ന്യൂദൽഹി- മുൻ കാമുകിയുടെ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി അവളുടെ പിതാവിന്റെ ഫോട്ടോ ഉപയോഗിച്ച് അവളുടെ ബന്ധുക്കൾക്ക് അശ്ലീല സന്ദേശങ്ങൾ അയച്ച് പ്രതികാരം ചെയ്ത 21 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
തെക്കുപടിഞ്ഞാറൻ ദൽഹിയിലെ നജഫ്ഗഡ് പ്രദേശത്ത് താമസിക്കുന്ന വിവേക് എന്നയാളാണ് അറസ്റ്റിലായത്.
അജ്ഞാതർ തന്റെ പേരും പിതാവിന്റെ ചിത്രങ്ങളും ഉപയോഗിച്ച് വ്യാജ ഇൻസ്റ്റഗ്രാം പ്രൊഫൈൽ ഉണ്ടാക്കിയെന്ന് യുവതി സൈബർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ വിശകലനത്തിൽ അക്കൗണ്ട് ഉണ്ടാക്കാൻ ഉപയോഗിച്ച മൊബൈൽ നമ്പർ വിവേകിന്റെതാണെന്ന് കണ്ടെത്തുകയായിരുന്നുവെന്ന് ദ്വാരക ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എം ഹർഷ വർധൻ പറഞ്ഞു.പരാതിക്കാരിയും ആരോപണവിധേയനായ യുവാവും നാല് വർഷമായി പ്രണയത്തിലായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. ചില കാരണങ്ങളാൽ ബന്ധം വേർപിരിഞ്ഞ ശേഷമാണ് പ്രതികാരം.
യുവതിയെ അപകീർത്തിപ്പെടുത്തുന്നതിനുമായി ഇയാൾ വ്യാജ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ ഉണ്ടാക്കി പരാതിക്കാരിക്കും ബന്ധുക്കൾക്കും അശ്ലീല സന്ദേശങ്ങൾ അയക്കുകയായിരുനനു. സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും അയക്കാൻ ഉപയോഗിച്ച മൊബൈൽ ഫോൺ ഇയാളിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്.