കൊച്ചി- എറണാകുളം ജില്ലാ കലക്ടറായി എൻ.എസ്.കെ ഉമേഷ് ചുമതലയേറ്റു. രാവിലെ 9.45 ന് കലക്ടറേറ്റിലെത്തിയ പുതിയ ജില്ലാ കലക്ടറെ എ.ഡി.എം എസ്. ഷാജഹാന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എല്ലാവരുടെയും കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് ചുമതലയേറ്റ ശേഷം കലക്ടർ പറഞ്ഞു. ബ്രഹ്മപുരത്ത് മുൻ കലക്ടർ ഡോ. രേണു രാജ് തുടങ്ങിവച്ച പ്രവർത്തനങ്ങൾ തുടരും.
ബ്രഹ്മപുരത്തെ പ്രശ്നങ്ങൾ മനസിലാക്കി മാലിന്യനിർമ്മാർജനവുമായി ബന്ധപ്പെട്ട് ദീർഘകാല പരിഹാരത്തിനായി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടീം എറണാകുളമായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കോർപ്പറേഷന്റെയും പൊതുനജനങ്ങളുടെയും സഹകരണത്തോടെ പ്രശ്നം പരിഹരിക്കുമെന്നും കലക്ടർ പറഞ്ഞു.