ന്യൂയോർക്ക്- പറന്നുകൊണ്ടിരിക്കെ വിമാനം ആകാശച്ചുഴിയിൽ വീണ് യാത്രക്കാരൻ മരിച്ചു. അമേരിക്കയിലെ കണക്ടിക്കട്ടിലാണ് സംഭവം. വിമാനത്തിനുള്ളിലെ കുലുക്കം മൂലം യാതക്കാരൻ മരിക്കുന്നത് അത്യപൂർവ്വ സംഭവമാണ്. യാത്രക്കാരൻ മരിച്ചതിനെ തുടർന്ന് വിമാനം പെട്ടെന്ന് തന്നെ അടുത്തുള്ള വിമാനതാവളത്തിൽ ഇറക്കി. മിസ്സോറിയിലെ കാൻസാസ് ആസ്ഥാനമായ കോണെക്‌സോൺ എന്ന കമ്പനിയുടേതാണ് വിമാനം.
ന്യൂഹാംപ്‌ഷെയറിലെ കീനിൽനിന്ന് വെർജീനിയയിലെ ലീസ്ബർഗിലേക്ക് സഞ്ചരിക്കുകയായിരുന്ന സ്വകാര്യവിമാനം ന്യൂ ഇംഗ്ലണ്ടിലെത്തിയപ്പോഴാണ് ആകാശചുഴിയിലേക്ക് വീണത്. ബ്രാഡ്‌ലി വിമാനത്താവളത്തിൽനിന്ന് വെള്ളിയാഴ്ച വൈകുന്നേരം 3.40 ഓടെ മെഡിക്കൽ സഹായം തേടി പോലീസിനെ ബന്ധപ്പെടുകയും ഒരു യാത്രക്കാരനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. വിമാനത്തിനുണ്ടായ തകരാറുകളെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. മരിച്ച വ്യക്തി സീറ്റ് ബെൽറ്റ് ധരിച്ചിരുന്നോ എന്ന വിവരവും അന്വേഷിക്കുന്നുണ്ട്. അന്തരീക്ഷത്തിലെ വായുപ്രവാഹത്തിന്റെ അസ്ഥിരത മൂലമാണ് വിമാനത്തിൽ കുലുക്കമുണ്ടാകുന്നത്.