മിലന്‍- രോഗനിര്‍ണയത്തില്‍ പിഴച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍ രോഗിയുടെ ജനനേന്ദ്രിയം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതായി പരാതി. ഇറ്റലിയിലെ ടസ്‌കാനി മേഖലയിലെ അരെസ്സോ മുനിസിപ്പാലിറ്റിയിലുളള രോഗിയ്ക്കാണ് ദുരനുഭവമുണ്ടായത്. മുപ്പതുകാരനായ ഡോക്ടര്‍ രോഗിക്ക് ട്യൂമര്‍ രോഗമാണെന്ന ഉറപ്പിലാണ് ലിംഗം മുറിച്ചുമാറ്റിയത്. എന്നാല്‍ ഓപ്പറേഷന് ശേഷം വേര്‍പെടുത്തിയ ജനനേന്ദ്രിയ ഭാഗം പരിശോധിച്ചപ്പോഴാണ് ഗുരുതരമായ അസുഖമല്ലെന്ന് കണ്ടെത്തിയത്. മുറിച്ചുമാറ്റാതെ തന്നെ സുഖപ്പെടുത്താവുന്ന രോഗമേ രോഗിക്കുണ്ടായിരുന്നുള്ളു.
തെറ്റായ രോഗനിര്‍ണയത്തെത്തുടര്‍ന്ന് പേരു വെളിപ്പെടുത്താത്ത അറുപതുകാരനെ അരെസ്സോയിലെ സാന്‍ ഡൊണാറ്റോ ആശുപത്രിയില്‍ വച്ച് ശസ്ത്രക്രിയ നടത്തിയത്. സര്‍ജറി നടത്തിയ യൂറോളജിസ്റ്റിനെ ഇറ്റലിയിലെ ഉന്നത ആരോഗ്യ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം രോഗിക്ക് ലിംഗത്തിന്റെ തൊലിപ്പുറത്തായി ഒരുതരം സിഫിലിസ് ഉണ്ടായിരുന്നു, ഇത് മരുന്ന് ഉപയോഗിച്ച് ചികിത്സിക്കാമായിരുന്നെങ്കിലും ഡോക്ടര്‍ കടുംകൈ ചെയ്യുകയായിരുന്നു.സംഭവം വിവാദമായതിന് പിന്നാലെ അറുപതുകാരന്‍ നഷ്ടപരിഹാരം തേടി കേസ് കൊടുത്തിരിക്കുകയാണ്. വരുന്ന മാര്‍ച്ച് 9 ന് കേസ് കോടതി വാദം കേള്‍ക്കും. സാധാരണ ഇത്തരം കേസുകളില്‍ വന്‍തുക നഷ്ടപരിഹാരം അനുവദിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം ഫ്രാന്‍സില്‍ സമാനമായ ഒരു കേസില്‍ ആശുപത്രിയുടെ പിഴവില്‍ ലിംഗം നഷ്ടമായ പുരുഷന് 62,000 യൂറോ നഷ്ടപരിഹാരമായി ലഭിച്ചിരുന്നു.