മനില- ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടര്‍ട്ടെയെ പരസ്യമായി ചുംബിച്ച യുവതി വിശദീകരണവുമായി രംഗത്ത്. പ്രസിഡന്റിന്റേയും യുവതിയുടേയും നടപടി വിവാദമായതിനെ തുടര്‍ന്ന് ഫിലിപ്പൈന്‍സിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി തന്നെയാണ് യുവതിയോട് ചുംബനത്തെ കുറിച്ച് വാര്‍ത്ത നല്‍കിയത്.
ഏഴു വര്‍ഷമായി ദക്ഷിണ കൊറിയയില്‍ ജോലി ചെയ്യുന്ന ബിയാ കിമ്മാണ് നായിക. പ്രസിഡന്റിനെ ഇത്രയും അടുത്തുനിന്ന് കാണാനായതില്‍ അതിരറ്റു സന്തോഷിക്കുന്നുവെന്നും അതുവെറുമൊരു ചുംബനം മാത്രമായിരുന്നുവെന്നും അവര്‍ വിശദീകരിച്ചു.
ഗ്രാന്‍ഡ് ഹില്‍ട്ടണ്‍ ഹോട്ടല്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററിലെ പ്രസംഗത്തിനുശേഷം തന്റെ കൈയിലുള്ള പുസ്തകങ്ങള്‍ സമ്മാനിക്കാനായി ബിയാ കിമ്മിനേയും മറ്റൊരു വനിതയേയും പ്രസിഡന്റ് ഡ്യൂട്ടര്‍ട്ടേ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു.
യുവതികള്‍ വേദിയിലെത്തിയപ്പോള്‍ പുസ്തകം വെറുതെ നല്‍കാനാവില്ലെന്നം പകരം ചുംബനം നല്‍കണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു.
സ്റ്റേജിലെത്തിയ രണ്ടാമത്തെ യുവതി ചുംബനം എയര്‍ കിസ്സിലൊതുക്കിയപ്പോള്‍ ബിയ കിം പ്രസിഡന്റിന്റെ ചുണ്ടില്‍തന്നെ അമര്‍ത്തി ചുംബിച്ചു. ഇതാണ് സാമൂഹിക മാധ്യമങ്ങള്‍ വലിയ വിഷയമാക്കിയത്. യുവതിയുടെ നടപടി ഞെട്ടിച്ചുവെന്നാണ് പലരും പ്രതികരിച്ചത്.
അത് വല്ലാത്തൊരു നിമിഷമായിരുന്നുവെന്നാണ് ഔദ്യോഗിക ഫിലിപ്പൈന്‍ ന്യൂസ് ഏജന്‍സി (പി.എന്‍.എ) പുറത്തുവിട്ട വിഡിയോയില്‍ ബിയ കിം പറയുന്നത്.
അതു വിശദീകരിക്കാനാവുന്നില്ല. നല്ല പേടിയും വിറയലുമുണ്ടായിരുന്നു. പക്ഷെ, ഞാന്‍ അതീവ സന്തോഷത്തിലായിരുന്നു. കാരണം ഇതൊക്കെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നതാണ്. ഫിലിപ്പൈന്‍സില്‍ പോലും പ്രസിഡന്റിന്റെ ഇത്രയടുത്ത് കിട്ടില്ല. സദസ്സിനെ ത്രില്ലടിപ്പിക്കുക മാത്രമേ ഉദ്ദേശിച്ചിരുന്നൂള്ളൂ. പ്രസിഡന്റിനും എനിക്കും അത് ഒന്നുമായിരുന്നില്ല- ബിയാ കിം പറഞ്ഞു.
പ്രസിഡന്റിനെ ചുംബിച്ച യുവതിയുടെ ഇന്റര്‍വ്യൂ സംപ്രേഷണം ചെയ്ത് ഫിലിപ്പൈന്‍സ് വാര്‍ത്താ ഏജന്‍സി തങ്ങളുടെ ദൗത്യം നിറവേറ്റിയെങ്കിലും സമൂഹ മാധ്യമങ്ങളിലെ ഉപയോക്താക്കള്‍ വിവാദം അവസാനിപ്പിച്ചിട്ടില്ല.
പി.എന്‍.എ അഭിമുഖം വിവാദമേല്‍പിച്ച ആഘാതം കുറയ്ക്കാനുള്ള ശ്രമം മാത്രമാണന്നാണ് നടി അഗോട്ട് ഇസിഡ്രോ ട്വിറ്ററില്‍ പറഞ്ഞു. പ്രസിഡന്റിന്റെ പെരുമാറ്റത്തിനെതിരെ ധാരാളം സ്ത്രീകളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രതികരിക്കുന്നത്.