Sorry, you need to enable JavaScript to visit this website.

സ്വതന്ത്രമാവട്ടെ തെരഞ്ഞെടുപ്പ് കമ്മീഷൻ

തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനം സംബന്ധിച്ച സുപ്രീം കോടതി വിധി ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി സംബന്ധിച്ച് പ്രതീക്ഷക്ക് വക നൽകുന്നതാണ്. കമ്മീഷണർമാരുടെ നിയമനം ഭരണത്തിലിരിക്കുന്ന  രാഷ്ട്രീയ കക്ഷി തീരുമാനിക്കുകയെന്നത് അപകടകരമാണെന്നതിൽ സംശയമില്ല. 

 

ഇന്ത്യയിലെ ജനകോടികളുടെ അവസാന ആയുധമാണ് വോട്ടവകാശം. ഓരോ അഞ്ചു വർഷം കൂടുമ്പോഴും സമ്മതിദാനാവകാശം വിനിയോഗിച്ച് ഇഷ്ടമുള്ള ഭരണ സംവിധാനത്തെ തെരഞ്ഞെടുക്കാം. ഇപ്പോഴാണെങ്കിൽ തെരഞ്ഞെടുപ്പ് പ്രക്രിയയെ കുറിച്ച് സാധാരണക്കാർക്കുള്ള ആശങ്കകളും സംശയങ്ങളും പെരുകി വരികയാണ്. ഇലക്ട്രോണിക് വോട്ടിംഗ് സംവിധാനം നിലവിൽ വന്നിട്ട് കുറച്ചു കാലമായി. ഇത് നല്ലതും ശാസ്ത്രീയവുമാണ്. കേരളത്തിലെ എറണാകുളം ലോക്‌സഭ മണ്ഡലത്തിൽ ഇവിഎം ഉപയോഗിച്ച് നടത്തിയ ഉപതെരഞ്ഞെടുപ്പിന്റെ കാര്യം നോക്കാം. ഒന്നു രണ്ടു മണിക്കൂർ കൊണ്ട് ഫലപ്രഖ്യാപനം വന്നു. അതിന് മുമ്പ് അങ്ങനെയായിരുന്നില്ല. എന്നിരുന്നാലും ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ് പല ഘട്ടങ്ങളിലായി നടത്തുമ്പോൾ ഫലപ്രഖ്യാപനം വരാൻ 30 മുതൽ 45 ദിവസം വരെ വേണ്ടിവരുന്നു. ബാലറ്റ് പെട്ടികൾ സൂക്ഷിക്കുന്നിടത്ത് പോലീസ് കാവലുണ്ടെങ്കിലും വടക്കേ ഇന്ത്യയിൽ പലേടത്തും പാർട്ടിക്കാരും കാവലിരിക്കുകയെന്ന സാഹചര്യമാണുള്ളത്. ഇത്രയും സുദീർഘ കാലം വോട്ടെണ്ണലിന് കാത്തിരിക്കേണ്ടതുണ്ടോ എന്നതും ചിന്തിക്കേണ്ട വിഷയമാണ്. 
കോൺഗ്രസ്, ബി.ജെ.പി കക്ഷികൾ ഭരിക്കുമ്പോഴൊക്കെ തെരഞ്ഞെടുപ്പ് കമ്മീഷനെന്നത് ഭരിക്കുന്നവരുടെ ഇംഗിതത്തിനൊത്ത് പെരുമാറുന്നവരാണെന്ന് ആക്ഷേപമുണ്ടാവാറുണ്ട്. ദൽഹിക്കൊപ്പം ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പും നടത്തിയത് ആം ആദ്മി പാർട്ടിക്കിട്ട് പണിതതാണെന്ന് സംസാരമുണ്ട്. ലക്ഷദ്വീപിൽ മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി കോടതി വിധി വരുമ്പോഴേക്ക് ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും അടുത്തിടെയാണ്. പഞ്ചാബ് കാഡറിലെ ഐ.എ.എസ് ഉദ്യോഗസ്ഥൻ അരുൺ ഗോയലിനെ നവംബറിൽ ധിറുതി പിടിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത്. രണ്ടു ഘട്ട ഗുജറാത്ത് വോട്ടെടുപ്പിന് തൊട്ടു മുമ്പായിരുന്നു ഈ നിയമനം. ഡിസംബർ വരെ കാലവാധിയുള്ള അദ്ദേഹം വളണ്ടറി റിട്ടയർമെന്റെടുത്താണ് പുതിയ പദവിയിലെത്തിയത്. ഭരണകക്ഷിയിൽ പെട്ട നേതാക്കൾ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചതായി ആക്ഷേപം വന്നാലും നടപടിയെടുക്കാൻ കമ്മീഷന് കഴിയാറില്ലെന്ന പരാതിയും ഉയരാറുണ്ട്. 
