മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത സഹോദരന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയ യുവതിയെ കാല്‍ ലക്ഷം രൂപ പിഴയടക്കാനും കോടതി പിരിയും വരെ തടവു ശിക്ഷയും വിധിച്ചു. മഞ്ചേരി കരുവമ്പ്രം മംഗലശ്ശേരി മുസ്ലിയാരകത്ത് മുജീബ് റഹ്മാന്റെ മകള്‍ ലിയാന മഖ്ദൂമ (20)ക്കാണ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് 25,250 രൂപ പിഴയും കോടതി പിരിയുംവരെ തടവും വിധിച്ചത്. 2022 നവംബര്‍ 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മഞ്ചേരി എസ ്‌ഐ ഖമറുസ്സമാനും സംഘവും പട്രോളിംഗ് നടത്തുന്നതിനിടെയാണ് വിദ്യാര്‍ഥി അശ്രദ്ധമായി സ്‌കൂട്ടറോടിച്ച് വരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. കൈകാണിച്ച് നിര്‍ത്തി തിരിച്ചറിയല്‍ രേഖ പരിശോധിച്ചപ്പോള്‍ കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് കണ്ടെത്തി സഹോദരിയുടെ സ്‌കൂട്ടറാണെന്ന് ബോധ്യമായതോടെ ലിയാനക്കെതിരെ കേസെടുക്കുകയായിരുന്നു. ഇന്നലെ കേസ് പരിഗണിച്ച ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എ എം അഷ്‌റഫാണ് ശിക്ഷ വിധിച്ചത്.