കണ്ണൂർ - കശുമാവിൻ തോട്ടത്തിലെ തീ വീട്ടിലേക്ക് പടരുന്നത് കണ്ട് ബോധം കെട്ട് തീയിലേക്ക് വീണ് പോള്ളലേറ്റ വീട്ടമ്മ മരിച്ചു. കേളകം കൊട്ടിയൂർ ചപ്പമലയിലെ കരിമ്പനോലിൽ പൊന്നമ്മ കുട്ടപ്പൻ (60) ആണ് മരിച്ചത്.
കരിയിലകൾ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ അബദ്ധത്തിൽ തീ പടരുകയായിരുന്നു. തീയിട്ട ശേഷമുണ്ടായ കാറ്റിൽ തീ വീടിന്റെ സമീപത്തേക്ക് പടരുന്നത് കണ്ട വീട്ടമ്മ തീയിലേക്ക് വീഴുകയായിരുന്നു.
ഇവരുടെ കരച്ചിൽ കേട്ട് നാട്ടുകാർ ഓടിയെത്തി ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഗ്നിരക്ഷാസേനയാണ് തീ അണച്ചത്. കുറച്ചുദിവസങ്ങളായി ഈ മേഖലയിൽ തീ പിടുത്തം വ്യാപകമാണ്. ഇത് ഭയന്നാണ് കരിയിലകൾ കൂട്ടിയിട്ട് തീയിട്ടത്. ഇന്ന് രാവിലെ 11-ഓടെയാണ് സംഭവം. മൃതദേഹം പേരാവൂർ താലൂക്ക് ആശുപത്രിയിൽ.