കോട്ടയം - കെവിന് വധക്കേസില്‍ അന്വേഷണം തുടരുന്നതിനിടെ കോടതിയില്‍ നീനുവിന്റെ പിതാവിന്റെ ഹരജി. തന്റെ മകള്‍ മാനസികരോഗിയാണെന്ന വെളിപ്പെടുത്തലാണ് പിതാവ് ചാക്കോ നടത്തിയിരിക്കുന്നത്.
ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെയാണ് ഹരജി നല്‍കിയത്. അനന്തപുരി ആശുപത്രിയിലാണ് നീനുവിന് ചികിത്സ നടത്തിയിരുന്നതെന്നും ഇപ്പോള്‍ വീട് മാറിയതിനാല്‍ ചികിത്സ മുടങ്ങിയിരിക്കുകയാണെന്നും ഹരജിയില്‍ പറയുന്നു. തുടര്‍ ചികിത്സ നടത്താന്‍ കോടതി ഇടപെടണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു.
അനന്തപുരി ആശുപത്രിയിലെ ഡോ. വൃന്ദയുടെ ചികിത്സയിലായിരുന്നു നീനു. ഇപ്പോള്‍ താന്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായതുകൊണ്ടും മകള്‍ അന്യവീട്ടില്‍ നില്‍ക്കുന്നതുകൊണ്ടുമാണ് തുടര്‍ ചികിത്സ നടത്താന്‍ കഴിയാതെ വന്നിരിക്കുന്നത്. അതുകൊണ്ട് കോടതി ഇടപെട്ട് ഒരു അഭയകേന്ദ്രത്തിലേക്ക് മാറ്റി നീനുവിന് തുടര്‍ ചികിത്സ നല്‍കാനുള്ള സംവിധാനം ഒരുക്കണമെന്നാണ് ചാക്കോയുടെ ഹരജി. കെവിന് വധക്കേസിലെ അഞ്ചാം പ്രതിയാണ് പിതാവ് ചാക്കോ ജോണ്‍. യുവാവിന്റെ കൊലപാതക ഗൂഡാലോചനയില്‍ ചാക്കോയ്ക്കും പങ്കുണ്ടെന്നാണ് പോലീസിന്റെ വാദം. നീനുവിന്റെ സഹോദരന് സ്യാനുവിനൊപ്പമാണ് പിതാവിനെ കണ്ണൂരില്‍ നിന്ന് പിടി കൂടിയത്.
കേസില്‍ അറസ്റ്റ് ഭയന്ന് നീനുവിന്റെ അമ്മ രഹന ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കിയിട്ടുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കേസില്‍ ഇപ്പോള്‍ ഇവര്‍ മുഖ്യ ഘടകമല്ലന്നും തെളിവുകള്‍ ലഭിച്ചാല്‍ മാത്രമേ ഇവരെ ചോദ്യം ചെയ്യേണ്ട സാഹചര്യം പോലുമു ള്ളൂ എന്നുമാണ് അന്വേഷക സംഘത്തിന്റെ നിലപാട്. ഇതിനിടെയാണ് നീനുവിന്റെ അമ്മ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചതും നീനുവിന് മാനസിക രോഗമുണ്ടെന്ന് പിതാവ് ആരോപണം ഉന്നയിച്ചിരിക്കുന്നതും. എന്നാല്‍ കേസ് വഴി തിരിച്ചുവിടാനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് പോലീസിന്റെ നിഗമനം.