മുംബൈ-ഒരു കുട്ടിക്ക് മെഡിസിന് പ്രവേശനം ലഭിച്ചാല്‍ വീട്ടുകാരുടെ ആഹ്ലാദത്തിന് അതിരുണ്ടാവില്ല. എന്നാല്‍ അത് കെടുത്തുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ കേള്‍ക്കുന്നതത്രയും. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ജീവനൊടുക്കുന്നത് സര്‍വ സാധാരണമായിരിക്കുന്നു. ഇന്ത്യയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 119 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ആത്മഹത്യചെയ്തതായി ദേശീയ മെഡിക്കല്‍ കമ്മിഷന്‍ (എന്‍.എം.സി.) വെളിപ്പെടുത്തി. ഇതില്‍ 64 പേര്‍ എം.ബി.ബി.എസ്. വിദ്യാര്‍ഥികളും 55 പേര്‍ പി.ജി. ഡോക്ടര്‍മാരുമാണ്. 1166 വിദ്യാര്‍ഥികള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചതായും സാമൂഹിക പ്രവര്‍ത്തകന്‍ വിവേക് പാണ്ഡേ വിവരാവകാശപ്രകാരം നല്‍കിയ ചോദ്യത്തിന് മറുപടിയായി എന്‍.എം.സി. അറിയിച്ചു.
പഠനം ഉപേക്ഷിച്ചവരില്‍ 160 പേര്‍ എം.ബി.ബി.എസ്. വിദ്യാര്‍ഥികളാണ്. മറ്റുള്ളവര്‍ പി.ജി. ഡോക്ടര്‍മാരും. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ആത്മഹത്യ കൂടുന്നത് കണക്കിലെടുത്ത് കോളേജുകളില്‍നിന്ന് രണ്ടുമാസംമുമ്പ് എന്‍.എം.സി. റിപ്പോര്‍ട്ട് തേടിയിരുന്നു. ഒപ്പം മാനസികാരോഗ്യനയം (2014), മാനസികാരോഗ്യ സംരക്ഷണ നിയമം (2017) എന്നിവ അടിസ്ഥാനമാക്കി ജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പാക്കാന്‍ ദേശീയ ആത്മഹത്യപ്രതിരോധ പദ്ധതി സ്ഥാപനങ്ങളില്‍ നടപ്പാക്കണമെന്നും എന്‍.എം.സി. നിര്‍ദേശിച്ചു.
വിദ്യാര്‍ഥികളുടെ പ്രവൃത്തിസമയം, ആഴ്ചതോറുമുള്ള അവധി എന്നിവ സംബന്ധിച്ചുള്ള വിവരങ്ങളും ആരാഞ്ഞിരുന്നു. പി.ജി. ഡോക്ടര്‍മാര്‍ നേരിടുന്ന അധികസമ്മര്‍ദം ഒഴിവാക്കാന്‍ മതിയായ വിശ്രമം ഉറപ്പാക്കല്‍, ആഴ്ചതോറുമുള്ള അവധി, സമ്മര്‍ദം അനുഭവിക്കുന്നവര്‍ക്ക് കൗണ്‍സലിങ്, പ്രശ്നങ്ങള്‍ പങ്കുവെക്കാനും അവ കേള്‍ക്കാനും സ്വകാര്യ വേദിയൊരുക്കുക, യോഗാ സെഷനുകള്‍, അനുകൂലമായ തൊഴിലന്തരീക്ഷം, ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ എന്നിവ ഉറപ്പാക്കണമെന്നും കോളേജുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു.