ചെന്നൈ- എ.ടി.എമ്മില്‍ ചെന്ന് പണമെടുക്കുന്നതുപോലെ ടച്ച് സ്‌ക്രീനില്‍ നിര്‍ദേശം നല്‍കി തത്സമയം ബിരിയാണിയും വാങ്ങാം. ചെന്നൈയിലെ കൊളത്തൂരിലാണ് രാജ്യത്തെ ആദ്യത്തെ ആളില്ലാ ബിരിയാണിക്കട തുടങ്ങിയത്.
ഭക്ഷ്യസംസ്‌കരണ, വിതരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഭായി വീട്ടു കല്യാണം എന്ന സ്റ്റാര്‍ട്ടപ്പാണ് ബി.വി.കെ. ബിരിയാണി എന്നപേരില്‍ നൂതനസംരംഭം തുടങ്ങിയത്. ഇവരുടെ ബിരിയാണി കൗണ്ടറില്‍ 32 ഇഞ്ചുള്ള ടച്ച് സ്‌ക്രീനുകളോടുകൂടിയ കിയോസ്‌കുകളാണുള്ളത്. അതില്‍നോക്കി ആവശ്യമുള്ള വിഭവം തിരഞ്ഞെടുക്കാം. ഡിജിറ്റലായി പണമടയ്ക്കാം. മിനിറ്റുകള്‍ക്കുള്ളില്‍ താഴെയുള്ള വാതില്‍ തുറക്കുകയെന്ന നിര്‍ദേശം സ്‌ക്രീനില്‍ തെളിയും. തുറന്നാല്‍ ചൂടുപറക്കുന്ന ബിരിയാണി പായ്ക്ക് ലഭിക്കും. 220 രൂപമുതല്‍ 449 രൂപവരെയാണ് ഒരു ബിരിയാണിയുടെ വില.
മുന്‍കൂട്ടി പായ്ക്കു ചെയ്ത ഭക്ഷ്യസാധനങ്ങളും കുപ്പിയിലടച്ച പാനീയങ്ങളും ലഭ്യമാക്കുന്ന വെന്‍ഡിങ് മെഷീനുകള്‍ പലയിടത്തുമുണ്ടെങ്കിലും ബിരിയാണിപോലൊരു വിഭവം ആളില്ലാതെ വിതരണംചെയ്യുന്നത് ആദ്യമായാണെന്ന് ബി.വി.കെ. ഉടമകള്‍ പറയുന്നത്. കൊളത്തൂരില്‍ തുടങ്ങിയതുപോലുള്ള 13 കൗണ്ടറുകള്‍കൂടി ചെന്നൈയില്‍ ഉടന്‍ തുടങ്ങുമെന്ന് ബി.വി.കെ. സ്ഥാപകന്‍ എസ്. ഫഹീം പറഞ്ഞു. മൂന്നുവര്‍ഷംമുമ്പ് തുടങ്ങിയ ബി.വി.കെ.യുടെ വെബ്‌സൈറ്റും ആപ്പും വഴിയും ബിരിയാണി ഓര്‍ഡര്‍ചെയ്യാം. നേരിട്ടോ മറ്റു ഡെലിവറിസ്ഥാപനങ്ങളുമായി ചേര്‍ന്നോ ബിരിയാണി വീട്ടിലെത്തിച്ചുതരും.