1990 ഡിസംബർ മുതൽ ആറ് വർഷം ടി.എൻ. ശേഷൻ ഇലക്ഷൻ കമ്മീഷനായി ഇരുന്ന കാലത്താണ് കമ്മീഷന് ഇത്രയും അധികാരങ്ങളുണ്ടോ എന്നു പോലും ജനങ്ങൾ തിരിച്ചറിഞ്ഞത്. രാഷ്ട്രീയ നേതാക്കൾക്ക് അദ്ദേഹം തലവേദന സൃഷ്ടിച്ചു. ഉത്തരേന്ത്യയിലെ ബൂത്ത് പിടിത്തം പോലുള്ള കലാപരിപാടികൾ നിർത്തിച്ചു. വോട്ടർമാർക്ക് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുകളേർപ്പെടുത്തിയത് എക്കാലത്തും ഓർമിക്കപ്പെടുന്ന പരിഷ്‌കാരമാണ്. 1989 വരെ ഏകാംഗ കമ്മീഷനായിരുന്നുവെങ്കിൽ അത് മൂന്നാംഗങ്ങളുള്ളതാക്കി മാറ്റിയതും ഈ വേളയിലാണ്. മലയാളികൾക്കും ആദ്യമായി പരിഷ്‌കാരം ബോധ്യപ്പെട്ട മുഖ്യമന്ത്രി എ.കെ. ആന്റണി മത്സരിച്ച തിരൂരങ്ങാടി നിയമസഭാ ഉപതെരഞ്ഞെടുപ്പും ശേഷൻ കാലത്തായിരുന്നുവല്ലോ. 
ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർത്ഥികൾ രംഗത്ത് വരുന്നത് പരമാവധി ഒഴിവാക്കാൻ ആരെയും ഭയക്കാതെ സത്യസന്ധമായ നിലപാട് സ്വീകരിക്കുന്ന ഇലക്ഷൻ കമ്മീഷന് കഴിയുമെന്നും അദ്ദേഹം തെളിയിച്ചു. 
ഭരണഘടനയിലെ 324 (2) വകുപ്പനുസരിച്ച് രാഷ്ട്രപതിയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും കമ്മീഷണർമാരെയും നിയമിക്കുന്നത്. പാർലമെന്റ് പാസാക്കുന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണിത്. ഈ രീതി മാറണമെന്ന ആവശ്യം കുറച്ചു കാലമായി ഉയരുന്നുണ്ട്. രാജ്യസഭയിൽ ബിൽ കൊണ്ടുവന്നു. 2015 ൽ ലോ കമ്മീഷൻ  ശുപാർശ നൽകിയിട്ടും ഇതേ വരെ ഫലമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഇക്കഴിഞ്ഞ മാർച്ച് 2 ന് സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച് വിഷയത്തിലിടപെടുന്നത്. ജസ്റ്റിസ് കെ.എം. ജോസഫിന്റെ അധ്യക്ഷതയിലായിരുന്നു അഞ്ചംഗ ബെഞ്ച്. 
തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നത് സംബന്ധിച്ച് ചരിത്ര പ്രാധാന്യമുള്ള സുപ്രധാന ഉത്തരവായിരുന്നു  സുപ്രീം കോടതിയുടേത്. പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവർ ചേർന്ന ഒരു സമിതിയാകണം തെരഞ്ഞെടുപ്പ് കമ്മീഷനെ നിയോഗിക്കേണ്ടത് എന്നാണ് ഉത്തരവ്.
