ദുബായ്- യു.എ.ഇയുടെ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽനെയാദി ബഹിരാകാശത്ത്‌നിന്നുള്ള ആദ്യത്തെ സെൽഫി അയച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐ.എസ്.എസ്) എത്തി ഏകദേശം ഒരാഴ്ചയ്ക്ക് ശേഷമാണ് സുൽത്താൻ അൽ നെയാദി ഭൂമിയിലേക്ക് ആദ്യ സെൽഫി അയച്ചത്. മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ ലോഗോയുള്ള നീല ടീഷർട്ട് ധരിച്ച അൽനേയാദി തന്റെ താഴെ നീലയും വെള്ളയും നിറത്തിൽ തിളങ്ങുന്ന ഭൂമിയെ നോക്കി പുഞ്ചിരിക്കുന്നത് കാണാം.
— Sultan AlNeyadi (@Astro_Alneyadi) March 8, 2023
'ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് സല്യൂട്ട്,' അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. 'ഞങ്ങളുടെ മാതൃരാജ്യത്തെയും അതിന്റെ നേതാക്കളെയും ഞാൻ അഭിവാദ്യം ചെയ്യുന്നു. അന്തരിച്ച ഷെയ്ഖ് സായിദിന്റെ അഭിലാഷം ഹൃദയത്തിൽ കൊണ്ടുനടക്കുകയും ഉയർന്ന ലക്ഷ്യങ്ങൾ കൈവരിക്കുകയും ചെയ്ത എല്ലാവരെയും ഞാൻ അഭിവാദ്യം ചെയ്യുന്നു. സ്വപ്നം സാക്ഷാത്കരിച്ചു, ഇപ്പോൾ ഞങ്ങൾ വലിയ സ്വപ്നം കാണുന്നു.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കഴിഞ്ഞ ദിവസം അൽനെയാദി സംസാരിച്ചിരുന്നു. ഇതിന് ഒരു ദിവസത്തിന് ശേഷമാണ് സെൽഫികൾ പോസ്റ്റ് ചെയ്തത്.
50 വർഷങ്ങൾക്ക് മുമ്പ് മരുഭൂമിയിൽനിന്ന് ഒരു കഴിവും ഇല്ലാതെ ഞങ്ങളുടെ യാത്ര ആരംഭിച്ചു. ഇന്ന് നമ്മുടെ പതാക ബഹിരാകാശത്ത് എത്തി ചൊവ്വക്ക് ചുറ്റും പറക്കുന്നുവെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. അൽനേയാദി യുവ ദുബായ് വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്കും ഉത്തരം നൽകിയിരുന്നു.
നാസ, യൂറോപ്യൻ സ്‌പേസ് ഏജൻസി (ഇഎസ്എ), കനേഡിയൻ സ്‌പേസ് ഏജൻസി (സിഎസ്എ), ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസി (ജാക്‌സ), നാഷണൽ സെന്റർ ഫോർ സ്‌പേസ് സ്റ്റഡീസ് (സിഎൻഇഎസ്) എന്നിവയുൾപ്പെടെ വിവിധ ബഹിരാകാശ ഏജൻസികളുമായി സുൽത്താൻ അലനെയാദി ബഹിരാകാശാ ദൗത്യത്തിനിടെ പങ്കാളികളാകും. ശാസ്ത്രീയ ഗവേഷണം നടത്തുന്നതിനു പുറമേ, സുൽത്താൻ 13 തത്സമയ കോളുകളിലും 10 ഹാം റേഡിയോ ആശയവിനിമയങ്ങളിലും ഏർപ്പെടും, കൂടാതെ തന്റെ ആറ് മാസത്തെ താമസത്തിലുടനീളം ഷെഡ്യൂൾ ചെയ്തിരിക്കുന്ന കമ്മ്യൂണിറ്റി ഔട്ട്‌റീച്ച് പ്രോഗ്രാമുകളിൽ പങ്കെടുക്കുകയും ചെയ്യും.