ജിദ്ദ- അൽ ഹിലാൽ ഗോൾ കീപ്പർ മുഹമ്മദ് അൽ ഉവൈസും കൂട്ടുകാരും ഡ്രസിംഗ് റൂമിൽ നടന്ന വാഗ്വാദത്തിന്റെ രഹസ്യം വെളുപ്പെടുത്തി അൽ ഹിലാൽ ക്ലബ് വക്താവ്. കഴിഞ്ഞ ശനിയാഴ്ച അൽ ഫത്ഹ് ക്ലബിനെ നേരിടുന്നതിനു തൊട്ടു മുമ്പ് ഡ്രസിങ്ങ് റൂമിൽ അൽ ഉവൈസും ടീമിന്റെ സാങ്കേതിക വിഭാഗത്തിലെ അംഗങ്ങളും തമ്മിൽ വാഗ്വാദം നടന്നത് മാധ്യമ വാർത്തയായിരുന്നു. മുമ്പ് നടന്ന രണ്ടു മത്സരങ്ങളിലും അബ്ദുല്ല അൽ മഅയൂഫിനു പകരം ടീമിനു വേണ്ടി വല കാത്ത മുഹമ്മദ് അൽ ഉവൈസിനെ മുന്നറിയിപ്പില്ലാതെ അൽഫത്ഹുമായുള്ള കളിയിൽ നിന്ന് ഒഴിവാക്കിയതിൽ പ്രകോപിതനായ അൽ ഉവൈസ് ടീം അംഗങ്ങളോട് തട്ടിക്കയറുകയായിരുന്നുവെന്നതായിരുന്നു പ്രചരിക്കപ്പെട്ടിരുന്നതെങ്കിലും അത്തരത്തിലൊരു അഭിപ്രായ ഭിന്നതയുമില്ലെന്നും ടീം അംഗങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും ഹിലാൽ ക്ലബ് വക്താവ് പറഞ്ഞു. പതിനെട്ടാമത് അൽ റോഷൻ ലീഗ് മത്സരത്തിലെ മാറ്റിവെച്ച കളിയിൽ കഴിഞ്ഞ ശനിയാഴ്ച ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അൽഹിലാൽ പരാജയപ്പെടുകയും ചെയ്തു.