ന്യൂദല്‍ഹി- കഞ്ചാവ് ചെടിയുടെ തണ്ടും തോലും കൊണ്ടുണ്ടാക്കുന്ന ലഹരിയുള്ള വസ്തുവാണ് ഉത്തരേന്ത്യയില്‍ പ്രചാരത്തിലുള്ള ഭാംഗ്. ഹോളിദിനത്തില്‍ വടക്കേയിന്ത്യയില്‍ നിരവധി ജനങ്ങള്‍ ഭാംഗ് ചേര്‍ത്ത മിശ്രിതം കുടിക്കാറുണ്ട്. ശിവനുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യമാണ് ഇതിനു പിന്നില്‍. ഭാംഗ് കൊണ്ടുള്ള വിഭവം ഓണ്‍ലൈന്‍ ഭക്ഷണവിതരണ ശൃംഖലയായ സൊമാറ്റോ വഴി ഒരാള്‍ ആവശ്യപ്പെട്ട കാതുക വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ വൈറലായി.
ഭാംഗ് കൊണ്ടുള്ള ഒരു വിഭവമായ ഭാംഗ് കി ഗോലി 14 തവണ സൊമാറ്റോ വഴി ആവശ്യപ്പെട്ടിരിക്കുകയാണ് ഗുഡ്ഗാവ് സ്വദേശിയായ ശുഭം. ഞങ്ങള്‍ ഭാംഗ് കി ഗോലി വിതരണം ചെയ്യുന്നില്ലെന്ന് ആരെങ്കിലും ശുഭത്തിനോട് പറയണേ എന്നാണ് സൊമാറ്റോ ഈ സംഭവത്തെ സൂചിപ്പിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതിന് മറുപടിയായി ദല്‍ഹി പൊലീസ് രസകരമായൊരു കുറിപ്പ് ട്വീറ്റ് ചെയ്തു. ആരെങ്കിലും ശുഭത്തെ കണ്ടാല്‍ ഭാംഗ് ഉപയോഗിച്ച് വാഹനമോടിക്കരുത് എന്ന് പറയണമെന്നാണ് പോലീസിന്റെ കുറിപ്പ്. സൊമാറ്റോയുടെ കുറിപ്പും അതിന് മറുപടിയായി പോലീസ് എഴുതിയതും എന്തായാലും ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
If anyone meets Shubham.... tell him not to drive if he consumes Bhaang. https://t.co/r94hxt5jeL
— Delhi Police (@DelhiPolice) March 7, 2023