കൊച്ചി- പിറവിയുടെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന മുസ്ലിം ലീഗിന് അഭിവാദ്യം നേർന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് സതീശൻ ഇക്കാര്യം പറഞ്ഞത്. വലിയ വലിയ പരീക്ഷണഘട്ടങ്ങളെ സമചിത്തതയോടെ അതിജീവിച്ച രാഷ്ട്രീയമാണ് ലീഗിന്റേത്. വൈകാരിക നിമിഷങ്ങളെ സംയമനത്തോടെ നേരിട്ടതാണ് ലീഗിന്റെ പാരമ്പര്യമെന്നും അബ്ദുറഹിമാൻ ബാഫക്കി തങ്ങളും പി.എം.എസ്.എ പൂക്കോയ തങ്ങളും സി.എച്ചും സീതി സാഹിബും തുടങ്ങി കേരളത്തിന്റേയും രാജ്യത്തിന്റേയും ചരിത്രത്തിൽ ഇടം നേടിയ കരുത്തരാണ് ലീഗിന്റെ മാർഗദർശികളെന്നും സതീശൻ പറഞ്ഞു.
ചെന്നൈ മൗണ്ട് റോഡിലെ രാജാജി ഹാളിന് 220 വർഷത്തെ ചരിത്രവും പാരമ്പര്യവുമുണ്ട്. ആ ഹാളിലാണ് ഏഴര പതിറ്റാണ്ട് മുൻപ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പിറവി. സംഭവ ബഹുലമായ 75 വർഷങ്ങൾ ഉത്തരവാദിത്വ രാഷ്ട്രീയത്തിന്റേത് കൂടിയാണ്. മതേതരത്വ നിലപാടിൽ അടിയുറച്ച് നിന്ന് വർഗീയത ക്കെതിരെ ഏതറ്റം വരേയും പോരാടിയ ലീഗും അതിന്റെ രാഷ്ട്രീയവും ബഹുസ്വര സമൂഹത്തിന്റെ നാഡീ ഞരമ്പുകളാണ്. വെറുപ്പിന്റേയും വിഭജനത്തിന്റേയും കെട്ട കാലത്ത് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റേയും ഐക്യത്തിന്റേയും പച്ചതുരുത്തായി നിൽക്കുകയാണ് മുസ്ലിം ലീഗ്. പിന്നിട്ട 75 വർഷങ്ങളാണ് അതിന്റെ സാക്ഷ്യപത്രം.
ജീവകാരുണ്യപ്രവർത്തനങ്ങളിൽ അനുകരണീയ മാതൃകയാണ് ലീഗിന്റെ പ്രവർത്തനങ്ങൾ. അഭയമില്ലാത്തവർക്ക് അന്തിയുറങ്ങാനുള്ള കാരുണ്യഭവനം പദ്ധതി, സി.എച്ച് സെന്ററുകൾ, കെ.എം.സി.സി, സന്നദ്ധ സേവകരായ വൈറ്റ് ഗാർഡുകൾ അങ്ങനെ സമൂഹവുമായുള്ള ജൈവബന്ധം നിലനിർത്തുന്ന എത്രയെത്ര സേവനങ്ങൾ. ഇന്നലെ അന്താരാഷ്ട്ര വനിതാ ദിനത്തിൽ 17 ജോഡികളുടെ സമൂഹ വിവാഹത്തോടെയാണ് മുസ്ലീം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനം ചെന്നൈയിൽ തുടങ്ങിയതും.
കോൺഗ്രസും ലീഗുമായുള്ള ആത്മബന്ധത്തിന് അര നൂറ്റാണ്ടിന്റെ പ്രായമുണ്ട്. തളർത്താൻ ശ്രമിച്ചവരെയെല്ലാം തകർത്തെറിഞ്ഞ സഹോദരബന്ധം. പ്രതിസന്ധികളിൽ പരസ്പരം താങ്ങും തണലുമായിരുന്ന ഊഷ്മളത. 75 അഭിമാന വർഷങ്ങൾ ആഘോഷിക്കുന്ന ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് ഹൃദയാഭിവാദ്യങ്ങൾ- സതീശൻ പറഞ്ഞു.