ന്യൂദല്‍ഹി- മദ്യനയക്കേസില്‍ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകളും, നിയമസഭാ കൗണ്‍സില്‍ അംഗവുമായ കെ. കവിതയെ ചോദ്യം ചെയ്യാനൊരുങ്ങി ഇഡി. നാളെ ദല്‍ഹിയിലെ ഇഡി ഓഫീസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കി.കേസില്‍ ഭാരത് രാഷ്ട്ര സമിതി (ബി ആര്‍ എസ്) നേതാവായ കവിതയെ കഴിഞ്ഞ ഡിസംബര്‍ 12 ന് സിബിഐ ഏഴ് മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു. മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളെക്കുറിച്ച് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിച്ചുവരികയാണ്.
കള്ളപ്പണം വെളുപ്പിക്കലടക്കമുള്ള കുറ്റം ചുമത്തി ഇ ഡി ഇന്നലെ അറസ്റ്റ് ചെയ്ത മലയാളി വ്യവസായി അരുണ്‍ രാമചന്ദ്ര പിള്ള കവിതയുടെ ബിസിനസ് പങ്കാളിയാണ്. അരുണിനെ ദല്‍ഹി റോസ് അവന്യൂ കോടതി ഇന്നലെ ഈ മാസം പതിമൂന്ന് വരെ ഇ ഡി കസ്റ്റഡിയില്‍ വിട്ടിരുന്നു.
ദീര്‍ഘമായ ചോദ്യം ചെയ്യലിനൊടുവിലാണ് ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അരുണിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ ഉടമസ്ഥതയിലുള്ള രണ്ട് കോടിയിലധികം വിലമതിക്കുന്ന ഭൂമി നേരത്തെ കണ്ടുകെട്ടിയിരുന്നു. കേസിലെ പതിനാലാം പ്രതിയാണ് അരുണ്‍ രാമചന്ദ്രന്‍ പിള്ള. ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് കേസിലെ ഒന്നാം പ്രതി. കഴിഞ്ഞ ദിവസം സിസോദിയയെ തീഹാര്‍ ജയിലിലില്‍ വച്ച് ഇ ഡി ആറ് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.അതേസമയം, തെലങ്കാനയില്‍ ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇത് പ്രചാരണത്തില്‍ ശക്തമാക്കാനാണ് ബി ജെ പിയുടെ തീരുമാനമെന്നാണ് സൂചന.