Sorry, you need to enable JavaScript to visit this website.

മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനായില്ല;  പിതാവിന് എയര്‍ ഇന്ത്യ ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

കോട്ടയം- നേരത്തെ ടിക്കറ്റെടുത്തിട്ടും എയര്‍ ഇന്ത്യ യാത്രാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന പിതാവിന് ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. കോട്ടയം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനാണ് എയര്‍ ഇന്ത്യക്കെതിരെ നഷ്ടപരിഹാരം വിധിച്ചത്. ഉദയനാപുരം തെനാറ്റ് ആന്റണിക്കാണ് നഷ്ടപരിഹാരം ലഭിക്കുക. 

2018 ആഗസ്ത് 25ന് കൊച്ചിയില്‍ നിന്നും ലണ്ടനിലേക്കാണ് ആന്റണി ടിക്കറ്റെടുത്തിരുന്നത്. ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമില്‍ ആഗസ്ത് 28നായിരുന്നു മകന്റെ വിവാഹം. ബ്രിട്ടനില്‍ സ്ഥിരതാമസ പെര്‍മിറ്റുള്ള ആന്റണി രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ ബ്രിട്ടനു പുറത്ത് താമസിച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് എയര്‍ ഇന്ത്യ യാത്രാനുമതി നിഷേധിച്ചത്. അതോടെ ആന്റണിക്ക് മകന്റെ വിവാഹത്തിനെത്താനാവാത്ത അവസ്ഥ വരികയായിരുന്നു.

എയര്‍ ഇന്ത്യയില്‍ യാത്ര മുടങ്ങിയ ആന്റണി അടുത്ത ദിവസം ഖത്തര്‍ എയര്‍വെയ്‌സില്‍ ദല്‍ഹിയില്‍ നിന്നും ദോഹ വഴി മാഞ്ചസ്റ്ററിലേക്ക് പറക്കുകയും റോഡുമാര്‍ഗ്ഗം ബര്‍മിങ്ഹാമില്‍ എത്തുകയുമായിരുന്നു. അപ്പോഴേക്കും മകന്റെ വിവാഹം കഴിഞ്ഞിരുന്നു.  

ഇതോടെയാണ് എയര്‍ ഇന്ത്യയ്ക്കെതിരെ പരാതിയുമായി ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനെ സമീപിച്ചത്. കേസില്‍ വാദംകേട്ട വി. എസ്. മനുലാല്‍ പ്രസിഡന്റും ആര്‍. ബിന്ദു, കെ. എം. ആന്റോ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍ ആന്റണിക്ക് ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിടുകയായിരുന്നു. 

Tags

Latest News