ന്യൂദൽഹി- എംപി ഫണ്ടിൽ തിരിമറി നടത്തിയ കേന്ദ്ര ടെക്‌സ്റ്റൈൽ വകുപ്പു മന്ത്രി സ്മൃതി ഇറാനി കേന്ദ്ര മന്ത്രിസഭയിൽനിന്നു രാജിവെക്കണമെന്ന് കോൺഗ്രസ്. ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാംഗമായ ഇറാനി സംസ്ഥാനത്തെ അനന്ദ് ജില്ലയിലെ മഗ്രാൽ ഗ്രാമം വികസന പ്രവർത്തനങ്ങൾക്കായി ഏറ്റെടുത്തിരുന്നു. ഇവിടെ ടെണ്ടറുകൾ ക്ഷണിക്കാതെ വികസന പ്രവർത്തനങ്ങൾക്കായി എംപി ഫണ്ട് വിനിയോഗിച്ചെന്നാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വം ആരോപിക്കുന്നത്. മാർഗനിർദേശങ്ങൾ മറികടന്നാണ് മന്ത്രി തന്റെ എംപി ഫണ്ട് ഇവിടെ ചെലവഴിച്ചത്. മന്ത്രിയുടെ സ്റ്റാഫും മറ്റ് ഉദ്യോഗസ്ഥരും ഇതിനു കൂട്ടുനിന്നു. എംപി ഫണ്ട് ദുർവിനിയോഗം നടത്തിയെന്നും പണം തട്ടിച്ചുവെന്നുമാണ് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അമിത് ചാവ്ദ ആരോപിക്കുന്നത്.
വിഷയത്തിൽ സംസ്ഥാന കോൺഗ്രസ് നേതൃത്വം കഴിഞ്ഞ വർഷം ഗുജറാത്ത് ഹൈക്കോടതിയിൽ പരാതി നൽകിയിരുന്നു. തുടർന്ന് അന്വേഷണം നടത്തിയ ജില്ലാ ഭരണകൂടം ഗുരുതരമായ ക്രമക്കേട് നടന്നതായി കണ്ടെത്തിയിരുന്നു. ഈ വർഷം ഫെബ്രുവരി രണ്ടിന് ടെണ്ടർ വിളിക്കാതെ ചുമതല ഏൽപ്പിച്ച കരാറുകാരനോട് പണം തിരികെ നൽകണമെന്ന് അനന്ദ് ജില്ലാ കളക്ടർ നിർദേശിച്ചിരുന്നു. 18 ശതമാനം പലിശയോടെ 2.95 കോടി രൂപ സംസ്ഥാന ട്രഷറിയിൽ തിരിച്ചടക്കയ്ക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ഇയാൾ ഇതുവരെ പണം തിരിച്ചടച്ചിട്ടില്ല. ഗുരുതര ക്രമക്കേട് നടത്തിയ മന്ത്രി ഉടൻ രാജിവെക്കണമെന്നും ചാവ്ദ ആവശ്യപ്പെട്ടു.
എന്നാൽ, ഫണ്ട് വിനിയോഗിക്കാൻ അനുമതി നൽകിയത് ബന്ധപ്പെട്ട എംപിയാണെന്നും വികസന പ്രവർത്തനങ്ങൾക്ക് ജില്ലാ ഭരണകൂടം മേൽനോട്ടം വഹിച്ചിട്ടുണ്ടെന്നുമാണ് സംസ്ഥാന ബിജെപി അധ്യക്ഷൻ ജിത്തു വഘാനി പറയുന്നത്.
മന്ത്രിക്കെതിരായ ആരോപണങ്ങളെല്ലാം തന്നെ കോൺഗ്രസ് തെളിവ് സഹിതം ട്വിറ്ററിലൂടെ പുറത്തു വിട്ടിട്ടും വിഷയത്തിൽ പ്രതികരിക്കാൻ മന്ത്രി സ്മൃതി ഇറാനി ഇതുവരെ തയാറായിട്ടില്ല. എംപിഎൽഎഡി പദ്ധതിക്ക് കീഴിൽ 50 ലക്ഷം രൂപയിൽ കൂടുതലുള്ള കരാറുകൾ ഒരു ഗ്രൂപ്പിന് മാത്രമായി നൽകാൻ നിയമമില്ലെന്നിരിക്കെയാണ് സ്മൃതി ഇറാനി തന്റെ അടുപ്പക്കാരായ കോർപ്പറേറ്റുകൾക്ക് കരാർ നൽകിയിരിക്കുന്നത്. ഈ കോർപ്പറേറ്റ് കമ്പനിക്ക് നിരവധി തവണ ഇവർ കരാർ കൈമാറിയിട്ടുണ്ട്. മാത്രമല്ല 2017 ജൂൺ മാസത്തിൽ നടത്തിയ പരിശോധനയിൽ ഇവർ ജോലികൾ സമയബന്ധിതമായി തീർത്തിട്ടുമില്ല. എസ്റ്റിമേറ്റും യഥാർത്ഥ ചെലവും തമ്മിൽ വലിയ അന്തരം കാണുന്നുമുണ്ട്. പല പദ്ധതികളും ഇതുവരെ പൂർത്തിയായിട്ടില്ലെങ്കിലും തുക പൂർണമായും കമ്പനിക്ക് നൽകിയിട്ടുമുണ്ട്.
ഇതുമായി ബന്ധപ്പെട്ട് 2017 ജൂലൈയിൽ ഗുജറാത്ത് ഹൈക്കോടതിയിൽ ഒരു പൊതുതാത്പര്യ ഹർജി താൻ സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 4.8 കോടി രൂപ സ്മൃതി ഇറാനിയുടെ പ്രതിനിധിയായ ശർദ മജൂറിനോട് റീഫണ്ട് ചെയ്യാനും കോടതി ഉത്തരവിട്ടതെന്നും ചവ്ദ പറഞ്ഞു.