ജാംനഗര്‍- ഗുജറാത്തിലെ ജാംനഗര്‍ വ്യോമസേനാ താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ജാഗ്വാര്‍ യുദ്ധവിമാനം കച്ച് മേഖലയിലെ ഒരു ഗ്രാമത്തില്‍ തകര്‍ന്നു വീണു. വിമാനം പറത്തിയിരുന്ന എയര്‍ കമഡോര്‍ സജ്ഞയ് ചൗഹാന്‍ കൊല്ലപ്പെട്ടു. പതിവു പരിശീലന പറക്കിലിനിടെയാണ് അപകടമുണ്ടായതെന്ന് സേനാ വക്താവ് അറിയിച്ചു. ഇന്ന് രാവിലെ 10.30ഓടെയാണ് അപകടമുണ്ടായത്.
വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ വയലില്‍ ചിതറിക്കിടക്കുകയാണ്. വയലില്‍ മേയുകയായിരുന്ന കാലികള്‍ക്കു മേലാണ് വിമാനം പതിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് വ്യോമസേനയുടെ വിമാനം അപകടത്തില്‍പ്പെടുന്നത്. ഫെബ്രുവരിയില്‍ അസമിലെ മൊജോലിയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് രണ്ടു പൈലറ്റുമാര്‍ കൊല്ലപ്പെട്ടിരുന്നു. മാര്‍ച്ചില്‍ ഒഡീഷയിലെ മയുര്‍ഭുജില്‍ സൈനിക വിമാനം തകര്‍ന്നു വീണ് പൈലററ് പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. ഏപ്രിലില്‍ ഉത്തരാഖണ്ഡിലെ കേദാര്‍നാഥില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണെങ്കിലും യാത്രക്കാരായ ആറു പേരും രക്ഷപ്പെട്ടിരുന്നു.