പറ്റ്ന- ബീഫിന്റെ പേരും പറഞ്ഞ് ആരേയും തല്ലിക്കൊല്ലാമെന്ന അവസ്ഥയിലേക്ക് ഇന്ത്യ നീങ്ങുന്നത് അതിവേഗം. ബീഹാറിലെ സരണ്‍ ജില്ലയിലെ റസൂല്‍പൂര്‍ ഗ്രാമത്തിലാണ് ബീഫിന്റെ പേരില്‍ ആള്‍ക്കൂട്ടം നസീം ഖുറേഷിയെന്ന 55കാരനെ തല്ലിക്കൊന്നത്.
സിവാന്‍ ജില്ലയിലെ ഹസന്പൂര് ഗ്രാമവാസിയായ നസീം ഖുറേഷിയും അനന്തരവന് ഫിറോസ് ഖുറേഷിയും സരണ്‍ ജില്ലയിലെ ജോഗിയ ഗ്രാമത്തില്‍ ബന്ധുക്കളെ കാണാന്‍ പോകുമ്പോഴാണ് സംഭവം. ഇരുവരെയും ഒരു മസ്ജിദിന് സമീപം തടഞ്ഞ ആക്രമികള്‍ രൂക്ഷമായ തര്‍ക്കത്തിലേര്‍പ്പെടുകയും ഇവരുടെ കൈവശം ബീഫുണ്ടെന്ന് ആരോപിക്കുകയുമായിരുന്നു. തര്‍ക്കത്തിനിടയില്‍ ഫിറോസ് രക്ഷപ്പെടുന്നതിനിടയില്‍ ആക്രമികളായ ജനക്കൂട്ടം നസീമിനെ വടികൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. പിന്നീട് ജനക്കൂട്ടം തന്നെ നസീമിനെ റസൂല്‍പൂര്‍ ഗ്രാമത്തില്‍ പോലീസിന് കൈമാറുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ നസീമിനെ പോലീസാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെയാണ് നസീം മരിച്ചതെന്ന് പോലീസ് സൂപ്രണ്ട് ശരണ്‍ ഗൗരവ് മംഗ്ല പറഞ്ഞു.
ആള്‍ക്കൂട്ട ആക്രമണത്തെ തുടര്‍ന്ന് മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റു പ്രതികള്‍ക്കായി തെരച്ചില്‍ നടത്തുകയാണെന്നും പോലീസ് അറിയിച്ചു.