ദാര്‍ഫുര്‍- പടിഞ്ഞാറന്‍ സുഡാനിലെ ദാര്‍ഫുറില്‍ ഭൂമിക്കടിയില്‍നിന്ന് ഉയര്‍ന്ന് അഗ്നിനാളങ്ങളില്‍ നൂറുകണക്കിന് വീടുകള്‍ കത്തിച്ചാമ്പലായി.
അപൂര്‍വ സംഭവമുണ്ടായ ഗ്രാമത്തിലും അയല്‍ ഗ്രാമങ്ങളിലും മൂന്ന് ലക്ഷത്തോളം ആളുകളെ ഇത് പരിഭ്രാന്തരാക്കിയിരിക്കയാണ്.
വടക്കന്‍ ദാര്‍ഫുര്‍ സംസ്ഥാനത്തിന്റെ തലസ്ഥാനമായ എല്‍ ഫാഷറിന് സമീപമുള്ള ഇയാല്‍ അമിന്‍ ഗ്രാമത്തിലെ 75 വീടുകള്‍ തീപിടിത്തത്തില്‍ നശിച്ചതായി സുഡാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വക്താവ് സ്ഥിരീകരിച്ചു.
ഈ തീപിടിത്തങ്ങളുടെ ചില കാരണങ്ങള്‍ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടെന്ന് എന്‍വയോണ്‍മെന്റല്‍ കെയര്‍ ആന്‍ഡ് സസ്‌റ്റൈനബിലിറ്റി കണ്‍സള്‍ട്ടന്റ് ഈസ അബ്ദുല്ല ത്തീഫ് പറഞ്ഞു. ഭൂഗര്‍ഭത്തിലുള്ള മീഥേന്‍ വാതകത്തിന്റെ സാന്നിധ്യം മൂലമാണ് ഇത്തരം പ്രതിഭാസങ്ങള്‍ ഉണ്ടാകുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. തീവ്രമായ ചൂട് തുടരുമ്പോള്‍ കത്തിക്കുന്ന ജൈവ മാലിന്യങ്ങളും കാരണമാകാം. യഥാര്‍ത്ഥ കാരണം കണ്ടെത്തുന്നതിന് ലാബില്‍ മണ്ണ് പരിശോധന നടത്തണമെന്നും പഠിക്കാന്‍ പ്രത്യേക സംഘത്തെ അയക്കണമെന്നും അദ്ദേഹം പറഞ്ഞു.
പാറകള്‍ ചൂടാകുന്നതും മണ്ണിന്റെ പ്രത്യേകതയും
കാരണമാകാമെന്നാണ് ജിയോളജിക്കല്‍ എഞ്ചിനീയര്‍ അബ്ദുല്‍ഷാഫി ആദം പറയുന്നത്. ഫോസ്ഫറസ്, മീഥെയ്ന്‍ വാതകങ്ങളുമായും പാരിസ്ഥിതിക മാലിന്യങ്ങളുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഭൂമിശാസ്ത്രപരമായ ഘടകങ്ങള്‍ പ്രത്യേകം പഠിക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)