കോഴിക്കോട് - ഡ്രൈവറും കണ്ടക്ടറും ബസ് ട്രാക്കിലിട്ട് ചായ കുടിക്കാൻ പോയപ്പോൾ ബസുമായി യുവാവ് സ്ഥലംവിട്ടു. കോഴിക്കോട് മൊഫ്യൂസ്യൽ ബസ് സ്റ്റാൻഡിൽ ഇന്നലെ വൈകീട്ട് ആറോടെയാണ് സംഭവം. കോഴിക്കോട്-കണ്ണൂർ റൂട്ടിലോടുന്ന ചക്രവർത്തി എന്ന ബസുമായാണ് യുവാവ് കടന്നത്.
ഉടനെ പോലീസിൽ വിവരം അറിയിച്ചതിന് പിന്നാലെ ബസ് പിടികൂടി. അപ്പോഴേക്കും ബസ് രണ്ട് കിലോമീറ്ററിലധികം മുന്നോട്ട് പോയിരുന്നു. ബസ് ഡ്രൈവർ ബസ് സ്റ്റാർട്ടിലിട്ട് കണ്ടക്ടറോടൊപ്പം ചായ കുടിക്കാൻ പോയതായിരുന്നുവെന്നാണ് പറയുന്നത്. തിരിച്ചെത്തിയപ്പോൾ ട്രാക്കിൽ ബസ് ഉണ്ടായിരുന്നില്ല. തുടർന്ന് പരിശോധനയിൽ അപകടകരമായ രീതിയിൽ ബസ് നടക്കാവ് ഭാഗത്തേക്ക് പോയതായി കണ്ടെത്തി. ഉടനെ പിന്നാലെയെത്തി നിർത്താൻ ആവശ്യപ്പെട്ടെങ്കിലും യുവാവ് ബസ് നിർത്തിയില്ലെന്ന് പോലീസ് പറഞ്ഞു. മാഹി സ്വദേശിയായ പ്രവീണിനെ സാഹസികമായി പിടികൂടി ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായ മറുപടിയാണ് ലഭിച്ചത്. മാനസികാസ്വാസ്ഥ്യമുണ്ടെന്ന നിഗമനത്തിൽ ഇയാളെ കുതിരവട്ടം ഗവ. ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു. വലിയൊരു അപകടത്തിൽനിന്ന് നാട് രക്ഷപ്പെട്ടതിലുള്ള സന്തോഷമാണ് വിവരം കേൾക്കുന്നവരെല്ലാം പങ്കുവെക്കുന്നത്.