ന്യൂദല്‍ഹി / ബീജിംഗ് : ഏറ്റവും വലിയ വിപത്താണ് സ്ത്രീധനം. സ്വര്‍ണ്ണവും പണവുമൊക്കെ സ്ത്രീധനമായി നല്‍കി ഒടുവില്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യമാരെ പീഡിപ്പിക്കുന്ന നിരവധി വാര്‍ത്തകള്‍ കേരളത്തില്‍ നിന്നടക്കം ഇന്ത്യയില്‍ എല്ലായിടത്തു നിന്നും നിത്യേനയെന്നോണം റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. സ്ത്രീധന പീഡനത്തിന്റെ കാര്യത്തില്‍ സാക്ഷര കേരളം മുന്‍പന്തിയിലാണ് താനും. സ്ത്രീധനത്തിന്റെ പേരില്‍ ആയിരക്കണക്കിന് സ്ത്രീകള്‍ക്കാണ് ജീവിതം ഹോമിക്കേണ്ടി വന്നത്. ഒരു മുളം കയറിലും വിഷക്കുപ്പിയിലും തീയിലുമെല്ലാം ജീവിതം അവസാനിപ്പിക്കേണ്ടി വന്ന സ്ത്രീകളും പെണ്‍കുട്ടികളുമെല്ലാം നിരവധി. സ്ത്രീധനത്തിന്റെ പേരില്‍ അടുത്ത കാലങ്ങളില്‍ കൊല്ലപ്പെട്ട വിസ്മയയും ഉത്രയുമെല്ലാം മലയാളികളുടെ മനസ്സില്‍ ഇപ്പോഴും നീറ്റലാണ്. സ്ത്രീധനം കൊടുക്കാനില്ലാത്തതിന്റെ പേരില്‍ പെണ്‍കുട്ടികളെ വിവാഹം കഴിച്ചയപ്പിക്കാന്‍ നിവൃത്തിയില്ലാതെ മനസ്സുരുകി ജീവിക്കുന്ന നിരവധി മാതാപിതാക്കളുണ്ട്.
സ്ത്രീധനത്തിനെതിരെ സര്‍ക്കാറും വിവിധ സംഘടനകളുമെല്ലാം വ്യാപകമായ ക്യാമ്പയിനുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതെല്ലാം കേരളത്തിലെയും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെയും സ്ഥിതിയാണ്. എന്നാല്‍ തൊട്ടടുത്ത രാജ്യമായ ചൈനയിലെ കാര്യങ്ങള്‍ വ്യത്യസ്ഥമാണ്. ഇവിടെ സ്ത്രീധനമില്ല, മറിച്ച് പുരുഷധനമാണ്. വധു ആവശ്യപ്പെടുന്ന തുക പുരുഷധനമായി നല്‍കിയാല്‍ മാത്രമേ ചൈനയില്‍ വിവാഹത്തിന് പെണ്‍കുട്ടിയും കുടുംബവും സമ്മതിക്കുകയുള്ളൂ. വധു ആവശ്യപ്പെടുന്ന പുരുഷധനം നല്‍കാനില്ലാത്തതിനാല്‍ പതിനായിരക്കണക്കിന് യുവാക്കളാണ് പെണ്ണ് കെട്ടാതെ നടക്കുന്നത്. മുപ്പത് വയസിന് മേല്‍ പ്രായമായിട്ടും വിവാഹം കഴിക്കാത്ത യുവാക്കളുടെ എണ്ണം ചൈനയില്‍ അധിവേഗം വര്‍ധിക്കുകയാണെന്ന് അടുത്തിടെ നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയിരുന്നു. പുരുഷധനം കൊടുക്കാനില്ലാത്തതാണ് ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന് . ഇത് മൂലം ജനസംഖ്യയില്‍ വലിയ തോതില്‍ ഇടിവുണ്ടാകുകയാണ്. ഇക്കാര്യം ഭരണാധികാരികളെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്. പുരുഷധനം നിരുത്സാഹപ്പെടുത്തുന്നതിന് വ്യാപകമായ ക്യാമ്പയിനുകളാണ് സര്‍ക്കാറും സന്നദ്ധ സംഘടനകളും ചൈനയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. വിവാഹം പെണ്‍ വീട്ടുകാര്‍ ധനസമ്പാദന മാര്‍ഗമാക്കുന്നത് തടയുകയാണ് ലക്ഷ്യം. ഏതായായും പുരുഷധനം കൊടുക്കാനില്ലാത്ത ചൈനീസ് യുവാക്കളുടെ കാര്യം കട്ടപ്പൊകയാണ്.