Sorry, you need to enable JavaScript to visit this website.

ഈ മുന്‍പ്രവാസിയെ കൊല ചെയ്തതാര്....ഉത്തരവാദികളെ തുറുങ്കിലടക്കണമെന്ന് നാട്ടുകാര്‍

കൊല്ലം - കുരീപ്പുഴ വെസ്റ്റ് നെല്ലിമുക്ക് ഇരട്ടക്കടയില്‍ തട്ടുകട നടത്തിരുന്ന ബാബു(62) ആത്മഹത്യ ചെയ്തത് മാനസിക പീഡനത്തെ തുടര്‍ന്നെന്ന് കുടുംബം. പ്രവാസിയായ ബാബു തോളിലെ അസഹനീയമായ വേദനയെ തുടര്‍ന്നാണ് നാട്ടില്‍ മടങ്ങിയെത്തിയത്.
നോര്‍ക്ക റൂട്ട്‌സ് മുഖേന കാനറ ബാങ്കില്‍നിന്ന് ലോണ്‍ തരപ്പെടുത്തി ചായ പലഹാരങ്ങള്‍ വില്‍ക്കുന്ന തട്ടുകട നടത്തി വരവെ കട സ്ഥാപിച്ചിരുന്ന സ്ഥലത്തെ സമീപവാസി തട്ടുകട ഇവിടെ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കുകയായിരുന്നു. ഇതോടെ കോര്‍പ്പറേഷന്‍ അധികൃതര്‍ സ്ഥലത്തെത്തി കട മാറ്റുവാന്‍ നിര്‍ദ്ദേശിച്ചു. നാട്ടുകാരും, കൗണ്‍സിലറും ഇടപ്പെട്ട് കുടുംബത്തിന്റെ ദയനീയ സ്ഥിതി പരിഗണിച്ച് കട കുറച്ച് പിറകിലോട്ട് മാറ്റി. എന്നാല്‍ അയല്‍വാസിക്ക് ഇതും സ്വീകാര്യമായിരുന്നില്ലെന്നും നിരന്തരം ബാബുവിനെ മാനസികമായി തളര്‍ത്താന്‍ ശ്രമം നടത്തിയിരുന്നെന്നും ഭാര്യ ആരോപിക്കുന്നു.
തട്ടുകട നടത്തിയിരുന്ന ബാബുവിന് ഭാഗികമായി കാഴ്ചയില്ലാത്ത ഭാര്യയും രണ്ട് പെണ്‍ മക്കളുമാണുള്ളത്. മൂത്ത മകള്‍ പി.എച്ച്.ഡി ചെയ്യുന്നു. ഇളയ മകള്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ്. ഇവരുടെ പഠന ചെലവിന് പോലും മാര്‍ഗമില്ലാത്തത് കൊണ്ട് വീട്ടില്‍ പൊതിച്ചോറ് തയ്യാറാക്കി വഴിയോരങ്ങളില്‍ കച്ചവടം ചെയ്യതാണ് വരുമാനം കണ്ടെത്തിരുന്നത്. ബാക്കി സമയം നിത്യവൃത്തിക്കു വേണ്ടിയും, ബാങ്കിലെ ലോണ്‍ അടക്കുന്നതിന് വേണ്ടിയുമാണ് വൈകുന്നേരം 3 മണി മുതല്‍ 7 മണി വരെ തട്ടുകട നടത്തി വന്നത്. ഈ ദരിദ്ര കുടുംബത്തിന്റെ അത്താണിയായിരുന്നു ബാബു.
നാട്ടുകാര്‍ ഒന്നടങ്കം ശക്തമായ പ്രതിഷേധത്തിലാണ്. ബാബുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നെല്ലിമുക്ക്- കുരീപ്പുഴ റോഡ് നാട്ടുകാര്‍ ഉപരോധിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടറാണെന്ന് അവകാശപ്പെട്ട് രണ്ട്‌പേര്‍ നിരന്തരം തട്ടുകടയില്‍ വന്ന് എടുത്തു മാറ്റിയില്ലായെങ്കില്‍ കട നശിപ്പിക്കുമെന്ന് പറഞ്ഞതായും ബാബുവിന്റെ മക്കള്‍ ആരോപിക്കുന്നു. ബാബുവിന്റെ ആത്മഹത്യക്ക് പിന്നില്‍ കോര്‍പ്പറേഷന്‍ അധികൃതരുടെയും പങ്കും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചില പോസ്റ്ററുകള്‍ ചുമരുകളില്‍ പതിച്ചിട്ടുണ്ട്. ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന നിലപാടിലാണ് കുടുംബവും നാട്ടുകാരും.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News