Sorry, you need to enable JavaScript to visit this website.

സിസോദിയ 20-വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ, തിഹാർ ജയിലിലേക്ക് മാറ്റി

ന്യൂദൽഹി- മദ്യനയ കേസിൽ അറസ്റ്റിലായ ദൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പ്രത്യേക കോടതി മാർച്ച് 20 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സിസോദിയയെ തിഹാർ ജയിലിലേക്ക് മാറ്റും. സി.ബി.ഐ കസ്റ്റഡി അവസാനിച്ചതിന് പിന്നാലെ ഇന്ന് ഉച്ചയോടെയാണ് സിസോദിയയെ പ്രത്യേക കോടതിയിൽ ഹാജരാക്കിയത്. അറസ്റ്റിനെ തുടർന്ന് നേരത്തെ സിസോദിയയെ അഞ്ച് ദിവസത്തേക്ക് സി.ബി.ഐ കസ്റ്റഡിയിൽ വിട്ടിരുന്നു. ശനിയാഴ്ച പ്രത്യേക ജഡ്ജി എം.കെ നാഗ്പാൽ കേന്ദ്ര ഏജൻസിക്ക് രണ്ട് ദിവസത്തേക്ക് കൂടി കസ്റ്റഡി അനുവദിച്ചു. സിസോദിയയുടെ പാർട്ടി വീണ്ടും ജാമ്യത്തിന് അപേക്ഷ നൽകിയിട്ടുണ്ടെന്നും ഇത് വെള്ളിയാഴ്ച പരിഗണിക്കുമെന്നും കോടതി അറിയിച്ചു. കൂടുതൽ കസ്റ്റഡി ആവശ്യപ്പെട്ടേക്കില്ലെന്ന് സിബിഐ വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു.
തന്നോട് ഒരേ ചോദ്യങ്ങൾ തന്നെ വീണ്ടും വീണ്ടും ചോദിക്കുന്നുണ്ടെന്നും അത് തന്നെ മാനസികമായി ഉപദ്രവിക്കുകയാണെന്നും 51 കാരനായ സിസോദിയ ജാമ്യാപേക്ഷയിൽ പറയുന്നു. കേസിലെ എല്ലാ വീണ്ടെടുപ്പുകളും നടത്തിയതിനാൽ അദ്ദേഹത്തെ കസ്റ്റഡിയിൽ സൂക്ഷിക്കുന്നത് 'ഫലപ്രദമായ ലക്ഷ്യത്തിന് കാരണമാകില്ല' എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു. അന്വേഷണം പൂർത്തിയാക്കാനുള്ള ഏജൻസിയുടെ കാര്യക്ഷമതയില്ലായ്മ റിമാന്റിന് കാരണമാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കൽ ചോദിച്ച് ചോദ്യങ്ങൾ വീണ്ടും ചോദിക്കരുതെന്നും പുതിയ എന്തെങ്കിലും ഉണ്ടെങ്കിൽ അദ്ദേഹത്തോട് ചോദിക്കൂവെന്നും ജഡ്ജി നാഗ്പാൽ പറഞ്ഞു. അതേസമയം, ചോദ്യം ചെയ്യലിൽ സിസോദിയ നിസ്സഹകരിക്കുകയാണെന്നും ഉത്തരം പറയാതെ ഒളിച്ചോടുകയും ചെയ്തതായി സി.ബി.ഐ വ്യക്തമാക്കി. 


    കഴിഞ്ഞ 28ന് വൈകിട്ടാണ് ദൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ സിസോദിയ ദൽഹി ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. തുടർന്ന് എഫ്.ഐ.ആർ റദ്ദാക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കോടതി ഹർജി തള്ളിയിരുന്നു. ഹൈക്കോടതിയെ സമീപിക്കാതെ, സുപ്രീംകോടതിയെ സമീപിച്ചത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.
    2021ൽ ആംആദ്മി പാർട്ടി സർക്കാർ ദൽഹിയിൽ കൊണ്ടുവന്ന പുതിയ മദ്യനയമാണ് കേസിനു വഴിയൊരുക്കിയത്. പുലർച്ചെ മൂന്ന് മണിവരെ കടകൾ തുറക്കാം, മദ്യത്തിന്റെ ഹോം ഡെലിവറി തുടങ്ങി നിരവധി നയമാറ്റങ്ങൾ പുതിയ മദ്യനയത്തിലുണ്ടായിരുന്നു. വ്യാജമദ്യം ഇല്ലാത്താക്കുക, കരിഞ്ചന്ത ഒഴിവാക്കുക ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യം ഒരുക്കുക വരുമാനം വർധിപ്പിക്കുക എന്നിവയായിരുന്നു സർക്കാരിന്റെ ലക്ഷ്യം. 
    എന്നാൽ സർക്കാർ പൂർണമായും പിൻമാറി സ്വകാര്യ മേഖലയെ സഹായിക്കുന്ന മദ്യനയം, കോഴവാങ്ങി നടപ്പാക്കിയതെന്ന് ആരോപണം ഉയർന്നു. മദ്യനയത്തിൽ ക്രമക്കേടുകളുണ്ടെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ ലഫ്. ഗവർണർ വി.കെ സക്‌സേനയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പിന്നാലെ മദ്യനയം പിൻവലിച്ചിരുന്നു. പുതിയ മദ്യനയം എങ്ങനെ തയ്യാറാക്കി, ആരാണ് ഒപ്പിട്ടത്, മദ്യനയവുമായി ബന്ധപ്പെട്ട തീരുമാനത്തിലേക്ക് നയിച്ച ചർച്ചകൾ എന്നിവയെ കുറിച്ച് വിശദമാക്കുന്ന രേഖകളൊന്നും കാണാനില്ലെന്നാണ് സി.ബി.ഐ വാദിക്കുന്നത്.
 

Latest News