ചെന്നൈ : ആയിരങ്ങളെ സാക്ഷി നിര്‍ത്തി 17 യുവതീ-യുവാക്കള്‍ക്ക് പുതിയ ജീവിതം സമ്മാനിച്ചു കൊണ്ടാണ് മുസ്ലീം ലീഗിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായത്. ഓള്‍ ഇന്ത്യ കേരള മുസ്ലീം കള്‍ച്ചറല്‍ സെന്റര്‍ തമിഴ്‌നാട് കമ്മറ്റിയാണ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ സമൂഹ വിവാഹത്തോടെ തുടക്കം കുറിക്കാന്‍ തീരുമാനിച്ചത്. ഇന്ത്യന്‍ യുണിയന്‍ മുസ്ലീം ലീഗ് 75 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി 75 യുവതികളുടെ വിവാഹം നടത്തിക്കൊടുക്കാനാണ് തീരുമാനമെടുത്തിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഇന്ന് 17 വധൂവരന്‍മാരുടെ വിവാഹമാണ് നടത്തിയത്. മുസ്ലീം സമുദായത്തില്‍ നിന്നുള്ള് 13 ഉം ഹിന്ദുസമുദായത്തില്‍ നിന്ന് മൂന്നും ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്ന് ഒന്നും വധൂവരന്‍മാരാണ് മുസ്ലീം ലീഗിന്റെ സമുന്നത നേതാക്കളുടെ സാന്നിധ്യത്തില്‍ വിവാഹിതരായത്. ഓരോ ദമ്പതികള്‍ക്കും 10 ഗ്രാം സ്വര്‍ണ്ണവും ഗൃഹോപകരണങ്ങളും അടക്കം ഒന്നര ലക്ഷത്തോളം രൂപയുടെ സാധനങ്ങളാണ് വിവാഹ സമ്മാനമായി നല്‍കിയത്. വിവാഹത്തിന്റെ ഭാഗമായി 2500 ഓളം പേര്‍ക്ക് ഭക്ഷണവും ഒരുക്കിയിരുന്നു,
മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് സമൂഹ വിവാഹത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. മുസ്ലീം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദര്‍ മൊയ്തീന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.എല്‍.എ
ഇ.ടി മുഹമ്മദ് ബഷീര്‍ എം പി, ഡോ.എം.പി അബ്ദുസമദ് സമദാനി എം. പി, പി.വി അബ്ദുല്‍ വഹാബ് എം.പി, കെ.നവാസ് കനി എം.പി,
കെ പി.എ മജീദ് എം.എല്‍.എ , നജീബ് കാന്തപുരം എം.എല്‍ , പാറക്കല്‍ അബ്ദുല്ല, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, കെ.യു അബ്ദുല്ല, അഷറഫ് വേങ്ങാട്ട്, ടി.കെ അബ്ദുല്‍ നാസര്‍, സി എം അഷറഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
നാളെ കലൈവാണം അരങ്കം ദേശീയപ്രതിനിധി സമ്മേളനത്തിന് സാക്ഷിയാകും. മതേതര ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്ന രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് പ്രതിനിധി സമ്മേളനം വേദിയാകും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് ഇതോടെ തുടക്കമാകും. മതേതര ചേരിയുടെ ശാക്തീകരണവും രാഷ്ട്രീയ പാര്‍ട്ടികളും, രാഷ്ട്ര നിര്‍മ്മാണത്തില്‍ യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍, വനിതകള്‍, തൊഴിലാളികള്‍, കര്‍ഷകര്‍ എന്നിവരുടെ പങ്ക്, ഉത്തരവാദിത്വ രാഷ്ട്രീയത്തിന്റെയും അഭിമാനകരമായ നിലനില്‍പ്പിന്റെയും ഏഴര പതിറ്റാണ്ട് എന്നീ പ്രമേയങ്ങളാണ് പ്രതിനിധി സമ്മേളനം ചര്‍ച്ച ചെയ്യുക.
മാര്‍ച്ച് 10 ന് രാവിലെ ചരിത്രമുറങ്ങുന്ന രാജാജി ഹാളില്‍ മുസ്ലിം ലീഗ് രൂപീകരണത്തിന്റെ പുനരാവിഷ്‌കാര സമ്മേളനം നടക്കും. പുതിയ കാലത്തിന്റെ പോരാട്ടങ്ങളുടെ നിയോഗമേറ്റെടുത്ത് പ്രതിനിധികള്‍ പ്രതിജ്ഞ ചെയ്യുന്നതാണ് ചടങ്ങിന്റെ മുഖ്യ ആകര്‍ഷണം. തമിഴ്, മലയാളം, ഉറുദു, ഹിന്ദി, ഇംഗ്ലീഷ്, കന്നട, തെലുങ്ക്, മറാഠി, ബംഗാളി തുടങ്ങിയ ഭാഷകളില്‍ പ്രതിജ്ഞ നടക്കും. തുടര്‍ന്ന് വൈകിട്ട് ഓള്‍ഡ് മഹാബലിപുരം റോഡിലെ വൈ എം സി എ സ്റ്റേഡിയത്തില്‍ സജ്ജമാക്കിയ ഖാഇദെ മില്ലത്ത് നഗറില്‍ മഹാറാലി നടക്കും. തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ റാലിയില്‍ മുഖ്യാതിഥിയാകും. തമിഴ് നാട്ടിലെ വാളന്റിയര്‍മാര്‍ അണിനിരക്കുന്ന ഗ്രീന്‍ഗാര്‍ഡ് പരേഡിനും സമ്മേളന നഗരി സാക്ഷിയാകും.