- റിപ്പോർട്ട് ചെയ്യുന്നതിനേക്കാൾ കേസുകൾ പുറത്തെന്ന് വിദഗ്ധർ
മുംബൈ / ഇന്ത്യ - രാജ്യത്ത് ഡിജിറ്റൽ സർവീസിന്റെ സൗകര്യം മറയാക്കി സാമ്പത്തിക തട്ടിപ്പിൽ അകപ്പെടുന്നവർ വർധിച്ചുവരികയാണെന്ന് സൈബർ രംഗത്തെ വിദഗ്ധർ. നടിയും കോൺഗ്രസ് നേതാവുമായ നഗ്മയുടെ പരാതിക്കു പിന്നാലെയാണ് പോലീസിന്റെ വെളിപ്പെടുത്തൽ.
ഡിജിറ്റൽ ഇടപാടുകളുടെ മറവിൽ നൂറുണക്കിന് തട്ടിപ്പുകളാണ് ദിവസവും അരങ്ങേറുന്നത്. സൈബർ കുറ്റവാളികൾ സാങ്കേതിക വിദ്യകൾ വികസിപ്പിച്ചും ദുരുപയോഗം ചെയ്തും ആയിരക്കണക്കിന് പേരെയാണ് വഞ്ചിക്കുന്നത്. സാധാരണക്കാർ തൊട്ട് സെലിബ്രിറ്റികൾ അടക്കമുള്ളവർ ഇപ്രകാരം കബളിക്കപ്പെടുന്നുണ്ട്. പുറത്തു പറയുന്നതിനേക്കാൾ കൂടുതൽ കേസുകൾ നാണക്കേട് ഭയന്നും മറ്റും റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നതായും സൈബർ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഓൺലൈൻ സാമ്പത്തിക തട്ടിപ്പിൽ പെട്ട് 99,998 രൂപ നഷ്ടമായന്നെ് നടി നഗ്മ പരാതിപ്പെട്ട തൊട്ടടുത്ത ദിവസങ്ങളിൽ 80 പേർ ഇപ്രകാരം സൈബർ തട്ടിപ്പിന് ഇരയായെന്നാണ് റിപ്പോർട്ട്.
ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട കെ.വൈ.സി വ്യക്തിഗത വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാനായി ഫോണിൽ വന്ന എസ്.എം.എസ് ലിങ്കിൽ ക്ലിക്ക് ചെയ്തതോടെയാണ് നടി സഗ്മക്ക് പണം നഷ്ടമായത്. ലിങ്കിൽ ക്ലിക്കിയതോടെ തന്റെ മൊബൈൽ ഫോണിന്റെ റിമോട്ട് ആക്‌സസ് സൈബർ തട്ടിപ്പുകാർക്ക് ലഭിക്കുകയായിരുന്നുവെന്ന് നഗ്മ പറഞ്ഞു.
പിന്നാലെ, തന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 99,998 രൂപ ട്രാൻസ്ഫറായി. ഇതോടെയാണ് തട്ടിപ്പാണെന്ന് മനസ്സിലായതെന്നും ഇപ്രകാരം ഒരുപാട് ഓൺലൈൻ സർവീസുകളിലൂടെ തട്ടിപ്പുകൾ പെരുകുകയാണെന്നും ജാഗ്രത പാലിക്കണമെന്നും അവർ ഓർമിപ്പിച്ചു. വഞ്ചിക്കപ്പെട്ട വേദനയിലും തട്ടിപ്പ് ഒരുലക്ഷം രൂപയിൽ ഒതുങ്ങിയതിൽ രക്ഷപ്പെട്ടതായും അവർ പറഞ്ഞു. സംഭവത്തിൽ മുംബൈ സൈബർ ക്രൈം പോലീസ് അന്വേഷണം ആരംഭിച്ചു.