മൂന്നാര്‍- കെ എസ് ആര്‍ ടി സിയ്ക്ക് നേരെ വീണ്ടും കാട്ടാന ആക്രമണം. മറയൂര്‍ മൂന്നാര്‍ റോഡിലെ നേമക്കാട് എസ്റ്റേറ്റിന് സമീപത്തായി പടയപ്പ പഴനി തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് ബസ് ആക്രമിക്കുകയായിരുന്നു. ബസിന്റെ സൈഡ് മിറര്‍ ഗ്‌ളാസ് തകര്‍ത്തു. ഈ പ്രദേശത്ത് ആദ്യമായാണ് കാട്ടാനയുടെ ആക്രമണമുണ്ടാവുന്നത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. റോഡില്‍ കാട്ടാന നില്‍ക്കുന്നത് കണ്ടതോടെ ബസ് ഏറെ നേരം നിര്‍ത്തിയിട്ടെങ്കിലും പടയപ്പ ബസിന് നേരെ എത്തി ചില്ല് തകര്‍ക്കുകയായിരുന്നു. കുറച്ചുനേരം കഴിഞ്ഞ് പിന്മാറുകയും ചെയ്തു. അതേസമയം, പടയപ്പ കാട്ടിലേയ്ക്ക് പോയിട്ടില്ലെന്നും നേമക്കാട് പ്രദേശത്തായി തന്നെയുണ്ടെന്നും വനംവകുപ്പ് അറിയിച്ചു. എന്നാല്‍ ജനവാസമേഖലയില്‍ അല്ലെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞയാഴ്ചയിലും മൂന്നാറിലെ ജനവാസ മേഖലയില്‍ പടയപ്പ ഇറങ്ങിയിരുന്നു. രാത്രി പതിനൊന്ന് മണിയോടെ തോട്ടം മേഖലയായ മൂന്നാര്‍ കന്നിമല എസ്റ്റേറ്റിലാണ് പടയപ്പ എത്തിയത്. മേഖലയിലെ കമ്പനിവക ക്വാര്‍ട്ടേഴ്സുകള്‍ക്ക് നേരെ ആന ആക്രമണം നടത്തി. കെട്ടിടങ്ങളുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു. കൃഷിയും നശിച്ചിട്ടുണ്ട്. മേഖലയില്‍ മണിക്കൂറുകളോളം നിലയുറപ്പിച്ച ശേഷം, പുലര്‍ച്ചെയാണ് ആന കാട്ടിലേക്ക് മടങ്ങിയത്.