ചെന്നൈ - മുസ്‌ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് പ്രവർത്തകരുടെ ആവേശകരമായ വരവേൽപ്പ്. ചെന്നൈ കൊട്ടിപ്പാക്കം വൈ.എം.സി.എ മൈതാനിയിൽ നടക്കുന്ന പൊതുസമ്മേളന നഗരിയിലേക്ക് കടന്നുവന്ന സ്റ്റാലിനെ ആരവങ്ങളോടെയാണ് സമ്മേളന നഗരി സ്വീകരിച്ചത്. സുരക്ഷാ സംഘങ്ങളുടെ അകമ്പടിയോടെ കൈകൂപ്പി സ്റ്റേജിലേക്ക് കയറിയ സ്റ്റാലിനെ ഖാദർ മൊയ്തീന്റെയും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെയും പി.കെ കുഞ്ഞാലിക്കുട്ടിയുടെയും നേതൃത്വത്തിൽ നേതാക്കൾ ഊഷ്മളമായി സ്വീകരിച്ചു. സ്റ്റാലിന്റെ സാന്നിധ്യത്തെ മതനിരപേക്ഷ ഇന്ത്യ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.
ഓരോ മുസ്ലിംലീഗുകാരനും ഇതൊരു അഭിമാന നിമിഷമാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ചടങ്ങിൽ പറഞ്ഞു. ഹൃദയത്തിൽ തട്ടുന്ന അനർഘ നിമിഷമാണിത്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനോട് നന്ദി പറയാൻ ഈ അവസരം ഉപയോഗിക്കുകയാണ്. മുസ്ലിംലീഗ് അമ്പതാം വാർഷികം ആഘോഷിക്കുമ്പോൾ ഞങ്ങൾക്കൊപ്പം കലൈഞ്ജർ കരുണാനിധി ഇതേ ചെന്നൈയിൽ ഉണ്ടായിരുന്നു. ഇപ്പോൾ എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കുമ്പോൾ ദളപതി സ്റ്റാലിൻ ഞങ്ങൾക്കൊപ്പം ഇരിക്കുന്നു. ഇതൊരു ചരിത്ര മുഹൂർത്തമാണ്. ഇന്ത്യയിൽ ഇന്ന് ജീവിച്ചിരിക്കുന്ന മുഖ്യമന്ത്രിമാരിൽ ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങൾ ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് സ്റ്റാലിനോടാണ്. അദ്ദേഹം സെക്യുലർ ഇന്ത്യയുടെ ഏറ്റവും മികച്ച ഉദാഹരണമാണ്. മുസ്ലിം സമുദായം അങ്ങയുടെ കൈകളിൽ സുരക്ഷിതമാണെന്ന് ഞങ്ങൾക്കറിയാം. പിന്നാക്ക, ന്യൂനപക്ഷ സമുദായത്തോടൊപ്പം നിൽക്കുന്ന സ്റ്റാലിനൊപ്പം എന്നും ലീഗുണ്ടാകും. ഖാഇദെ മില്ലത്തിന്റെ ആഹ്വാനം കേട്ട് പച്ചപ്പതാക പിടിച്ച ഞങ്ങൾ ദ്രാവിഡ രാഷ്ട്രീയത്തോടൊപ്പം തന്നെയുണ്ട്.- പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.