ബറേലി- അദൃശ്യമായ എന്തോ ഒരു ശക്തിയാണ് മരണത്തിന്റെ കിണറാഴങ്ങളിലേക്ക് രണ്ടു ദിവസം മാത്രം പ്രായമുള്ള ഈ പെൺകുഞ്ഞിനെ തള്ളിവിടാതിരുന്നത്. കൊല്ലാൻ വേണ്ടി ആരോ കിണറ്റിലക്കെറിഞ്ഞ കുഞ്ഞിനെ താങ്ങിനിർത്തിയത് കിണറിലെ കുളവാഴ. കുഞ്ഞിനെ കിടത്തിയ തൊട്ടിൽ മരവാഴയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. അതുവഴി വന്ന ഗ്രാമത്തലവൻ വക്കീർ അഹമ്മദിന്റെ ശ്രദ്ധയിൽ പെട്ട കുഞ്ഞിന് ഒടുവിൽ ജീവിതത്തിലേക്ക് മടക്കയാത്ര. ഉത്തർപ്രദേശിലെ
ബറേലി ജില്ലയിലെ നവാബ്ഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ ഗ്രാമത്തിലാണ് സംഭവം. കുഞ്ഞിന് പരിക്കുകളൊന്നുമില്ല. പ്രദേശത്തെ ശിശു സംരക്ഷണ പ്രവർത്തകർ കുഞ്ഞിനെ ഏറ്റെടുത്തു. കുഞ്ഞിന് ഗംഗ എന്ന പേരിട്ടു. കുഞ്ഞിനെ ജില്ലാ ആശുപത്രിയിലും പരിശോധിച്ചു.
'കൊച്ചു പെൺകുഞ്ഞിനെ ഒരു തുണി കൊണ്ടു പൊതിഞ്ഞ് വെള്ളത്തിലേക്ക് ഇട്ടതായിരുന്നു. എന്നാൽ ഭാഗ്യത്തിന് മുങ്ങിപ്പോയില്ല. സർവ്വശക്തൻ അവളെ രക്ഷിച്ചു-വക്കീൽ അഹമ്മദിന ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ആരാണ് അവളെ വലിച്ചെറിഞ്ഞത് കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. കുഞ്ഞിനെ അന്വേഷിച്ച് ഇതേവരെ ആരും എത്തിയിട്ടില്ല. ബറേലി ഗ്രാമത്തിലെ ചൈൽഡ് ഹോമിലാണ് കുഞ്ഞ് ഇപ്പോൾ കഴിയുന്നത്.