(ചെറുവത്തൂർ) കാസർഗോഡ് - ഓടിക്കൊണ്ടിരിക്കുന്നതിനിടെ ചരക്ക് തീവണ്ടിയുടെ ബോഗികൾ വേർപ്പെട്ടു. കാസർഗോഡ് പിലിക്കോട് ചന്തേരയിൽ മംഗലാപുരം ഭാഗത്തു നിന്നും പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ചരക്ക് വണ്ടിയുടെ ബോഗികളാണ് വേർപ്പെട്ടത്. ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം.
വണ്ടി ചന്തേര റെയിൽവേ സ്റ്റേഷന് സമീപം എത്തിയപ്പോൾ ഏഴാമത്തെ ബോഗിയിൽ നിന്നുള്ള ബന്ധം വേർപ്പെടുകയായിരുന്നു. എൻജിനും ഏഴു ബോഗികളും രണ്ട് കിലോമീറ്റർ അകലെയുള്ള ഉദിനൂരിൽ എത്തിയാണ് നിർത്തിയത്. ശേഷം ട്രെയിൻ പിറകോട്ട് എടുത്ത് ബോഗികൾ കൂട്ടിച്ചേർത്ത് ഒന്നര മണിക്കൂറിലേറെ സമയമെടുത്താണ് യാത്ര പുനരാരംഭിച്ചത്.