തെരഞ്ഞെടുപ്പ് കമ്മീഷനെയും അംഗങ്ങളെയും നിയമിക്കുന്നത് രാഷ്ട്രപതിയാകും. മേൽപറഞ്ഞ മൂന്നംഗ സമിതി ചർച്ച ചെയ്ത് നൽകുന്ന ഉപദേശത്തിന്റെ അടിസ്ഥാനത്തിലാകും നിയമനമെന്നും ഉത്തരവിൽ പറയുന്നു. സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് ഐകകണ്ഠ്യേനയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതൊരു നല്ല മാറ്റമാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളുടെയും അധ്യക്ഷന്റെയും നിയമനം കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് ഏകപക്ഷീയമായി ചെയ്യാനാവില്ല. സുപ്രീം കോടതിയുടെയും പ്രതിപക്ഷത്തിന്റെയും അഭിപ്രായത്തിനും  ഇക്കാര്യത്തിൽ വിലയുണ്ടാവും.  തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമനത്തിൽ രാഷ്ട്രീയ ഇടപെടൽ നടക്കുന്നു എന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് സുപ്രീം കോടതി സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 
തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ ഇതേ ആവശ്യം കഴിഞ്ഞ 20 വർഷമായി ഉന്നയിച്ചിരുന്നെങ്കിലും ഒന്നും നടന്നിട്ടില്ലെന്നാണ് മുൻ ചീഫ് ഇലക്ഷൻ കമ്മീഷണർ എസ്.വൈ. ഖുറേഷി വിധിയെ സ്വാഗതം ചെയ്ത് പ്രതികരിച്ചത്. ചീഫ് ഇലക്ഷൻ കമ്മീഷണറായി നിയമിക്കപ്പെടുന്ന വ്യക്തിയെ മാറ്റാൻ പാർലമെന്റിനേ അധികാരമുള്ളൂ. ഭരണകക്ഷിയുടെ ഇഷ്ടക്കാരനായ ഒരാൾ ആ സ്ഥാനത്ത് വന്ന് മറ്റു കക്ഷികളോട് പക്ഷപാതപരമായി പെരുമാറുകയും തീരുമാനങ്ങളെടുക്കുകയും ചെയ്താൽ പോലും ഭരണകക്ഷിയുടെ ആനുകൂല്യമുള്ളിടത്തോളം ഒന്നും ചെയ്യാനാകില്ല. അതേസമയം ഇലക്ഷൻ കമ്മീഷൻ അംഗങ്ങളെ ചീഫ് ഇലക്ഷൻ കമ്മീഷണറുടെ ശുപാർശയിൽ സർക്കാരിന് മാറ്റാനും അവകാശമുണ്ട്.  ചീഫ് ഇലക്ഷൻ കമ്മീഷനോട് വിയോജിക്കാനുള്ള അംഗങ്ങളുടെ അധികാരം പോലും പരിമിതമാകുന്നു. 
സുപ്രീം കോടതി ജഡ്ജിമാരെ നിയമിക്കുന്നതിന് കൊളീജിയം സംവിധാനം നിലവിലുണ്ട്. സമാന രീതിയിൽ ഒരു സമിതി വേണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു. ഇക്കാര്യത്തിൽ സമർപ്പിച്ച ഒരു കൂട്ടം ഹരജികൾ പരിഗണിച്ചാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ലോക്സഭയിൽ പ്രതിപക്ഷ നേതാവ് ഇല്ലാത്ത സാഹചര്യം വന്നാൽ സഭയിലെ ഏറ്റവും വലിയ കക്ഷിയുടെ നേതാവായിരിക്കും പ്രതിപക്ഷത്തെ പ്രതിനിധീകരിച്ച് സമിതിയിലുണ്ടാകുക. 
