കോഴിക്കോട്: കൊയിലാണ്ടിക്ക് സമീപം ഓടുന്ന ട്രെയിനില്‍ നിന്ന് സഹയാത്രികനെ തള്ളിയിട്ട് കൊലപ്പെടുത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ശിവഗംഗ സ്വദേശി സോനു മുത്തുവിനെ റെയില്‍വേ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രി മലബാര്‍ എക്‌സ്പ്രസിലാണ് സംഭവം. ട്രെയിനില്‍ വെച്ചുണ്ടായ തര്‍ക്കമാണ് സംഭവത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ട്രെയിന്‍ കോഴിക്കോട് സ്റ്റേഷനിലത്തിയപ്പോള്‍ മറ്റ് യാത്രക്കാരാണ് പ്രതിയെ റെയില്‍വേ പോലീസിന് കൈമാറിയത്. മരിച്ച യുവാവിന് 25 വയസ് പ്രായം തോന്നിക്കും. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് പറഞ്ഞു.കമ്പാര്‍ട്ട്‌മെന്റില്‍ വാതിലിനരികെ സോനുമുത്തുവും കൊല്ലപ്പെട്ടയാളും തമ്മില്‍ സംസാരിച്ചു നില്‍ക്കുന്ന വീഡിയോ പോലീസിന് ലഭിച്ചിട്ടുണ്ട്. മറ്റൊരാള്‍ പകര്‍ത്തിയതാണ് ഈ വീഡിയോ. ഇരുവരും തമ്മില്‍ തര്‍ക്കിക്കുന്നതും വീഡിയോയില്‍ കാണുന്നുണ്ട്.