Sorry, you need to enable JavaScript to visit this website.

ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ ആറു പേർക്കെതിരേ കേസ്; കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട് - ഫാത്തിമ ഹോസ്പിറ്റലിലെ സീനിയർ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ മർദ്ദിച്ച സംഭവത്തിൽ ആറു പേർക്കെതിരെ പോലീസ് കേസെടുത്തു. നടക്കാവ് പോലീസ് ആണ് കേസെടുത്തത്. അക്രമത്തെ ആരോഗ്യമന്ത്രി വീണാ ജോർജ് അപലപിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യ പ്രവർത്തകർക്കുനേരെ നടക്കുന്ന ആക്രമണങ്ങൾ ഒരുതരത്തിലും വച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. 
 ചികിത്സ വൈകിയെന്നാരോപിച്ചാണ് കഴിഞ്ഞ ദിവസം കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ കാർഡിയോളജിസ്റ്റ് ഡോ. പി.കെ അശോകനെ രോഗിയുടെ കൂടെയുണ്ടായിരുന്നവർ മർദ്ദിച്ചത്. സി.ടി സ്‌കാൻ റിപ്പോർട്ട് ലഭിക്കാൻ വൈകിയെന്നാരോപിച്ചായിരുന്നു മർദ്ദനം. ആശുപത്രി കൗണ്ടറിന്റെ ഗ്ലാസ്സും ചെടി ചട്ടികളും രോഗിയുടെ കൂട്ടിരിപ്പുകാർ തകർത്തിരുന്നു. ആക്രമണത്തിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. സുൽഫി നൂഹു, സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബനവൻ അടക്കം ജില്ലാ-സംസ്ഥാന ഭാരവാഹികൾ രംഗത്തുവന്നു. 
 ഡോക്ടറെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ നാളെ ഡോക്ടർമാർ പണിമുടക്കുമെന്ന് ഐ.എം.എ ഭാരവാഹികൾ അറിയിച്ചു. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയായിരിക്കും പണിമുടക്ക്. അത്യാഹിത വിഭാഗത്തെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
 

Latest News