റിയാദ് - പുതുതായി നിയമിതരായ മീഡിയ മന്ത്രി സല്‍മാന്‍ അല്‍ദോസരിയും സഹമന്ത്രിയും മന്ത്രിസഭാംഗവുമായ എന്‍ജിനീയര്‍ ഇബ്രാഹിം അല്‍സുല്‍ത്താനും തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനു മുന്നില്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഇസ്‌ലാമിനോടും രാജാവിനോടും രാജ്യത്തോടും കൂറു കാണിക്കുമെന്നും രാഷ്ട്രത്തിന്റെ രഹസ്യങ്ങളൊന്നും പരസ്യപ്പെടുത്തില്ലെന്നും രാജ്യതാല്‍പര്യങ്ങളും നിയമങ്ങളും സംരക്ഷിക്കുമെന്നും സത്യസന്ധമായും വിശ്വസ്തതയോടെയും ആത്മാര്‍ഥതയോടെയും നീതിപൂര്‍വമായും കൃത്യനിര്‍വഹണം നടത്തുമെന്നും അല്ലാഹുവിന്റെ പേരില്‍ ആണയിടുന്നു - എന്ന വാചകം ഉരുവിട്ടാണ് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തത്. റിയാദ് ഇര്‍ഖ കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും സന്നിഹിതായിരുന്നു.