മുംബൈ-ആറ് വര്‍ഷത്തിന് മുന്‍പാണ് അപ്രതീക്ഷീതമായി മോഡി സര്‍ക്കാര്‍ 500, 1000 രൂപയുടെ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ നിരോധിച്ചുകൊണ്ട് പ്രഖ്യാപനം നടത്തിയത്. ഇതിന് പകരമായി പുതിയ 500, 2000 നോട്ടുകള്‍ അവതരിക്കുകയും ചെയ്തു.
നിരോധിച്ച നോട്ടുകള്‍ മാറ്റി പുതിയത് സ്വന്തമാക്കാന്‍ കേന്ദ്രം ജനങ്ങള്‍ക്ക് മാസങ്ങളോളം സമയം അനുവദിച്ചിരുന്നു. കള്ളപ്പണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു മോഡി സര്‍ക്കാര്‍ ഈ കടുത്ത തീരുമാനം എടുത്തത്.
എന്നാല്‍ ഇപ്പോഴും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരോധിച്ച നോട്ടുകള്‍ കണ്ടെത്തുന്നുണ്ട്. ഇതിനൊപ്പം സമൂഹമാധ്യമങ്ങളില്‍ ആര്‍ ബി ഐയുടേതെന്ന പേരില്‍ ഒരു പ്രചരണം നടക്കുന്നുണ്ട്. വിദേശ പൗരന്മാര്‍ക്ക് ഇന്ത്യന്‍ അസാധുവാക്കപ്പെട്ട കറന്‍സി നോട്ടുകള്‍ മാറ്റാനുള്ള സൗകര്യം നീട്ടിയെന്നാണ് ഈ സന്ദേശത്തില്‍ പറയുന്നത്. എന്നാല്‍ ഇത് വ്യാജമായ പ്രചരണമാണെന്നും. ആര്‍ ബി ഐ അത്തരമൊരു സന്ദേശം നല്‍കിയിട്ടില്ലെന്നും സര്‍ക്കാര്‍ നോഡല്‍ ഏജന്‍സിയായ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിക്കുന്നു. വിദേശ പൗരന്മാര്‍ക്കുള്ള ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള സൗകര്യം 2017ല്‍ അവസാനിച്ചിരുന്നു. 2016 നവംബര്‍ 8 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി 500, 1000 രൂപ നോട്ടുകളും അസാധുവാക്കിയതായി പ്രഖ്യാപിച്ചത്.