Sorry, you need to enable JavaScript to visit this website.

ഷൂട്ടിംഗ് സെറ്റില്‍ അപകടം; സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാന്റെ മകന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മുംബൈ : സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാന്റെ മകന്‍ എ.ആര്‍. അമീന് ഷൂട്ടിംഗ് സെറ്റിലെ അപകടത്തില്‍ ജീവന്‍ തിരിച്ചു കിട്ടിയത് തലനാരിഴയ്ക്ക്. ആല്‍ബം ചിത്രീകരണവേളയില്‍ ഗാനമാലപിക്കവെ വേദിക്കു മുകളില്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ അലങ്കാരദീപം പൊട്ടിവീഴുകയായിരുന്നു. ക്രെയിനില്‍ തൂക്കിയിട്ടിരുന്ന അലങ്കാരദീപങ്ങള്‍ ഒന്നടങ്കം വേദിയിലേക്കു തകര്‍ന്നുവീണു. ഈ സമയം വേദിയുടെ നടുക്കു നില്‍ക്കുകയായിരുന്നു അമീന്‍. മുംബൈ ഫിലിം സിറ്റിയിലാണ് അപകടം നടന്നത്. ഭയാനകമായ സംഭവത്തിന്റെ മുമ്പും ശേഷവുമുള്ള ഫോട്ടോകള്‍ അമീന്‍ പങ്കുവെക്കുകയും എന്താണ് സംഭവിച്ചതെന്ന് വിവരിക്കുകയും ചെയ്തു.

അപകടത്തെക്കുറിച്ച് അമീന്റെ കുറിപ്പ്:

''ഇപ്പോള്‍ ഞാന്‍ സുരക്ഷിതനായി, ജീവനോടെയിരിക്കുന്നതില്‍ സര്‍വ്വശക്തനും, എന്റെ മാതാപിതാക്കള്‍, കുടുംബം, അഭ്യുദയകാംക്ഷികള്‍, എന്റെ ആത്മീയ ഗുരു എന്നിവരോടും ഞാന്‍ നന്ദി അറിയിക്കുന്നു. മൂന്ന് ദിവസം മുമ്പ്, ഞാന്‍ ഒരു ഗാനത്തിന്റെ ഷൂട്ടിംഗ് നടത്തുകയായിരുന്നു. ക്യാമറയ്ക്ക് മുന്നില്‍ പെര്‍ഫോം ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ എഞ്ചിനീയറിംഗും സുരക്ഷയും ടീം ശ്രദ്ധിച്ചിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിച്ചു.
ഒരു ക്രെയിനില്‍ തൂക്കി നിര്‍ത്തിയിരുന്ന തൂക്കുവിളക്കുകള്‍ ഞാന്‍ നില്‍ക്കെ തകര്‍ന്നുവീണു. കുറച്ച് ഇഞ്ച് അവിടെയും ഇവിടെയും മാറിയെങ്കില്‍, കുറച്ച് നിമിഷങ്ങള്‍ക്ക് മുമ്പോ ശേഷമോ, റിഗ്ഗ് മുഴുവന്‍ ഞങ്ങളുടെ തലയില്‍ വീഴുമായിരുന്നു. ഞാനും എന്റെ ടീമും ഞെട്ടിപ്പോയി, ആഘാതത്തില്‍ നിന്ന് കരകയറാന്‍ സാധിക്കുന്നില്ല.- അമീന്‍ കുറിച്ചു.

സംഭവത്തെക്കുറിച്ച് എ. ആര്‍ റഹാമാനും പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്. അത്ഭുതകരമായാണ് മകന്‍ രക്ഷപ്പെട്ടതെന്നും കുടുംബമാകെ ഞെട്ടി വിറച്ചു പോയെന്നും റഹ്മാന്‍ പറഞ്ഞു.  ഫിലിം നിര്‍മ്മാണ കമ്പനി ആവശ്യമായ സുരക്ഷാ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നില്ലെന്നും റഹ്മാന്‍ കുറ്റപ്പെടുത്തി.

Latest News