ഏഴു ദശകമായി ഭരണഘടന ശിൽപികളെ വഞ്ചിക്കുന്ന ഏർപ്പാട് സുപ്രീം കോടതി ഇടപെട്ട് നിറുത്തിയത് തെറ്റല്ലെന്ന് മാത്രമല്ല, ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കപ്പെടാനേ ഇടയാക്കൂ. പാർലമെന്റ് പുതിയ നിയമം കൊണ്ടുവരുന്നതു വരെയാണ് കൊളീജിയം രീതി തുടരേണ്ടതെന്ന് സുപ്രീം കോടതി വ്യക്തമാക്കിയ സാഹചര്യത്തിൽ ഈ വിധി പാർലമെന്റിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമായി വ്യാഖ്യാനിക്കുന്നതിൽ അർത്ഥമില്ല. 
തെരഞ്ഞെടുപ്പ് നിഷ്പക്ഷമായി നടത്തുക മാത്രമല്ല കമ്മീഷന്റെ ജോലി. പാർട്ടികളുടെ ഔദ്യോഗിക പദവിയിലും ചിഹ്നങ്ങളിലും മറ്റുമുണ്ടാകുന്ന തർക്കങ്ങളിൽ നിർണായകമായ തീരുമാനമെടുക്കുന്നതും കമ്മീഷനാണ്. തെരഞ്ഞെടുപ്പ് സമയത്ത് കള്ളപ്പണം പിടിച്ചെടുക്കാനുള്ള അധികാരവും കമ്മീഷനുണ്ട്. ഇതൊക്കെ തികച്ചും നിഷ്പക്ഷമായി നടക്കുന്നെന്ന് ജനങ്ങൾക്ക് ബോധ്യമാവുന്ന രീതിയിൽ കമ്മീഷൻ പ്രവർത്തിക്കണമെങ്കിൽ അവരുടെ നിയമന രീതി സുതാര്യവും മെറിറ്റ് അടിസ്ഥാനത്തിലുമായിരിക്കണം. ഉദ്യോഗസ്ഥർക്ക് രാഷ്ട്രീയം പാടില്ലെന്നാണ് ചട്ടമെങ്കിലും ഉന്നത ഉദ്യോഗസ്ഥരിൽ വലിയൊരു പങ്ക് നിലനിൽപിനു വേണ്ടി രാഷ്ട്രീയ കൂറ് പ്രകടിപ്പിക്കുന്നവരായി മാറിക്കഴിഞ്ഞു. വിരമിച്ചതിന് ശേഷം പല സുപ്രധാന പദവികളും ഇവർക്ക് വന്നുചേരുന്നത് ഇത്തരം കൂറിന്റെ ഭാഗമായാണ്. അനുചിതമായ ഈ രീതിയാണ് സുപ്രീം കോടതി ചരിത്രപരമായ ഒരു വിധിയിലൂടെ തിരുത്തിയത്.
തെരഞ്ഞടുപ്പ് കമ്മീഷണർമാരുടെ നിയമനം ഭരണത്തിലിരിക്കുന്ന ഭൂരിപക്ഷമുള്ള രാഷ്ട്രീയ കക്ഷി തീരുമാനിക്കുന്ന രീതി മാറ്റണമെന്നത് നിഷ്പക്ഷമായി കാര്യങ്ങൾ നടക്കണമെന്ന് ആഗ്രഹിച്ചിരുന്ന ജനാധിപത്യവാദികളുടെ ദീർഘകാല ആവശ്യമായിരുന്നു. കേന്ദ്രത്തിലെ ഒരു സർക്കാരും അതിന് തയാറായില്ല. തങ്ങളുടെ പാർട്ടിയോടും മുന്നണിയോടും കൂറുള്ളവർ വേണം ആ സ്ഥാനങ്ങളിൽ വരാനെന്ന് എല്ലാ കക്ഷികളും ആഗ്രഹിച്ചിരുന്നു. അതിനാലാണ് ഇവരുടെ നിയമനം സംബന്ധിച്ച മാറ്റത്തിന് തയാറാകാതിരുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനം സംബന്ധിച്ച സുപ്രീം കോടതി വിധി ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി സംബന്ധിച്ച് പ്രതീക്ഷക്ക് വക നൽകുന്നതാണ്. 

Latest News