Sorry, you need to enable JavaScript to visit this website.

പ്രതിപക്ഷ ഐക്യത്തിനുള്ള ആഹ്വാനവുമായി മുസ്ലീം ലീഗ് പ്ലാറ്റിനം ജൂബിലി പ്രതിനിധി സമ്മേളനത്തിന് തുടക്കമായി

ചെന്നൈ :  രാജ്യത്ത് മതേതരത്വം കാത്തു സൂക്ഷിക്കാന്‍ ലോകസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കണമെന്ന ആഹ്വാനവുമായി മുസ്ലീം ലീഗ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായുള്ള പ്രതിനിധി സമ്മേളത്തിന് തുടക്കമായി. ബി.ജെ.പി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്താതിരിക്കാന്‍ ലോകസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ വിശാല ഐക്യം കെട്ടിപ്പടുക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും അതില്‍ മുസ്ലീം ലീഗ് വഹിക്കേണ്ട പങ്കാളിത്തത്തെക്കുറിച്ചും പ്രതിനിധികള്‍ ചര്‍ച്ച നടത്തുന്നുണ്ട്.
ചെന്നെ കലൈവാണം അരങ്കം ഹാളില്‍ ആരംഭിച്ച പ്രതിനിധി സമ്മേളനം  മുസ്ലീം ലീഗ് അഖിലേന്ത്യ പ്രസിഡന്റ് പ്രൊഫ.കെ.എം ഖാദര്‍ മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. മുസ്ലീം ലീഗ് കേരള സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി തങ്ങള്‍ അധ്യക്ഷനായിരുന്നു. ദേശീയ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.എല്‍.എ സ്വാഗതം പറഞ്ഞു.


മതേതര ഇന്ത്യയെ ശക്തിപ്പെടുത്തുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പങ്ക് എന്ന പ്രമേയത്തിലാണ് രാജ്യത്തെ വാര്‍ത്തമാന രാഷ്ട്രീയ സ്ഥിതിഗതികളും വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നടപടികളുമെല്ലാം ചര്‍ച്ച ചെയ്യുന്നത്. ഡോ.എം.ക. മുനീര്‍ ഇത് സംബന്ധിച്ച് പ്രതിനിധി സമ്മേളനത്തില്‍ വിഷയം അവതരിപ്പിച്ചു. ഇതിനെ ആസ്പദമാക്കി വിശദമായ ചര്‍ച്ചകള്‍ നടക്കും. ദേശീയ തലത്തില്‍ മുസ്ലീം ലീഗിന് കൂടുതല്‍ സ്വാധീനം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച്  കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ചും പ്രതിനിധി സമ്മേളനത്തില്‍ ചര്‍ച്ചകള്‍ നടക്കും. രാഷ്ട്ര നിര്‍മ്മാണത്തില്‍ യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍, വനിതകള്‍, തൊഴിലാളികള്‍, കര്‍ഷകര്‍ എന്നിവരുടെ പങ്ക്, ഉത്തരവാദിത്വ രാഷ്ട്രീയത്തിന്റെയും അഭിമാനകരമായ നിലനില്‍പ്പിന്റെയും ഏഴര പതിറ്റാണ്ട് എന്നീ പ്രമേയങ്ങളും പ്രതിനിധി സമ്മേളനം ചര്‍ച്ച ചെയ്യും.1750 ഓളം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഇതില്‍ 750 ഓളം പേര്‍ കേരളത്തില്‍ നിന്നാണ്.

മാര്‍ച്ച് 10 ന് രാവിലെ രാജാജി ഹാളില്‍ മുസ്ലിം ലീഗ് രൂപീകരണത്തിന്റെ പുനരാവിഷ്‌കാര സമ്മേളനം നടക്കും. പുതിയ കാലത്തിന്റെ പോരാട്ടങ്ങളുടെ നിയോഗമേറ്റെടുത്ത് പ്രതിനിധികള്‍ പ്രതിജ്ഞ ചെയ്യുന്നതാണ് ചടങ്ങിന്റെ മുഖ്യ ആകര്‍ഷണം. തമിഴ്, മലയാളം, ഉറുദു, ഹിന്ദി, ഇംഗ്ലീഷ്, കന്നട, തെലുങ്ക്, മറാഠി, ബംഗാളി തുടങ്ങിയ ഭാഷകളില്‍ പ്രതിജ്ഞ നടക്കും. തുടര്‍ന്ന് വൈകിട്ട് ഓള്‍ഡ് മഹാബലിപുരം റോഡിലെ വൈ എം സി എ സ്റ്റേഡിയത്തില്‍ സജ്ജമാക്കിയ ഖാഇദെ മില്ലത്ത് നഗറില്‍  മഹാറാലി നടക്കും. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ റാലിയില്‍ മുഖ്യാതിഥിയാകും. തമിഴ് നാട്ടിലെ വാളന്റിയര്‍മാര്‍ അണിനിരക്കുന്ന ഗ്രീന്‍ഗാര്‍ഡ് പരേഡിനും സമ്മേളന നഗരി സാക്ഷിയാകും.

 

Latest News