Sorry, you need to enable JavaScript to visit this website.

മരിച്ചുപോയ ഭാര്യയെപ്പോലെയുണ്ട്... സൗഹൃദം സ്ഥാപിച്ചയാള്‍ അധ്യാപികയില്‍നിന്ന് തട്ടിയത് ആറ് ലക്ഷം

കൊല്ലം- ലണ്ടന്‍ മലയാളിയെന്ന് തെറ്റിധരിപ്പിച്ച് തട്ടിപ്പുകാരന്‍ ഒരുക്കിയ വലയില്‍ വീണ അധ്യാപികക്ക് നഷ്ടമായത് ആറ് ലക്ഷത്തോളം രൂപ. ഫെയസ്ബുക്കിലൂടെ സൗഹൃദം നടിച്ചാണ് ഇത്രയും തുക കൊല്ലം സ്വദേശിയായ അധ്യാപികയില്‍നിന്ന് തട്ടിയെടുത്തത്.
ഫെയ്‌സ്ബുക്കില്‍ ഒരു സൗഹൃദസന്ദേശം വരുന്നതോടെയാണ് തട്ടിപ്പിന് തുടക്കം. തന്റെ ഭാര്യ മരിച്ചുപോയതാണെന്നും നിങ്ങളുടെ ചിത്രം കണ്ടപ്പോള്‍ അമ്മയെപ്പോലെയുണ്ടെന്ന് മകള്‍ പറഞ്ഞതായും അതനുസരിച്ച് മകളുടെ നിര്‍ദേശപ്രകാരമാണ് ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നതെന്നുമായിരുന്നു സന്ദേശം. വിശ്വസനീയമായി തോന്നിയതിനാല്‍ അധ്യാപിക ഇയാളെ ഫ്രണ്ട് ആക്കി. തുടര്‍ന്ന് കുറച്ചുദിവസം ചാറ്റ് ചെയ്തു. താന്‍ ഭര്‍ത്താവിനോട് ഇക്കാര്യം പറഞ്ഞെന്നും നിരുപദ്രവകരമെന്ന് തോന്നിയതിനാല്‍ അദ്ദേഹം തടസ്സമൊന്നും പറഞ്ഞില്ലെന്നും അധ്യാപിക പോലീസിന് നല്‍കിയ പരാതിയില്‍ വിവരിക്കുന്നുണ്ട്.
 കുറച്ചുനാള്‍ കഴിഞ്ഞ ശേഷം, തന്റെ മകളുടെ ജന്മദിനമാണെന്നും താങ്കള്‍ക്ക് ഒരു ഗിഫ്റ്റ് അയക്കുകയാണെന്നും ഇയാള്‍ സന്ദേശമയച്ചു. ലണ്ടനിലാണ് താമസമെന്നും റോളക്‌സ് കമ്പനിയില്‍ ഉന്നത ഉദ്യോഗമാണെന്നുമായിരുന്നു ഇയാള്‍ പറഞ്ഞത്. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ദല്‍ഹി കസ്റ്റംസില്‍നിന്നെന്ന് പറഞ്ഞ് അധ്യാപികക്ക് ഫോണ്‍കോള്‍ വന്നു. ലണ്ടനില്‍നിന്ന് ഒരു ഗിഫ്റ്റ് പാക്കറ്റ് ഉണ്ടെന്നും ഇതിന്റെ ഡ്യൂട്ടിയായി 35000 രൂപ അയക്കണമെന്നും ആവശ്യപ്പെട്ടു. ഇവര്‍ നല്‍കിയ അക്കൗണ്ട് നമ്പരിലേക്ക് അധ്യാപിക പണമയച്ചു. രണ്ട് ദിവസത്തിന് ശേഷം ഗിഫ്റ്റ് പാക്കറ്റില്‍ രേഖപ്പെടുത്തിയതിലും കൂടുതല്‍ സാധനമുണ്ടെന്നും 50000 രൂപ കൂടി അയക്കണമെന്നും ആവശ്യപ്പെട്ടു.

അധ്യാപിക അതും അയച്ചു. അല്‍പ ദിവസത്തിന് ശേഷം വീണ്ടും ഫോണ്‍കോള്‍. ഡയമണ്ടും രത്‌നങ്ങളുമാണ് പാക്കറ്റിലെന്ന് സ്‌കാനിംഗില്‍ മനസ്സിലായെന്നും അഞ്ചുലക്ഷം രൂപ തീരുവ അയക്കണമെന്നും ആവശ്യപ്പെട്ടു. ഇതും വിശ്വസിച്ച അധ്യാപിക പണം അയച്ചു. എന്നാല്‍ പിന്നീട് 10 ലക്ഷം രൂപയോളം നികുതിയാവുമെന്നും അതും അയച്ചാലെ സാധനം റിലീസ് ചെയ്യാന്‍ സാധിക്കൂ എന്നും സന്ദേശം ലഭിച്ചു. അപ്പോഴാണ് തട്ടിപ്പിന്റെ സാധ്യതയെപ്പറ്റി ടീച്ചര്‍ മനസ്സിലാക്കിയതും പോലീസില്‍ പരാതി നല്‍കിയതും.
അന്വേഷണത്തില്‍ ഇത് ദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തട്ടിപ്പ് സംഘമാണെന്ന് മനസ്സിലാക്കിയെങ്കിലും പ്രതികളെ പിടികൂടാനായിട്ടില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതായും സമാനസംഭവം കേരളത്തില്‍ വേറേയും നടന്നിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങള്‍ പറയുന്നു. വിദ്യാസമ്പന്നരായ പല വനിതകളും ഇത്തരം ചതിക്കുഴിയില്‍ പെടുന്നതായും പോലീസ് പറയുന്നു. തട്ടിപ്പുകാര്‍ക്കെതിരെ ജാഗ്രത പാലിക്കുക മാത്രമാണ് കരണീയമെന്നും അവര്‍ ഓര്‍മപ്പെടുത്തുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News