തൃശൂർ - വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണിൽ സംസാരിച്ചാൽ കേസെടുക്കാനാവില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ പോലീസ്.
1998ലെ മോട്ടോർ വെഹിക്കിൾ ആക്ട് സെക്ഷൻ 118 നൽകുന്ന അധികാരമുപയോഗിച്ച് 2017 ജൂൺ 17ന് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച മോട്ടോർ വെഹിക്കിൾ (ഡ്രൈവിംഗ്) റഗുലേഷൻ ചട്ടങ്ങൾ 2017 പ്രകാരം വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് കുറ്റകരമാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.
സിഗ്നൽ ലംഘനം, നിരോധിക്കപ്പെട്ട ഹോൺ ഉപയോഗം, ശരിയായ രജിസ്‌ട്രേഷൻ പ്ലേറ്റുകൾ ഇല്ലാതിരിക്കൽ എന്നിവയും കുറ്റകരമാണ്. ആധുനിക കാലത്തെ ഗതാഗത പരിഷ്‌കരണത്തിലും വാഹന ഉപയോഗത്തലെ മാറ്റത്തിനും അനുസരിച്ചാണ് മോട്ടോർ വാഹന ചട്ടങ്ങൾ പരിഷ്‌കരിച്ചിട്ടുള്ളതെന്നും ഇവ എല്ലാവരും കർശനമായി പാലിക്കണമെന്നും ഡിജിപി നിർദേശിച്ചിട്ടുണ്ട്.
മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനം ഓടിച്ചാൽ പോലീസ് ആക്ടിലെ 118 (ഇ) വകുപ്പ് അനുസരിച്ച് ഒരാൾ അറിഞ്ഞുകൊണ്ട് പൊതുജനങ്ങളെയും പൊതു സുരക്ഷയെയും അപകടപ്പെടുത്തുന്ന നടപടിയായി കണക്കാക്കിയാണ് പോലീസ് കേസെടുക്കാറുള്ളത്. ഇത്തരം കേസുകളിൽ 1000 രൂപ പിഴയാണ് പോലീസ് ഈടാക്കിയിരുന്നത്. കുറ്റം ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കുന്നതും പരിഗണിച്ചിരുന്നു.
എന്നാൽ ഇങ്ങനെ ഫോണിൽ സംസാരിക്കുന്നത് പൊതുജനങ്ങളെ അപകടപ്പെടുത്തുന്ന ഒന്നാണെങ്കിൽ മാത്രമേ പോലീസ് നടപടി സാധ്യമാകൂവെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്.
മാത്രമല്ല, നിലവിലെ പോലീസ് ആക്ടിൽ മൊബൈൽ സംസാരം നിരോധിച്ചുകൊണ്ടുള്ള വ്യവസ്ഥയുമില്ലെന്നും ഈ സാഹചര്യത്തിൽ വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോണിൽ സംസാരിക്കുന്ന വ്യക്തിയെ പൊതുജനങ്ങളെ അപകടപ്പെടുത്തുന്ന ഒരാളായി അനുമാനിക്കാൻ കഴിയില്ലെന്നും ഹൈക്കോടതി ഡിവിഷൻ ബഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.
ഇത്തരത്തിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കാൻ അതത് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കണമെന്നും കോടതി ഉത്തരവിൽ പറഞ്ഞിരുന്നു. ഇതിനിടെയാണ് പോലീസിന്റെ പുതിയ സർക്കുലർ വന്നിരിക്കുന്നത്.