ചെന്നൈ- ചരിത്രത്തിന്റെ ഓർമ്മ പറ്റി ഹരിത സാഗരമായി ചെന്നൈ. മുസ്ലിംലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിനായി നിരവധി പ്രതിനിധികൾ എത്തി തുടങ്ങി. സൗദി അടക്കമുള്ള വിദേശരാജ്യങ്ങളിൽനിന്നുളള പ്രതിനിധികളും ചെന്നൈയിലെത്തി. നാളെ (വ്യാഴം) കലൈവാണം അരങ്കം ദേശീയ പ്രതിനിധി സമ്മേളനത്തിന് സാക്ഷിയാകും. ഒരു വർഷം നീണ്ടുനിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ഇതോടെ തുടക്കമാകും. മതേതര ചേരിയുടെ ശാക്തീകരണത്തിന് ഊന്നൽ നൽകുന്ന പ്രവർത്തനങ്ങൾക്ക് സമ്മേളനം രൂപം നൽകും. രാഷ്ട്ര നിർമ്മാണത്തിൽ യുവാക്കൾ, വിദ്യാർത്ഥികൾ, വനിതകൾ, തൊഴിലാളികൾ, കർഷകർ എന്നിവരുടെ പങ്ക്, ഉത്തരവാദിത്വ രാഷ്ട്രീയത്തിന്റെയും അഭിമാനകരമായ നിലനിൽപിന്റെയും ഏഴര പതിറ്റാണ്ട് എന്നീ പ്രമേയങ്ങളാണ് പ്രതിനിധി സമ്മേളനം ചർച്ച ചെയ്യുക.
മാർച്ച് 10ന് രാവിലെ ചരിത്രമുറങ്ങുന്ന രാജാജി ഹാളിൽ മുസ്ലിം ലീഗ് രൂപീകരണത്തിന്റെ പുനരാവിഷ്‌കാര സമ്മേളനം നടക്കും. പുതിയ കാലത്തിന്റെ പോരാട്ടങ്ങളുടെ നിയോഗമേറ്റെടുത്ത് പ്രതിനിധികൾ പ്രതിജ്ഞ ചെയ്യുന്നതാണ് ചടങ്ങിന്റെ മുഖ്യ ആകർഷണം. തമിൾ, മലയാളം, ഉറുദു, ഹിന്ദി, ഇംഗ്ലീഷ്, കന്നട, തെലുങ്ക്, മറാഠി, ബംഗാളി തുടങ്ങിയ ഭാഷകളിൽ പ്രതിജ്ഞ നടക്കും. തുടർന്ന് വൈകിട്ട് ഓൾഡ് മഹാബലിപുരം റോഡിലെ വൈ.എം.സി.എ സ്‌റ്റേഡിയത്തിൽ സജ്ജമാക്കിയ ഖാഇദെ മില്ലത്ത് നഗറിൽ മഹാറാലി നടക്കും. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ റാലിയിൽ മുഖ്യാതിഥിയാകും. തമിഴ്‌നാട്ടിലെ വോളണ്ടിയർമാർ അണിനിരക്കുന്ന ഗ്രീൻഗാർഡ് പരേഡിനും സമ്മേളന നഗരി സാക്ഷിയാകും.സമ്മേളനത്തോടനുബന്ധിച്ചുള്ള സമൂഹവിവാഹം ഇന്ന് നടന്നു. നിരവധി പേര്‍ വിവാഹിതരായി.
മുസ്ലിംലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ഒരുക്കങ്ങൾ പൂർത്തിയായതായി ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പ്രതിനിധി സമ്മേളനത്തിനെത്തുന്ന പ്രതിനിധികളുടെ രജിസ്‌ട്രേഷൻ പൂർത്തിയായി. മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ്, എസ് റ്റി യു, വനിതാ ലീഗ് അടിക്കമുള്ള പോഷക സംഘടനകളുകളുടെ ദേശീയ കമ്മിറ്റികളുടെ കൂടി സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. പ്രവർത്തകരെ ചെന്നൈയിലെത്തിക്കുന്നതിന് വേണ്ടി വാഹനങ്ങൾ ബുക്ക് ചെയ്തിട്ടുണ്ട്. ഉത്തർപ്രദേശ്, ഡൽഹി, മഹാരാഷ്ട്ര, കർണാടക, തെലുങ്കാന, ആന്ധ്രപ്രദേശ്, ഹരിയാന, പശ്ചിമ ബംഗാൾ, പോണ്ടിച്ചേരി, പഞ്ചാബ്, ജാർഖണ്ഡ്, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ ഇന്ന് മുതൽ എത്തിച്ചേരും. മുസ്ലിം ലീഗ് ദേശീയ ഭാരവാഹികൾ, വിവിധ സംസ്ഥാന ഭാരവാഹികൾ യൂത്ത് ലീഗ് അടക്കമുള്ള പോഷക സംഘടനകളുടെ ദേശീയ ഭാരവാഹികളുടെ നേതൃത്വത്തിൽ നിരവധി സബ് കമ്മിറ്റികൾ ഇതിനായി രൂപീകരിച്ചിട്ടുണ്ട്.
