Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ഏറ്റവുമധികം സംഭാവനകള്‍ നല്‍കിയവരെ ആദരിക്കുന്നു

റിയാദ് - ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇഹ്‌സാന്‍ പ്ലാറ്റോഫോം വഴി ഏറ്റവും കൂടുതല്‍ സംഭാവനകള്‍ നല്‍കിയവരെ നാളെ സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങില്‍ റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ രാജകുമാരന്‍ ആദരിക്കും. ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോം വഴി ലഭിച്ച സംഭാവനകള്‍ ഇതിനകം 48 ലക്ഷത്തിലേറെ പേര്‍ക്ക് പ്രയോജനപ്പെട്ടിട്ടുണ്ട്. പ്ലാറ്റ്‌ഫോം വഴി ഇതുവരെ 300 കോടിയിലേറെ റിയാല്‍ സംഭാവനയായി ലഭിച്ചിട്ടുണ്ട്.
ധനസഹായത്തിനുള്ള വ്യക്തികളുടെ അപേക്ഷകള്‍ പ്ലാറ്റ്‌ഫോം നേരിട്ട് സ്വീകരിക്കില്ല. ഔദ്യോഗിക വകുപ്പുകളുമായും സന്നദ്ധ സംഘടനകളുമായും സഹകരിച്ചാണ് പ്ലാറ്റ്‌ഫോം ധനസഹായ വിതരണം നടത്തുന്നത്. ധനസഹായം ആവശ്യമുള്ളവരെ ഗുണഭോക്താക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്ന പക്ഷം സന്നദ്ധ സംഘടനകളുമായോ ബന്ധപ്പെട്ട ഔദ്യോഗിക വകുപ്പുകളുമായോ ആശയവിനിമയം നടത്തുകയാണ് വേണ്ടത്.
പ്ലാറ്റ്‌ഫോം വഴി ലഭിക്കുന്ന സംഭാവനകളില്‍ 99 ശതമാനവും സൗദി അറേബ്യക്കകത്താണ് ചെലവഴിക്കുന്നത്. ഒരു ശതമാനം സംഭാവനകള്‍ കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ ആന്റ് റിലീഫ് സെന്ററുമായി സഹകരിച്ച് വിദേശങ്ങളില്‍ ചെലവഴിക്കുന്നു. സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്ന കേസുകളുടെ വിശദാംശങ്ങള്‍ ഉദാരമതികള്‍ക്ക് പരിശോധിക്കാന്‍ പ്ലാറ്റ്‌ഫോം അവസരമൊരുക്കുന്നു. ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുടെ മേല്‍നോട്ടത്തിലാണ് സഹായങ്ങള്‍ക്ക് അര്‍ഹമായ കേസുകള്‍ തെരഞ്ഞെടുക്കുന്നത്. സംഭാവനകളുടെ മാനേജ്‌മെന്റ്, സുസ്ഥിരത എന്നിവക്ക് സഹായിക്കുന്ന ഒരു സംയോജിത സാങ്കേതിക പോര്‍ട്ടല്‍ എന്നോണമാണ് ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോം ആരംഭിച്ചിരിക്കുന്നത്. ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോമിലൂടെ സംഭാവനകള്‍ അര്‍ഹരായവരില്‍ എളുപ്പത്തിലും വേഗത്തിലും എത്തുന്നു.
സൗദി അതോറിറ്റി ഫോര്‍ ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനു പുറമെ, ആഭ്യന്തര മന്ത്രാലയം, ധനമന്ത്രാലയം, ആരോഗ്യ മന്ത്രാലയം, സൗദി സെന്‍ട്രല്‍ ബാങ്ക്, വിദ്യാഭ്യാസ മന്ത്രാലയം, മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം, നീതിന്യായ മന്ത്രാലയം, മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രാലയം, ദേശീയ സുരക്ഷാ ഏജന്‍സി, ഡിജിറ്റല്‍ ഗവണ്‍മെന്റ് അതോറിറ്റി എന്നിവ ഉള്‍പ്പെട്ട കമ്മിറ്റിയാണ് ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേല്‍നോട്ടം വഹിക്കുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News