വേങ്ങര- ആരോടും പരിഭവമില്ലാത്ത സൈഫുന്നിസയുടെ ജീവിതം പുതുതലമുറയ്ക്ക് പ്രചോദനമാവുന്നു. വീല്‍ച്ചെയറിലാണ് ജീവിതമെങ്കിലും വേങ്ങര ചേറൂരിലെ സൈഫുന്നീസ നില്‍ക്കുന്നത് സ്വന്തം കാലിലാണ്'. മൂന്നാം മാസം പോളിയോ ബാധിച്ച് ശരീരം തളര്‍ന്ന സൈഫുന്നീസയ്ക്ക് ഇടതുകൈ മാത്രമേ ചലിപ്പിക്കാനാവൂ. വേങ്ങരയില്‍ ഫിംഗര്‍പ്രിന്റ് എന്ന ഓണ്‍ലൈന്‍ സേവനകേന്ദ്രം ഒറ്റയ്ക്ക് നടത്തുകയാണ് 38കാരിയായ സൈഫുന്നീസ. ഡി ടി പി, ഇ-ബാങ്കിംഗ് സേവനങ്ങള്‍, ലാമിനേഷന്‍, ഫോട്ടോസ്റ്റാറ്റ് എല്ലാം ഒറ്റക്കൈ കൊണ്ട് ചെയ്യും. കുഞ്ഞിമുഹമ്മദ്-റുഖിയ ദമ്പതികളുടെ മൂത്ത മകളായ സൈഫുന്നീസ സ്‌കൂളില്‍ പോയിട്ടില്ല. മറ്റ് കുട്ടികള്‍ സ്‌കൂളില്‍ പോകുമ്പോള്‍ വീട്ടുവരാന്തയില്‍ വീല്‍ച്ചെയറിലിരുന്ന് കരയുമായിരുന്നു. വല്ല്യുപ്പ കുഞ്ഞവറാന്‍ എഴുതാനും വായിക്കാനും പഠിപ്പിച്ചു. എട്ട് വയസുള്ളപ്പോള്‍ സമീപത്തുള്ള ടീച്ചര്‍ വീട്ടിലെത്തി പഠിപ്പിക്കാന്‍ തുടങ്ങി. 26ാം വയസില്‍ വേങ്ങര ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വികസന വിദ്യാ കേന്ദ്രത്തില്‍ ചേര്‍ന്നെങ്കിലും യാത്ര ബുദ്ധിമുട്ടായതോടെ ക്ലാസില്‍ അധികം പോയില്ല. 27ാം വയസില്‍ നാലാം ക്ലാസ് തുല്യതാ പരീക്ഷ പാസായി. തുടര്‍ന്ന് ഏഴ്,പത്ത്,പ്ലസ്ടു തുല്യതാ പരീക്ഷകള്‍ വിജയിച്ചു. പത്താം ക്ലാസ് പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയപ്പോള്‍ ലാപ്ടോപ്പ് സമ്മാനമായി ലഭിച്ചു. ഇതോടെയാണ് കമ്പ്യൂട്ടര്‍ പഠിക്കണമെന്ന ആഗ്രഹമുണ്ടായത്.
പരപ്പനങ്ങാടി പീസ് ഫൗണ്ടേഷനില്‍ നിന്ന് കമ്പ്യൂട്ടറും പുളിക്കല്‍ എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസേബിള്‍ഡില്‍ നിന്ന് ഡി.ടി.പിയും പഠിച്ചു. പുതുപ്പറമ്പ് പോളിടെക്നിക്കില്‍ നിന്ന് ഹാന്‍ഡ് എംബ്രോയിഡറിയിലും ആഭരണ നിര്‍മ്മാണത്തിലും പരിശീലനം നേടി. ഗ്രാഫിക്ക് ഡിസൈനിംഗും പഠിച്ചു. വീടിനുള്ളിലൊതുങ്ങാതെ സ്വന്തമായി ജോലി ചെയ്ത് മുന്നോട്ടുപോകണമെന്ന ആഗ്രഹത്തിന്റെ ഫലമാണ് ഫിംഗര്‍പ്രിന്റ് എന്ന സ്ഥാപനം. പിതാവ് കുഞ്ഞിമുഹമ്മദ് വീടിന് തൊട്ടടുത്ത് മകള്‍ക്കായി ഒറ്റമുറി കെട്ടിടം നിര്‍മ്മിച്ചു.
രാവിലെ 8.30ന് തുറന്ന് വൈകിട്ട് അഞ്ചിന് അടയ്ക്കും. വീല്‍ച്ചെയറിലിരുന്നാണ് ജോലി. മാസം 10,000രൂപയോളം ലഭിക്കും. ക്ഷീണമോ തളര്‍ച്ചയോ ഇപ്പോള്‍ സൈഫുന്നീസയെ ബാധിക്കാറില്ല. പ്രായമായ മാതാപിതാക്കള്‍ക്ക് തണലാകണമെന്നതാണ് ആഗ്രഹം.