൂചന.