തൃശൂര്‍- സുരേഷ് ഗോപിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍. തൃശൂരില്‍ നിരവധി ചാരിറ്റി പ്രവര്‍ത്തനവുമായി സുരേഷ് ഗോപി സജീവമായി നില്‍ക്കുന്നതിനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയവേയാണ് എവി ഗോവിന്ദന്‍ കടുത്ത ഭാഷയില്‍ പ്രതികരിച്ചത്. ചാരിറ്റി പ്രവര്‍ത്തനത്തെ രാഷ്ട്രീയമായി കണക്കാക്കേണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.സാമൂഹിക പ്രവര്‍ത്തനം സന്നദ്ധ പ്രവര്‍ത്തനമാണ്. അത് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമല്ല. തൃശൂരില്‍ ബിജെപിയുടെ വോട്ടു ശതമാനം ഗണ്യമായി കുറയുകയാണ്. സാമൂഹിക പ്രവര്‍ത്തനത്തെ രാഷ്ട്രീയമാക്കി മാറ്റാനുള്ള ബിജെപിയുടെ നീക്കം കേരളത്തിലെ ഉത്ബുദ്ധരായ വോട്ടര്‍മാര്‍ക്ക് മനസിലാകും. വോട്ടര്‍മാര്‍ അതിനെ കൈകാര്യം ചെയ്യും. മുന്‍പും അങ്ങനെ ചെയ്തിട്ടുണ്ട്.
ചാരിറ്റിയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് തെറ്റാണ്. അങ്ങനെ ശ്രമിക്കുമ്പോള്‍ അതുപിന്നെ ചാരിറ്റിയല്ല, രാഷ്ട്രീയമാണ്. അതിനെ രാഷ്ട്രീയ പ്രവര്‍ത്തനം എന്നേ പറയാന്‍ പറ്റൂ. തൃശൂരില്‍ 365 ദിവസം ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ചാലും സുരേഷ് ഗോപി ജയിക്കില്ലെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി. ബിജെപി വിരുദ്ധ വോട്ടുകള്‍ ഒന്നിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. അതിന് ഓരോ സംസ്ഥാനവും ഓരോ യൂണിറ്റായെടുത്ത് അവിടത്തെ ബിജെപി വിരുദ്ധ വോട്ടുകള്‍ കേന്ദ്രീകരിച്ച് ആര്‍ക്ക് ജയിക്കാനാകുമോ അവരെ വിജയിപ്പിക്കാന്‍ സിപിഎം ശ്രമിക്കുമെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.