കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ച യുവമോര്‍ച്ച വനിതാ നേതാവിനെ പുരുഷ പോലീസ് കൈയേറ്റം ചെയ്ത സംഭവത്തെക്കുറിച്ച് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ കേരളത്തിലെത്തി നേരിട്ട് അന്വേഷിക്കും. ഇതുമായി ബന്ധപ്പെട്ട് കേരളത്തിലെത്തുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ മഹിളാ മോര്‍ച്ച നേതാക്കളെ അറിയിച്ചു.
'മാര്‍ച്ച് ഒമ്പതിന് കേരളത്തിലെത്തും. ഈ കാര്യം ഏറ്റെടുക്കും' - വിഷയം ചൂണ്ടിക്കാട്ടിയ മഹിളാ മോര്‍ച്ച നേതാക്കളുടെ ട്വീറ്റിന് മറുപടിയായിട്ടാണ് രേഖ ശര്‍മ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം കോഴിക്കോട് മുണ്ടിക്കല്‍താഴം ജംഗ്ഷനില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ച യുവമോര്‍ച്ച ജില്ലാ കമ്മിറ്റി അംഗം വിസ്മയ പിലാശ്ശേരിയെ ആണ് പുരുഷ പൊലീസുകാരന്‍ തടഞ്ഞത്. കരിങ്കൊടിയുമായി മുഖ്യമന്ത്രിയുടെ കാറിന് നേരെ പാഞ്ഞടുത്ത വിസ്മയയെ തടയാന്‍ വനിതാ പോലീസുകാരുണ്ടായിരുന്നില്ല. ഒടുവില്‍ ഒരു പുരുഷ പോലീസ് ഉദ്യോഗസ്ഥന്‍ ഇവരെ വട്ടമിട്ട് തടയുകയായിരുന്നു. ഇതിന്റെ ഫോട്ടോ മാധ്യമങ്ങളില്‍ വന്നതോടെയാണ് ബി.ജെ.പിയുടെ വനിതാ വിഭാഗമായ മഹിളാ മോര്‍ച്ച കേന്ദ്ര വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയത്.