ഇന്ത്യൻ രാഷ്ട്രീയത്തിൽ പിന്നിട്ട 75 വർഷക്കാലത്തെ മുസ്ലിം ലീഗ് പ്രവർത്തനം അടയാളപ്പെടുത്തുന്ന പ്രചാരണ പരിപാടികളും ചെന്നൈ സമ്മേളനത്തോടനുബന്ധിച്ച് നടക്കും. ഖാഇദെ മില്ലത്തും സീതി സാഹിബും ബി പോക്കർ സാഹിബും ഉപ്പി സാഹിബും ബാഫഖി തങ്ങളും സി.എച്ചും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും ബനാത്ത് വാലയും ഇബ്രാഹിം സുലൈമാൻ സേട്ടും ഇ അഹമ്മദും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും തുടങ്ങിയ പ്രഗൽഭരായ നേതാക്കൻമാരിലൂടെ കരുത്ത് നേടിയ മുസ്ലിം ലീഗിന്റെ അഭിമാനകരമായ സന്ദേശം വരും തലമുറക്ക് കൈമാറുക എന്നതാണ് പാർട്ടി ദേശീയ കമ്മിറ്റി ലക്ഷ്യംവെക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. മതനിരപേക്ഷ ജനാധിപത്യ നിലപാട് തറയിലുറച്ച് നിന്ന് ന്യൂനപക്ഷാവകാശ സംരക്ഷണത്തിന്റെ മഹിത മാതൃക തീർത്ത മുസ്ലിം ലീഗ് രാഷ്ട്രീയത്തിന് പ്രസക്തിയേറിയിരിക്കുന്നു. ഫാസിസം രാജ്യത്തിന്റെ ആത്മാവിനെ കാർന്ന് തിന്നുന്ന വർത്തമാനകാലത്ത് പാർലമെന്റിലും തെരുവുകളിലും മുസ്ലിം ലീഗ് പോരാട്ടം തുടരുകയാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരായ നിയമ പോരാട്ടത്തിന്റെ മുൻനിരയിലും മുസ്ലിം ലീഗുണ്ട്. 1948 മാർച്ച് 10 ന് ഖാഇദെ മില്ലത്ത് രൂപം കൊടുത്ത രാഷ്ട്രീയത്തെ അഭിമാനത്തോടെ നെഞ്ചേറ്റിയ കേരളത്തിലെ യു തമിൾ നാട്ടിലെയും ന്യൂനപക്ഷ മുസ്ലിം സമൂഹം അഭിമാനകരമായ നേട്ടങ്ങളാണ് സ്വന്തമാക്കിയത്. ഭരണകൂടം ന്യൂനപക്ഷ അവകാശങ്ങളുടെ ഘാതകരമായി മാറുന്ന വർത്തമാനത്തെയും പ്രതിസന്ധികളുടെ വരും കാലത്തെയും ആത്മവിശ്വാസത്തോടെ നേരിടാൻ മുസ്ലിം പിന്നോക്ക ജനവിഭാഗങ്ങളെയും സജജരാക്കുന്നതിനുള്ള ചർച്ചകൾ പ്രതിനിധി സമ്മേളനത്തിലെ വിവിധ സെഷനുകളിൽ നടക്കും.രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, മാധ്യമ, കലാരംഗത്തെ പ്രമുഖർ പങ്കെടുക്കും.ഉത്തരേന്ത്യയിൽ മുസ്ലിം ലീഗ് പ്രവർത്തനം ശക്തമാക്കാനും തദ്ദേശ സ്ഥാപനങ്ങളിലും നിയമ നിർമ്മാണ സഭകളിലും പ്രാതിനിധ്യം ഉണ്ടാക്കാനുമാവശ്യമായ കർമ്മ പദ്ധതി തയ്യാറാക്കും.ഇന്ത്യൻ രാഷ്ട്രീയ ഭൂപടത്തിലേക്ക് കൂടുതൽ കരുത്തോടെ മുന്നേറാൻ പാർട്ടിയെ സജ്ജമാക്കാനുള്ള അവസരമായിട്ടാണ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളെ നേതൃത്വം നോക്കിക്കാണുന്നത്.
ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി, ദേശീയ സീനിയർ വൈസ് പ്രസിഡന്റ് ഡോ എം.പി അബ്ദുസ്സമദ് സമദാനി എം.പി, ദേശീയ അസിസ്റ്റന്റ് സെക്രട്ടറി സി.കെ സുബൈർ, മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രെട്ടറി അഡ്വ വി.കെ ഫൈസൽ ബാബു, എം.എസ്.എഫ് ദേശീയ പ്രസിഡണ്ട് അഹമ്മദ് സാജു തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.